ചെറുചിന്ത : ശിംശോൻ | എബിൻ സി.

കണ്ണുകളിൽ നിന്നുൽഭവിക്കുന്ന വേദന ശരീരത്തെ മുഴുവൻ കാർന്നു തിന്നുന്നു. രാവിലെ മുഴുവൻ കഠിനമായ ജോലി ചെയ്തു ശരീരമൊന്ന് അനക്കാൻ പോലും വയ്യാത്ത സ്ഥിതി.ഉറക്കം ജീവിതത്തിൽ നിന്ന് അകന്നിട്ട് ദിവസങ്ങൾ പലതായി. നാളെ ഫെലിസ്ത്യർ ദാഗോന്റെ ക്ഷേത്രത്തിൽ ഉത്സവം കൊണ്ടാടുവാൻ പോകുന്നു. അതും തന്നെ പരാജയപ്പെടുത്തിയതിന്റെ പേരിൽ. ശിംശോൻ്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ചിന്തകൾ ഓരോന്നോരോന്നായി മനസ്സിനെ വേട്ടയാടി.
തിമ്നയിലെ ഫെലിസ്ത്യ കന്യകയെ സ്നേഹിച്ചതാണോ തന്റെ പരാജയത്തിന് തുടക്കം? അല്ല… താൻ ദൈവഹിത പ്രകാരമാണ് അവളെ സ്നേഹിച്ചത്. ഒരു കണക്കിൽ പറഞ്ഞാൽ അത് തന്റെ വിജയത്തിന്റെ തുടക്കമായിരുന്നു. ശിംശോൻ വീണ്ടും ചിന്തയിലാണ്ടു. മറ്റൊരു ആയുധവും കയ്യിലില്ലാതിരിക്കെ എല്ലാവരും നിസ്സാരം എന്ന് കരുതി ചവിട്ടി കടന്നുപോയ ഒരു കഴുതയുടെ താടിയെല്ല് കൊണ്ട് വലിയൊരു ഫെലിസ്ത്യ സൈന്യത്തെ കൊന്നൊടുക്കുവാൻ ദൈവം കൃപ നൽകി. ഈ മഹാജയം ദൈവം തനിക്ക് നൽകിയശേഷം ദാഹം കൊണ്ട് മരണപരവശനായ തനിക്ക് വേണ്ടി ഉറവതുറന്ന് ദാഹജലം നൽകിയ ദൈവത്തിന്റെ സ്നേഹം…. ശിംശോൻ്റെ ഹൃദയം വിങ്ങി. ദൈവത്തിൻറെ ഈ സ്നേഹമാഹാത്മ്യത്തെയും കൃപയുടെ ബഹുത്വത്തെയും മറന്നിട്ടല്ലേ താൻ ഈ ലോകത്തിന്റെ മായാസുഖങ്ങൾക്ക് പുറകെ സഞ്ചരിച്ചത്.
അതെ… പാപത്തോട് പോരാടുന്നതിലാണ് താൻ പരാജയപ്പെട്ടത്. വളരെ വിശുദ്ധിയോടും ഹൃദയ പരമാർത്ഥതയോടു കൂടെ ജീവിക്കേണ്ട താൻ ഗസ്സയിൽ വച്ചു കണ്ട വേശ്യയുടെ അടുക്കലേക്ക് തിരിഞ്ഞു. തന്നെ ഏതു വിധേനെയും വീഴ്ത്തുന്നതിന് വേണ്ടി തന്റെ വഴികളെല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തിവരുന്ന ശത്രു, താൻ പാപത്തിലേക്ക് തിരിഞ്ഞു എന്ന് കണ്ടയുടനെ തന്നെ തകർത്തു കളയുവാൻ അടുത്തു വന്നു. ആ സമയത്തും ദൈവം മഹാദയ കാണിച്ചു തന്നെ വിടുവിച്ചു. ഇതിൽ നിന്നും യാതൊന്നും മനസ്സിലാക്കാതെ താൻ വീണ്ടും ദൈവഹിതം ചോദിക്കാതെ ദെലീലായെ സ്നേഹിച്ചു. യാതൊരു കുടുംബ മഹിമയും യോഗ്യതയും ഇല്ലാത്ത തന്നെ ദൈവം തന്റെ ജനത്തിന് ന്യായാധിപനാക്കി. ആദ്യ സമയങ്ങളിൽ
താൻ വളരെ ശുഷ്കാന്തിയോടെ ദൈവജനത്തിന്റെ പക്ഷത്തുനിന്ന് ശത്രുവിനു നേരെ പോരാടി. ദൈവം ആ സമയത്തെല്ലാം വലിയ വിജയവും നൽകി. ക്രമേണ ദൈവത്തോടും ദൈവ ജനത്തോടും തനിക്കുണ്ടായിരുന്ന ശുഷ്കാന്തി തണുക്കാൻ തുടങ്ങി. ശത്രുവിന്റെ പാതകളും തന്ത്രങ്ങളും മനസ്സിലാക്കി ദൈവജനത്തിന്റെ സംരക്ഷണത്തിനും തന്റെ നിലനിൽപ്പിനും വേണ്ടി ഉണർന്നിരിക്കേണ്ട താൻ, ആ സമയം ശത്രുവിന് തന്റെ വഴികൾ മനസ്സിലാക്കാനും തന്ത്രം മെനയാനും അവസരം ഒരുക്കി ദെലീലായുടെ മടിയിൽ ഉറങ്ങി. അവളുടെ സ്നേഹം കപടമാണെന്ന് ദൈവം പലപ്പോഴും മനസ്സിലാക്കി തന്നിട്ടും കരളിൽ അസ്ത്രം തറയ്ക്കുവോളം താൻ അവളുടെ കൂടെ കഴിഞ്ഞു.
