ഭാവന : ആകുലതകളുടെ ആ രാത്രി | ജോമോൻ പാറക്കാട്ട്

അനുഭവങ്ങൾ ദുരന്തപൂർണമാക്കിയ ജീവിത സായാഹ്നത്തിൽ നിന്നും അവളെ കൈപിടിച്ചുയർത്തിയ ആ സാന്നിധ്യം തന്നിൽ നിന്നും അകന്നിട്ട് ഇന്ന് മൂന്നാം ദിനമാണ്… അന്തരത്മാവിൽ അംഗുരിച്ച ശുന്യതക്കു കനം ഏറി വരുന്നു… തുല്യദുഖിതരായതിനാൽ ആത്മ മിത്രങ്ങളോട് പോലും ആ നോവിന്റെ നീറ്റൽ പങ്കുവയ്ക്കാൻ കഴിയുന്നില്ല…. കഴിഞ്ഞ രാത്രി പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നതാണ് പക്ഷെ കഴിയുന്നില്ല… എങ്ങനെയെങ്കിലും നേരം പുലർന്നാൽ കല്ലറ വരെ ഒന്ന് പോകണം..ഉള്ളിരുകി ഒന്ന് കരയണം…… നഷ്ടബോധത്തിന്റ വന്യമായ വേദന ഹൃദയം കാർന്നു തിന്നുമ്പോൾ എങ്ങനെ ഉറങ്ങാനാണ്….. പാതി തുറന്നിട്ട ജനാലയ്ക്കു മുന്നിൽ നിന്നും ശുന്യമായ ഇരുട്ടിലേക്കു കണ്ണും നട്ടു ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി… ഘടികാര ചക്രത്തിന്റെ കാലിലെ ചിലമ്പോലി ശബ്‌ദം കാതുകളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും , ഒരു ശുഭപ്രതിക്ഷയുടെ ശങ്കുനാദം ചെവികളിൽ മുഴങ്ങുന്നുണ്ട്…
എന്താ മറിയെ ഉറക്കം വരുന്നില്ലേ….
ചോദ്യം കേട്ടാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്…..
ഇല്ല….സൂസന്നെ…. ഉറങ്ങാൻ കഴിയുന്നില്ല…. എത്ര ക്രൂരതയാണ് അവർ അവനോട് ചെയ്തത്..
അതെ… എനിക്കും കഴിയുന്നില്ല…. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും… കൺപോളകൾ അടയുന്നില്ല….( വേദനയുടെ ആഴം അനുഭവിക്കുമ്പോൾ ആണ്… സമയത്തിന്റ ധൈർഘ്യം മനസിലാകുന്നത്)
“സൂസന്നെ…. ഇന്ന് മൂന്നാം ദിനമല്ലേ… അവിടുന്ന് എന്തെങ്കിലും ഒരു അത്ഭുതം ചെയ്യാതിരിക്കില്ല”….നിസ്സഹായതയുടെ നെരിപോട്ടിൽ വെന്തെരിയുമ്പോഴും, പ്രത്യാശയുടെ പൂങ്കാവനത്തിൽ നിന്ന് ഒഴുകിവന്ന കുളിർ തെന്നൽ അവിടെമാകെ സുഗന്ധപൂർണമാക്കി അവളെ തഴുകി തലോടി കടന്നുപോയത് അവൾ അനുഭവിച്ചറിഞ്ഞു. നേരം പുലരുന്നതേയുള്ളൂ, അങ്ങ് കിഴക്കേ ചക്രവാളത്തിൽ അരുണോദയത്തിന്റെ നേർരേഖ പോലും വീണു തുടങ്ങിയിട്ടില്ല. എങ്കിലും തലേരാത്രി തങ്ങൾ ഇടിച്ചെടുത്ത സുഗന്ധ കൂട്ടും പാണ്ഡത്തിൽ ആക്കി അവരിരുവരും പടിയിറങ്ങി.. ജീവിച്ചിരുന്നപ്പോൾ അവൻ തുറന്നിട്ട അകകണ്ണിന്റെ വെളിച്ചവും, ഹൃദയാന്തർഭാഗത്ത് കോറിയിട്ട സ്നേഹത്തിന്റെ ആഴവും ഈ കൂരിരുൾ താണ്ടാൻ അവർക്ക് ആവോളം മതിയായിരുന്നു…
ഇന്നലകളിൽ അവന്റെ പാദസ്പർശമേറ്റ ആ ചെങ്കൽ പാതയിലൂടെ അരുമത്യക്കാരൻ യോസഫിന്റെ കല്ലറ തോട്ടത്തെ ലക്ഷ്യമാക്കി അവർ നടന്നു നീങ്ങുമ്പോൾ, മിടിക്കുന്ന ഹൃദയത്തിന്റെ താളത്തിനൊത്ത് ഭയത്തിന്റെ തിരമാലകൾ ഉരുണ്ടുകൂടുന്നത് അവർ അനുഭവിച്ചറിയുന്നുണ്ടായിരുന്നു. എങ്കിലും അവനോടുള്ള തികഞ്ഞ സ്നേഹം ആ ഭയത്തെ പുറത്താക്കി . അവിടം ആകെ റോന്ത്‌ ചുറ്റുന്ന കരുത്തരായ റോമൻ പടയാളികളുടെ ബൂട്ടിന്റെ ശബ്ദം കുതിര കുളമ്പടി നാദം പോലെ അവരുടെ കർണ്ണപുടങ്ങളിൽ മറ്റൊലികൊണ്ടപ്പോൾ,ആകുലതയുടെ മറ്റൊരു കല്ല് ഹൃദയത്തിൽ ആരോ ഉരുട്ടിവെച്ചത് പോലെ, മറിയയുടെ ഹൃദയത്തിൽ നിന്ന് ആ ചോദ്യം ഉയർന്നുപൊങ്ങി ” നമുക്കുവേണ്ടി ആര്‍ ആ കല്ലുരുട്ടി മാറ്റും”.

