ലേഖനം: മിശിഹായുടെ മിനിസ്ട്രി റിപ്പോർട്ട് | ജോസ് പ്രകാശ്

 

യോഹന്നാന്റെ സുവിശേഷം 17 അദ്ധ്യായത്തിലെ പ്രധാന വിഷയം യേശുവിന്റെ മഹാപുരോഹിത പ്രാർത്ഥനയാണ്. അവിടുന്ന് സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തി: തനിക്കും, തൻ്റെ ശിഷ്യന്മാർക്കും, എല്ലാ വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിച്ചു. ക്രിസ്തുവിൻ്റെ പ്രാർത്ഥനയിലെ പ്രമേയങ്ങൾ ചിന്തനീയമാണ്. അതിൽ തൻ്റെ പരസ്യശുശ്രൂഷയുടെ വിജയകരമായ പൂർത്തീകരണം എടുത്തു പറയുന്നുണ്ട്. ഈ ദൗത്യ നിർവഹണത്തിൻ്റെ ഉൾക്കാഴ്ച നമ്മുടെ ശുശ്രൂഷയ്ക്ക് കൂടുതൽ ഊർജ്ജം പകരും. വേല (ശുശ്രൂഷ) വിജയകരമായി തികയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു വെല്ലുവിളി കൂടിയാണിത്.

“ഞാൻ വേല തികച്ചു” (യോഹ 17:4) എന്നത്, ക്രിസ്തു വളരെ ചാരുതാർഥ്യത്തോടെ പറയുന്ന വാക്കുകളാണ്. പിതാവ് ഭരമേൽപ്പിച്ച മഹാദൗത്യം താൻ മടികൂടാതെ നിറവേറ്റി. അവിടുന്ന് പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിച്ച് എളിയവരോടു സദ്വർത്തമാനം ഘോഷിച്ചു. പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. സകലവിധദീനവും വ്യാധിയും സൌഖ്യമാക്കി. ഹൃദയം തകർന്നവരുടെ മുറിവുകെട്ടി. തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിച്ചു. ദുഃഖിതന്മാരെ ആശ്വസിപ്പിച്ചു. നന്മചെയ്തു, പിശാചിനാൽ പീഢിപ്പിക്കപ്പെട്ടവരെ സ്വതന്ത്രരാക്കി. ഇങ്ങനെ തന്നെ ഭരമേല്പിച്ച പ്രവൃത്തി പൂർത്തീകരിച്ചു കൊണ്ട് ക്രിസ്തു തൻ്റെ ഭൗമിക ശുശ്രൂഷ ഭംഗിയായി പര്യവസാനിപ്പിച്ചു.

1. ദൈവത്തെ വെളിപ്പെടുത്തി: ഒന്നാമതായി ക്രിസ്തു മറ്റുള്ളവർക്ക് തൻ്റെ പിതാവിനെ കാണിച്ചു കൊടുത്തു. ലോകത്തിൽ നിന്ന് അവിടുന്ന് എനിക്കു നൽകിയിട്ടുള്ളവർക്കു ഞാൻ അവിടുത്തെ നാമം വെളിപ്പെടുത്തി (യോഹ 17:6). നമ്മുടെ ജീവിതത്തിന്റെ മുഖ്യ ലക്ഷ്യം ദൈവത്തെ പരിചയപ്പെടുത്തുക എന്നതാവണം. നമ്മെ സൃഷ്ടിച്ച, സ്നേഹിക്കുന്ന,

ക്ഷമിക്കുന്ന, രക്ഷിക്കുന്ന ദൈവത്തെ എല്ലാവർക്കും കാണിച്ചു കൊടുക്കുക. യേശു കർത്താവിന്റെ നാമം ശ്രേഷ്ഠമാണ്. എല്ലാ നാമത്തിനും മീതേ ഉത്തുംഗമായ നാമമാണ്. ഈ അത്ഭുത നാമത്തെ ഉയർത്തുവാൻ അമാന്തിക്കേണ്ട. യേശുവിനെ ഉയർത്തുന്നതിൽ അഭിമാനിക്കാം. നമ്മുടെ മുമ്പിൽ വരുന്നവർ ആരും യേശുവിനെ അറിയാതെ പോകരുത്.

