ബെംഗളൂരു: കർണാടകയിലെ വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ ന്യൂനപക്ഷ ക്രിസ്ത്യാനികൾക്കായി വിവിധ ആവശ്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം റവ.ഡോ.രവി മണിയുടെ നേതൃത്വത്തിൽ കർണാടക ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ശ്രീ. നിസ്സാർ അഹമ്മദിന് നൽകി.
ന്യൂനപക്ഷങ്ങൾക്കായുള്ള സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് സംസാരിക്കാനും ചർച്ച ചെയ്യാനും നിലവിലെ പദ്ധതികൾ പരിഷ്കരിക്കാനുമായി
കർണാടക ന്യൂനപക്ഷ കമ്മീഷൻ വിളിച്ച യോഗത്തിലാണ് ക്രൈസ്തവ പെന്തെക്കൊസ്ത് വിഭാഗങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്.
2025-26 ലെ വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ ക്രൈസ്തവ സഭാ നേതാക്കളുമായി കമീഷൻ ചെയർമാൻ്റെ നേതൃത്വത്തിലാണ് ആലോചനയോഗം നടത്തിയത്.
മുഖ്യധാരാ പെന്തെക്കൊസ്ത് സഭകളായ അസംബ്ലീസ് ഓഫ് ഗോഡ്, ഐപിസി, ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ശാരോൺ ഫെലോഷിപ്പ് തുടങ്ങി മൂവായിരത്തിലധികം സഭകൾ കർണാടകയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കർണാടകയിലെ ക്രൈസ്തവ – പെന്തെക്കോസ്ത് സഭകൾ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി.പി.എ) 2021-ൽ മുഖ്യധാരാ പെന്തെക്കൊസ്ത് സഭാ നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ മുഖാമുഖാ ചർച്ചയിൽ സഭകൾക്ക് വേണ്ടി സർക്കാനിനോട് സംസാരിക്കുവാൻ റവ.ഡോ. രവി മണിയെ ഏകകണ്ംമായി തിരഞ്ഞെടുത്തിരുന്നു.
ബാംഗ്ലൂർ വിക്ടറി ഇൻ്റർനാഷണൽ എ.ജി വേർഷിപ്പ് സെൻറർ സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ.ഡോ. രവി മണി അസംബ്ലീസ് ഓഫ് ഗോഡ് സഭയെയും കർണാടകയിലെ മുഖ്യധാരാ പെന്തെക്കൊസ്ത് സഭകളെയും പ്രതിനിധികരിച്ചാണ് കർണാടക ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ശ്രീ. നിസ്സാർ അഹമ്മദിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകിയത്.
1. ക്രിസ്ത്യൻ ഡെവലപ്മെൻ്റ് കോർപ്പറേഷൻ അനുവദിച്ച 100 കോടി രൂപാ ഔദ്യോഗികമായി പ്രാബല്യത്തിൽ വരണം.
2. 15% ക്രിസ്ത്യാനികൾ ഉള്ള കർണാടകയിൽ കോർപ്പറേഷൻ, വിവിധ ബോർഡുകൾ ,മറ്റ് ഓഫീസുകളിലൊ ക്രൈസ്തവ പ്രതിനിധികളെ നിയമിക്കുക.
3. ഏത് ജാതിയായാലും ക്രിസ്ത്യാനികൾ ഒരു മതവും ക്രിസ്തുവിൻ്റെ അനുയായികളുമാണ്. ഏത് ജാതിയായാലും സർക്കാർ സംവരണങ്ങൾ നൽകണം.
4. 2025-26 ലെ സംസ്ഥാന ബജറ്റിൽ ക്രിസ്ത്യാനികൾക്കായി 500 കോടി രൂപ അനുവദിക്കുക.
5. ക്രൈസ്തവരുടെ ഇടയിൽ വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ട്. എന്നാൽ ആർ.സി. വിഭാഗത്തെ മാത്രമാണ് എല്ലായിടത്തും പരിഗണിക്കുന്നത്. മറ്റ് ക്രൈസ്തവ വിഭാഗത്തെയും കൂടെ പരിഗണിക്കണം.
6. വിദേശ വിദ്യാഭ്യാസ വായ്പാ പദ്ധതി നടപ്പിലാക്കണം.
7. ഉപരിപഠന വിദ്യാർഥികൾക്കും ഓവർസീസ് സ്കോളർഷിപ്പ് ലഭ്യമാക്കണം
8. സർക്കാർ പുതിയ പദ്ധതി അവതരിപ്പിക്കുമ്പോൾ 10 ൽ 4% എങ്കിലും ക്രൈസ്തവർക്കായി പരിഗണിക്കണം.
9. സംസ്ഥാനത്ത് ശ്മശാന ഭൂമി കെഎംഡിസി മുൻകൈയെടുത്ത് നൽകുക.
10. കർഷകർക്ക് ഭൂമി വാങ്ങുവാൻ വായ്പാ, സബ്സിഡികൾ , ഗ്രാൻ്റ് എന്നിവ നൽകുക.
11) വിവിധ പദ്ധതികളിൽ നിന്ന് മുസ്ലീങ്ങൾക്ക് ലഭിക്കുന്ന മിക്ക ആനുകൂലങ്ങൾ ക്രിസ്ത്യൻ സമുദായത്തിനും കൂടെ തുല്യമായി നൽകുക.
12 ) എല്ലാ രേഖകളും നിയമവും അനുസരിച്ച് പള്ളികളൊ , പ്രാർത്ഥനാ ഹാൾ പണിയുന്നതിനും അനുമതി നൽകുക.
കർണാടക ന്യൂനപക്ഷ ഡെവലപ്മെൻറ് കോർപ്പറേഷൻ ഹാളിൽ നടന്ന യോഗത്തിൽ കമ്മീഷൻ അംഗം മെറ്റിൽഡ ഡിസൂസ , ബ്രദർ . ഇ.യു. എഡ്വിൻ, സഭാ നേതാക്കൾ എന്നിവരും പങ്കെടുത്തു.
Comments are closed, but trackbacks and pingbacks are open.