ചെറു ചിന്ത: അയോഗ്യതകളിലെ യോഗ്യത
എല്ലാ മേഖലയിലും യോഗ്യതയോടെ ആദ്യ സ്ഥാനത്തെത്താൻ ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. വിദ്യാഭ്യാസം, കായികം, തൊഴിൽപരം എവിടെയാണെങ്കിലും യോഗ്യതയുണ്ടെങ്കിലേ നിലനിൽപും വളർച്ചയും ഉള്ളു.
എന്നാൽ ബൈബിളിൽ ശതാധിപൻ പറയുന്ന ഭാഗം ചിന്തനീയമാണ് ” യേശുവേ, അങ്ങ് എന്റെ പുരയ്‌ക്കകത്തു വരാൻ ഞാൻ യോഗ്യനല്ല “(മത്തായി 8:8).സത്യത്തിൽ ശതാധിപൻ ഒരു കൂട്ടം ജനതയുടെ അധിപനും നല്ല സാക്ഷ്യം ഉള്ള മനുഷ്യനുമാണ്, ജനത്തെ സ്നേഹിക്കുന്നവനാണ്, യോഗ്യനാണ്,സമൂഹത്തിൽ നല്ല ബഹുമാനം അർഹിക്കുന്ന മനുഷ്യനാണ് (ലൂക്കോസ് 7:4,5).ശതാധിപന്റെ ബാല്യക്കാരനു സൗഖ്യം കൊടുക്കുവാൻ അദ്ദേഹത്തിന്റെ ഭവനത്തിലേക്കു പോകുവാൻ യേശു തയ്യാറാക്കുമ്പോൾ യേശു എന്റെ ഭവനത്തിൽ കടന്നുവന്നു എന്റെ ബാല്യക്കാരനെ സൗഖ്യമക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് ശതാധിപൻ ഉറപ്പിച്ചു പറയുന്നു… സത്യത്തിൽ അദ്ദേഹം യോഗ്യനായ ഒരു മനുഷ്യനാണ്… എന്നാൽ യേശുവിന്റെ സാന്നിധ്യം തന്റെ യോഗ്യതകൾക്കു പകരം തന്റെ അയോഗ്യതകളെ പുറത്തു കൊണ്ടുവരുന്നു. കർത്താവായ യേശു ക്രിസ്തുവിന്റെ സാന്നിധ്യം നമ്മിൽ വെളിപെടുമ്പോൾ നമ്മുടെ അയോഗ്യതകളും ബലഹീനതകളും ഒരു കണ്ണാടിയിൽ കാണുന്നതുപോലെ നമ്മുടെ മുൻപിൽ തുറന്നു വരും. അതു മുഖാന്തരം ഒരു സമർപ്പണം നമ്മളിൽ ഉണ്ടായാൽ യേശു കർത്താവു പിന്നത്തേതിൽ ഇങ്ങനെ പറയും”യിസ്രായെലിൽ കൂടി ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല”(മത്തായി 8:10).
ഗന്നേസരേത്ത് തടാകത്തിൽ രാത്രി മുഴുവനും അധ്വാനിച്ച ശിമോൻ പത്രോസിനോട് വീണ്ടും ആഴത്തിലേക്ക് വല ഇറക്കുവാൻ യേശു ആവശ്യപ്പെടുമ്പോൾ പെരുത്ത മീൻ കൂട്ടം ആ വലയിൽ കയറി. സത്യത്തിൽ കഴിഞ്ഞ മണിക്കൂറുകളിലെ തൻ്റെ അധ്വാനം നിഷ്ഫലമാണെന്നും ഇപ്പോൾ വലിയ മീൻ കൂട്ടം തനിക്കു ലഭിച്ചു എന്നും അറിയുമ്പോൾ പത്രോസ് സന്തോഷിക്കുകയും യേശുവിനു നന്ദി പറയുകയും ആണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ പത്രോസ് പറയുന്നത്” കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടു പോകണമേ “(ലൂക്കോസ്5:8)എന്നാണ്.” പത്രോസ് ചെയ്ത പാപം എന്താണെന്നു നമ്മൾക്കറിയില്ല.എന്നാൽ യേശുവിൻ്റെ സാന്നിധ്യം ഒരു വലിയ അനുഗ്രഹമായി തൻ്റെ ജീവിതത്തിൽ പരിണമിച്ചപ്പോൾ സന്തോഷിക്കേണ്ടതിനു പകരം തൻ്റെ പാപങ്ങൾക്കു യേശുവിനോടു ക്ഷമ ചോദിക്കുന്ന പത്രോസിനെ നമ്മുക്കു അവിടെ കാണാം. എന്നാൽ ആ സമർപ്പണം പത്രോസിൻ്റെ തുടർന്നുള്ള ജീവിതത്തിൽ”ഭയപ്പെടേണ്ട, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും”(ലൂക്കോസ് 5:10) എന്ന തലത്തിലേക്കു ആ മനുഷ്യനെ ഉയർത്തി.
