അനുസ്മരണം |ഇവാ. ജോർജ്ജ് പീറ്റർ ചിറ്റൂർ: വിശ്വാസ ജീവിത പടകിലേറി നാഥന്റെ വിശ്രമ ദേശത്തേക്ക് | ഷെല്ലി കുര്യൻ ( ക്രൈസ്തവ ഗായകൻ)

വിശ്വാസ ജീവിത പടകിൽ ഞാൻ
സീയോൻ നഗരിയിൽ പോകുന്നു ഞാൻ
വിശ്വാസനായകനേശുവെ നോക്കി
വിശ്രമ ദേശത്തു പോകുന്നു ഞാൻ…

വിണ്ണിലെൻ വീട്ടിൽ ഞാൻ ചെന്നു ചേരും
കണ്ണുനീരൊക്കെയുമന്നു തീരും
എണ്ണിയാൽ തീരാത്ത തൻ കൃപകൾ
വർണ്ണിച്ചു പാദത്തിൽ വീണിടും ഞാൻ….

നേരിൽ കാണാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്ന ജോർജ് പീറ്റർ അങ്കിൾ ( ഇവ. ജോർജ്ജ് പീറ്റർ ചിറ്റൂർ ) വിശ്രമ ദേശത്തേക്ക് യാത്രയായി…
ക്രൈസ്തവ കൈരളിക്ക് അദ്ദേഹം നൽകിയ ഗാനങ്ങൾ നിരവധിയാണ്. എല്ലാം അമൂല്യം.
നിന്നിഷ്ടം ദേവാ ആയീടട്ടെ,
വിശ്വാസജീവിതപ്പടകിൽ ഞാൻ, യേശു എനിക്കെത്ര നല്ലവനാം, എനിക്കൊത്താശ വരും പർവ്വതം, മനമേ ലേശവും കലങ്ങേണ്ട,
സത്യസഭാ പതിയേ… തുടങ്ങി അനേക ഗാനങ്ങൾ.
അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അങ്കിളിന്റെ ഗാനങ്ങൾ മാത്രം കോർത്തിണക്കി ഒരു പരിപാടി നടത്തുവാൻ അരീപ്പറമ്പ് ബ്രദറൻ ചർച്ച് ഒരുക്കങ്ങൾ ചെയ്തു വരികയായിരുന്നു എന്നത് ഏറെ ദുഃഖവും നിരാശയും ഉണ്ടാക്കുന്നു. അന്ന് ഗാനങ്ങളും സാക്ഷ്യവും അനുഭവങ്ങളും പാട്ടുകളുടെ പിന്നാമ്പുറങ്ങളും ഒക്കെ കേൾക്കാൻ കൊതിച്ചിരുന്നു. ഒരു ഓൺലൈൻ മീറ്റിംഗിൽ അദ്ദേഹത്തിന്റെ യേശു എനിക്കെത്ര നല്ലവനാം… എന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം അദ്ദേഹത്തിന്റെ മുന്നിൽ പാടാൻ ദൈവം അവസരം നൽകിയത് വലിയ ഭാഗ്യമായി കരുതുന്നു… ആ ഗാനത്തിന്റെ അവസാന ചരണം അദ്ദേഹത്തിന്റെ സമ്പൂർണ സമർപ്പണത്തിന്റെയും അളവറ്റ പ്രത്യാശയുടെയും പ്രതിഫലനമാണ്..

വാനവിതാനത്തിൽ ദൂതരുമായ്
വന്നു വിളിക്കുമ്പോൾ ആ ക്ഷണത്തിൽ
മണ്ണിൽ മറഞ്ഞാലും മന്നിലിരുന്നാലും
വിണ്ണിൽ തൻ സന്നിധൗ ചേർന്നിടും ഞാൻ….

നിരവധി അതുല്യ ഗാനങ്ങൾ മലയാള ക്രൈസ്തവ ലോകത്തിന് സമ്മാനിച്ച അനുഗ്രഹീതനായ ജോർജ് പീറ്റർ അങ്കിളിന്റെ വേർപാട് വ്യക്തിപരമായി എനിക്കും ക്രൈസ്തവ സമൂഹത്തിനും വലിയ നഷ്ടമാണ്. നിത്യതയുടെ പൊൻപുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട പറയുന്നു…

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.