ആ കല്ലിന്റെ വലിപ്പം അവർ കണ്ടതാണ്, റോമൻ ഗവൺമെന്റിന്റെ ഇംപീരിയൽ മുദ്രയുടെ അധികാരം അവൾ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്, അതുകൊണ്ടുതന്നെ ആ ചോദ്യത്തിന് വലിയ പ്രസക്തി ഒന്നുമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. എങ്കിലും ഹൃദയത്തിന്റെ ഉൾത്തടത്തിൽ എവിടെയോ ഒരു പ്രത്യാശയുടെ പ്രകാശവെട്ടം ആ നക്ഷത്ര രാവിലും തെളിഞ്ഞുനിന്നു. “ഇല്ല അവൻ എന്തെങ്കിലും ചെയ്യാതിരിക്കില്ല..” രാത്രിയുടെ കൂരിരുട്ടിന് ഒരല്പം കടുപ്പം കുറഞ്ഞിട്ടുണ്ട്.. ആ പാദങ്ങൾ കല്ലറ ലക്ഷ്യമാക്കിയ വേഗത്തിൽ കുതിക്കുകയാണ്… ഒക്കത്തിൽ കരുതിയ സുഗന്ധക്കുട്ടിന്റെ പരിമളം അവരെ തഴുകി കടന്നുപോയ ചെറുകാറ്റിൽ അവിടെ സുഗന്ധപൂർണ്ണമാക്കി…. അടുക്കുംതോറും പ്രതീക്ഷയുടെ ആക്കം കൂടി വരുന്നു… എവിടെയോ പ്രത്യാശയുടെ ഒരു തിരിനാളം … എന്തോ സംഭവിച്ചതായി ഒരു തോന്നൽ…. ആ നടത്തത്തിന് വേഗത വർദ്ധിച്ചു.. വെട്ടിയെടുത്ത് ആ കല്ലെറിയുടെ വാതിൽക്കൽ കുതിച്ചെത്തിയ അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… ഭാരപ്പെടുത്തിയിരുന്ന ആ കല്ല് ആരോ ഉരുട്ടി മാറ്റിയിരിക്കുന്നു. സന്തോഷാശ്രുക്കൾ അവളുടെ കാഴ്ചയ്ക്ക് അല്പം മങ്ങൽ ഏൽപ്പിച്ചുവെങ്കിലും.. മറിയയെ എന്ന ആ വിളിയിൽ ആ ശബ്ദം അവൾ തിരിച്ചറിഞ്ഞു…. സുവിശേഷത്തിന്റെ ആദ്യ ശബ്ദം…. ഇന്നലെകളിൽ കേട്ടുകൊണ്ടിരിക്കുന്ന ശബ്ദം….. ഇന്നും മുഴങ്ങുന്ന ശബ്ദം….. നാളെയും കേൾക്കുന്ന ശബ്ദം…. ഭയപ്പെടേണ്ട…

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.