ഇന്നിതാ… താൻ ഒരുവൻ മുഖാന്തിരം യിസ്രായേൽ ജനത്തിന്റെ ഒന്നടങ്കം തലകുനിയപ്പെട്ടു. അതിലെല്ലാമുപരി ഫെലിസ്ത്യരുടെ ഇടയിൽ യഹോവയുടെ നാമം ദുഷിക്കപ്പെട്ടു. ശിംശോൻ്റെ ഹൃദയവേദന വർദ്ധിച്ചു. ഇരു കണ്ണുകളിലൂടെയും കണ്ണുനീരാണോ? രക്തമാണോ? അറിയില്ല… ധാരധാരയായി ഒഴുകാൻ തുടങ്ങി. മാനസികവും ശാരീരികവുമായ വേദന സഹിക്കവയ്യാതെ ചങ്ങലകളാൽ ബന്ധപ്പെട്ട ഇരുകൈകളും കൊണ്ട് ശിംശോൻ തലയെ അമർത്തിപ്പിടിച്ചു. തലമുടി വീണ്ടും വളർന്നു തുടങ്ങിയിരിക്കുന്നു… കുറ്റബോധം ശിംശോനെ പിടിമുറുക്കി. ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് ശിംശോൻ ദൈവത്തോട് നിലവിളിച്ചു. തന്റെ തെറ്റുകളെ ദൈവം ക്ഷമിക്കുന്നതിനു വേണ്ടിയും ശത്രുക്കളായ ഫെലിസ്ത്യ സമൂഹത്തിന് മുന്നിൽ ദൈവനാമം കൂടുതൽ ദുഷിക്കപ്പെടാതിരിക്കുന്നതിനു വേണ്ടിയും ശിംശോൻ വളരെനേരം അനുതാപഹൃദയത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചു. പ്രാർത്ഥനയിൽ ജാഗരിച്ചിരിക്കവെ പടയാളിയായ ഒരു ബാല്യക്കാരൻ ശിംശോനെ തിടുക്കത്തിൽ ദാഗോൻ്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. പകലാണോ? രാത്രിയാണോ? അറിയില്ല…ചുറ്റും അന്ധകാരം മാത്രം. ശിംശോൻ പ്രാർത്ഥനയോടെ ബാല്യക്കാരനോടാപ്പം നടന്നു നീങ്ങി. സർവ്വജനത്തിന്റെയും മുന്നിൽവച്ച് ഫെലിസ്ത്യ പ്രഭുക്കന്മാർ ശിംശോനെ അപഹാസ്യനാക്കി. ശിംശോൻ്റെ ഇരു കണ്ണുകളിലെയും വേദന അസഹനീയമായി. ഹൃദയം നുറുങ്ങി ശിംശോൻ തന്റെ രണ്ടു കണ്ണുകൾക്ക് വേണ്ടി ഫെലിസ്ത്യരോട് പ്രതികാരം ചെയ്യേണമേ എന്ന് ദൈവത്തോട് അപേക്ഷിച്ചു. അനുതാപ ഹൃദയത്തോടെയുള്ള ശിംശോൻ്റെ പ്രാർത്ഥന ദൈവം ശ്രദ്ധവച്ചു കേട്ടു. ദൈവത്തിൻ്റെ ആത്മാവ് ശക്തിയോടെ ശിംശോൻ്റെ മേൽ വന്നു. ശിംശോൻ ക്ഷേത്രം നിന്നിരുന്ന ഇരു തൂണുകളിലും പിടിച്ചു ശക്തിയോടെ മുന്നോട്ടു ചാഞ്ഞു. കൂടിയിരുന്ന സർവജനത്തിന്റെയും മേൽ ക്ഷേത്രം പതിച്ചു. എല്ലാവരും മരണപ്പെട്ടു. ശിംശോനും ഈ ലോകം വിട്ടുമാറ്റപ്പെട്ടു. അങ്ങനെ യിസ്രായേലിൽ ശിംശോൻ്റെ ന്യായപാലനത്തിന് തിരശ്ശീല വീണു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.