ഇയ്യോബിൻ്റെ പുസ്തകത്തിൽ 38, 39 അദ്ധ്യായങ്ങളിൽ സർവ്വശക്തനായ ദൈവം ആരാണെന്നു ഇയ്യോബിനു ദൈവം വെളിപ്പെടുത്തുന്നു.അതിൻ്റെ മറുപടി എന്നവണ്ണം 40-ാം അദ്ധ്യായത്തിൽ ഇയ്യോബ് ഇങ്ങനെ പറയുന്നു”ഞാൻ നിസ്സാരനല്ലോ. ഞാൻ നിന്നോട് എന്തുത്തരം പറയേണ്ടു? ഞാൻ കൈ കൊണ്ട് വായ് പൊത്തി കൊള്ളുന്നു “( ഇയ്യോബ്40:4). സർവ്വശക്തനായ ദൈവത്തിൻ്റെ സാന്നിധ്യം വെളിപ്പെട്ടപ്പോൾ ഇയ്യോബ് തൻ്റെ നിസ്സാരത്വവും ഒന്നുമില്ലായ്മയും അംഗീകരിക്കുകയാണ്. സത്യത്തിൽ ഇയ്യോബ് നിസ്സാരനാണോ?ഒന്നാം അദ്ധ്യായത്തിൽ പറയുന്നത് അവൻ സകല പൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു (ഇയ്യോബ് 1:3)എന്നാണ്. മഹാനായ ഭക്തൻ ദൈവത്തിൻ്റെ സാന്നിധ്യം വെളിപ്പെട്ടപ്പോൾ നിസ്സാരനായി മാറി. ആ സമർപ്പണം ആ ഭക്തനു പുതിയ പ്രത്യാശ കൊടുത്തു. പിന്നീട് ഇയ്യോബ് തന്നെ പറയുന്നു” ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേകേട്ടിരുന്നുള്ളു, ഇപ്പോഴോ എൻ്റെ കണ്ണാൽ നിന്നെ കാണുന്നു”(ഇയ്യോബ് 42:5). ഇയ്യോബിൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടതൊക്കെയും ദൈവം ഇരട്ടിയായി മടക്കി കൊടുത്തു. യഹോവ ഇയ്യോബിൻ്റെ മുഖത്തെ ആദരിച്ചു (ഇയ്യോബ്42:9). ദൈവസാന്നിധ്യം നമ്മിൽ വെളിപ്പെടുമ്പോൾ നമ്മിലെ അയോഗ്യതകൾ തിരുത്തലിൻ്റെ പുതിയ സമർപ്പണമായി തീരും. ആ തിരുത്തലുകൾ നമ്മെ ദൈവഹിതപ്രകാരമുള്ള യോഗ്യന്മാരാക്കി മാറ്റും. നമ്മുടെ അയോഗ്യതകളെ ദൈവ സന്നിധിയിൽ നമ്മുക്ക് ഏറ്റുപറയാം. ദൈവസാന്നിധ്യത്തിൽ എപ്പോഴും നിലനില്ക്കാം. കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ.




- Advertisement -
Comments are closed, but trackbacks and pingbacks are open.