ദൈവം നഷ്ടശൂന്യങ്ങളെ മാറ്റുന്നു: പാസ്റ്റർ ഏബ്രഹാം മാത്യു
പെന്തെക്കോസ്തു മിഷൻ രാജ്യാന്തര കൺവൻഷന് സമാപനം
ചാക്കോ കെ.തോമസ്, ബെംഗളൂരു
ചെന്നൈ: മനുഷ്യൻ്റെ ശൂന്യാവസ്ഥകൾക്കു മാറ്റം വരുത്തുന്നവനാണു ദൈവമെന്നു ദി പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പ്രസ്താവിച്ചു.
കഴിഞ്ഞ അഞ്ച് ദിവസമായ് ചെന്നൈ താമ്പരത്തിനടുത്ത് ഇരുമ്പല്ലിയൂർ കൺവെൻഷൻ ഗ്രൗണ്ടിൽ നടന്ന ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷൻ്റെ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതു മനുഷ്യൻ്റെയും ചുറ്റുപാടുകൾക്കു മാറ്റം വരുത്തി അവനെ ഫലഭൂയിഷ്ഠമാക്കാൻ അവിടുന്നു സദാ സന്നദ്ധനാണ്.
അത്തരത്തിലുള്ള മാറ്റത്തിനായി മനുഷ്യൻ ദൈവസന്നിധിയിൽ സ്വയം സമർപ്പിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് സംയുക്ത ആരാധന ആരംഭിച്ചത്.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
വൈകിട്ട് നടന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ ശ്യാം സുന്ദർ (പഞ്ചാബ്) പ്രസംഗിച്ചു.
കൺവെൻഷനിൽ സ്തോത്രാരാധന, ബൈബിൾ ക്ലാസ്, പൊതുയോഗം, ഉണർവ് യോഗം, യുവജനസമ്മേളനം, സുവിശേഷപ്രസംഗം ,
അനുഭവസക്ഷ്യങ്ങൾ, സ്നാന ശുശ്രൂഷ എന്നിവ നടത്തി.
ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ്, അസോസിയേറ്റഡ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, പാസ്റ്റർ ജോസ് മാത്യൂ ( യു.എസ്), പാസ്റ്റർ വി. രുദ്രൻ (യു.കെ) എന്നിവർ പ്രസംഗിച്ചു.
പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.
17ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് നടന്ന പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ 42 പേരെ ബ്രദർമാരായും 68 പേരെ സിസ്റ്റർമാരായും തിരഞ്ഞെടുത്തു.
20 പേർക്കു പാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകി.
കേരളം അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ലക്ഷത്തിൽപരം വിശ്വാസികളും ശുശ്രൂഷകരും കൺവെൻഷനിൽ പങ്കെടുത്തു.
Comments are closed, but trackbacks and pingbacks are open.