2. ദൈവവചനം കൊടുത്തു: അവിടുന്ന് എന്നെ ഏൽപ്പിച്ച വചനം ഞാൻ അവർക്കു കൊടുത്തു (യോഹ 17:8).

പിതാവ് ഏല്പിച്ചതിനെ പുത്രൻ കൈമാറ്റം ചെയ്തു. വചനത്തിൽ മായം ചേർക്കുവാൻ പാടില്ല. കർത്താവിൽ നിന്ന് പ്രാപിച്ച് സഭയ്ക്ക് കൊടുക്കുക. അവർ അതു സ്വീകരിക്കും. യേശു രക്ഷകൻ എന്നു സത്യമായും ഗ്രഹിക്കുകയും ദൈവം തന്നെ അയച്ചെന്നു വിശ്വസിക്കുകയും ചെയ്യും. സഭകളിൽ നിർമ്മല വചനം നിത്യം പഠിപ്പിക്കണം. വിശ്വാസത്തിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ അത്യന്താപേക്ഷിതമാണ്.

3. ശിഷ്യന്മാരെ സൂക്ഷിച്ചു: ക്രിസ്തു തൻ്റെ ശിഷ്യന്മാരെ സംരക്ഷിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു (യോഹ 17:12). മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും വരുന്നവനിൽ നിന്നും ജനത്തെ സംരക്ഷിക്കണം. നാം കൂലിക്കാരല്ല, ആടുകളുടെ ഉത്തരവാദിത്വം നമുക്കാണ്. ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിപ്പോകരുത്. ആട്ടിൻപറ്റത്തെ ആക്രമിച്ചു ചിതറിച്ചുകളയുവാൻ ആരെയും അനുവദിക്കരുത്. നമ്മുടെ വിചാരണയിലുള്ള ആട്ടിൻ കൂട്ടത്തിന് നാം കണക്ക് ബോധിപ്പിക്കേണ്ടവരാണ്. ദൈവത്തിന്റെ സഭയ്ക്ക് അജപാലനം ചെയ്യുക. പരിശുദ്ധാത്മാവു നമ്മെ അധ്യക്ഷന്മാരാക്കി വെച്ചിട്ടുള്ള അജഗണത്തെ ഭദ്രമായി സംരക്ഷിക്കണം.

4. ദൈവത്തെ മഹത്വപ്പെടുത്തി: അവർ നമ്മെപ്പോലെ ഒന്നായിരിക്കേണ്ടതിന് അവിടുന്ന് തന്ന മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു (യോഹ 17:22). ഇന്ന് മഹത്വം എടുക്കുവാനുള്ള വ്യഗ്രതയാണ്. ഇന്നത്തെ സഭകളിൽ രണ്ടു വിഭാഗം ശുശ്രൂഷകരുണ്ട്. കർത്താവിനെ മഹത്വപ്പെടുത്തുന്നവരും മഹത്വം എടുക്കുന്നവരും. മഹത്വം ദൈവത്തിന് ഉള്ളതാണ്. അത് സ്വയം എടുക്കുവാൻ പാടില്ല. ദൈവം നമ്മെ സൃഷ്ടിച്ചത് അവിടുത്തെ മഹത്വപ്പെടുത്തുവാൻ വേണ്ടിയാണ്. അനുദിനം ദൈവത്തെ മഹത്വപ്പെടുത്തി നമുക്ക് ജീവിക്കാം.

ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി നമുക്ക് കർത്താവിനെ സേവിക്കാം. വേല തുടങ്ങിയ നമ്മിൽ നിക്ഷിപ്തം ആയിരിക്കുന്ന മഹാദൗത്യം ഭംഗിയായി നിർവഹിക്കാം. യേശു കർത്താവിന്റെ നാമം വെളിപ്പെടുത്തിയും, അവിടുത്തെ വചനം കൈമാറിയും, ലഭിച്ച ആത്മാക്കളെ സൂക്ഷിച്ചും, മഹത്വം മഹോന്നതന് കൊടുത്തും കൊണ്ട് നമുക്കും നമ്മുടെ ശുശ്രൂഷകൾ നിറപടിയായി നിവർത്തിക്കാം. ആത്മാക്കളുടെ ഉടയവൻ അതിനായി ആവോളം ആർജ്ജവം നല്കട്ടെ. ഉത്സാഹത്തോടെ വേല തികയ്ക്കുവാൻ അവിടുന്ന് ആത്മശക്തി പകരട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.