അനുസ്മരണം : ഏഴു പതിറ്റാണ്ടുകൾ ക്രിസ്തുവിന് വേണ്ടി സേവനം ചെയ്ത പാസ്റ്റർ ടി എ ചെറിയാൻ | പാസ്റ്റർ വർഗീസ് മത്തായി
അധികാരമോഹമോ, ദ്രവ്യാഗ്രഹമോ ഇല്ലാതെ ഏഴ് പതിറ്റാണ്ടുകളിലധികം ക്രിസ്തുവിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്ത അനുഗ്രഹീതനായ ദൈവദാസനാണ് പാസ്റ്റർ ടി എ ചെറിയാൻ. ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയിലെ നാലു തലമുറകൾക്കൊപ്പം ശുശ്രൂഷ ചെയ്യുവാൻ ഭാഗ്യം ലഭിച്ച കർത്തൃദാസനാണ് കഴിഞ്ഞദിവസം കർത്ത്രുസന്നിധിയിൽ പ്രവേശിച്ച പാസ്റ്റർ ടി എ ചെറിയാൻ. അനുഗ്രഹീത ഗായകനും പ്രഭാഷകനും തിരുവചനത്തിന്റെ ഉപദേശങ്ങളിൽ ഉറച്ചുനിന്ന ആളുമായിരുന്നു. കൃപാവര ശുശ്രൂഷയെ വളരെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ആളാണ് പാസ്റ്റർ ടി എ ചെറിയാൻ.
പാസ്റ്റർ കെ ഇ എബ്രഹാമിന്റെ പ്രിയ ശിഷ്യനായിരുന്ന പാസ്റ്റർ ടി എ ചെറിയാൻ പാസ്റ്റർ ടി എസ് എബ്രഹാമിനോട് ചേർന്ന് നിന്ന് പ്രവർത്തിച്ച ആളാണ്. പാസ്റ്റർ ഡോ. വത്സൻ എബ്രഹാം സഭയുടെ നേതൃത്വത്തിലേക്ക് വന്നപ്പോൾ അദ്ദേഹത്തോടൊപ്പം ശുശ്രൂഷയിൽ പങ്കാളിയാവുകയും, പാസ്റ്റർ വത്സൻ എബ്രഹാം അദ്ദേഹത്തെ പിതാവിനെ പോലെ ചേർത്തു നിർത്തുകയും ചെയ്തു. ഇന്ന് സഭയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന നാലാം തലമുറയിൽ പെട്ട യുവ ശുശ്രൂഷകന്മാരേയും അദ്ദേഹം തന്നോടൊപ്പം ചേർത്ത് നിർത്തുകയും പിതൃതുല്യമായ വാത്സല്യത്തോടെ അവരെ ശുശ്രൂഷയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
എപ്പോഴും എല്ലാവരോടും പുഞ്ചിരിക്കുന്ന മുഖവുമായി നർമ്മഭാഷണത്തോടെ ഹൃദ്യമായി ഇടപെടുന്ന പാസ്റ്റർ ടി എ ചെറിയാന് പ്രായം ഭേദമന്യേ വലിയൊരു സുഹൃത്ത് വലയം ഉണ്ടായിരുന്നു.
തൻ്റെ കൊച്ചുമക്കൾ ആകാൻ മാത്രം പ്രായമുള്ള ശുശ്രൂഷകന്മാരോട് പോലും അദ്ദേഹം പ്രകടിപ്പിക്കുന്ന ആദരവും സ്നേഹവും വാത്സല്യവും ശ്രദ്ധേയമാണ്.
നിരവധി തവണ ഞാൻ ശുശ്രൂഷിച്ചിരുന്ന സഭകളിലും ആയൂർ സെൻററിലെ സെൻറർ കൺവെൻഷൻ്റെ സഭായോഗത്തിലും അദ്ദേഹം കടന്നുവന്ന അനുഗ്രഹീതമായ ശുശ്രൂഷകൾ നിർവഹിച്ചിട്ടുള്ളത് സന്തോഷത്തോടെ ഓർക്കുന്നു.
1993 ൽ ആണ് ഞാൻ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ-പ്രസ്ബിറ്ററിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. അക്കാലത്ത് സ്റ്റേറ്റ് പ്രസ്ബിറ്ററിക്കു വേണ്ടി ഒരു ജോയിൻ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് പ്രഥമ കൗൺസിൽ യോഗത്തിൽ വച്ചായിരുന്നു. അന്ന് പ്രിയ പിതാവ് പാസ്റ്റർ ടി എ ചെറിയാൻ ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് എൻ്റെ പേര് നിർദ്ദേശിച്ചു. മറ്റാരുടെയും പേര് നിർദ്ദേശിക്കാതിരുന്നതിനാൽ അന്ന് ഞാൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള രണ്ട് ടേമുകളിലും കൂടെ അതതു കൗൺസിലുകൾ ആ സ്ഥാനത്തേക്ക് എന്നെ എതിരില്ലാതെ തെരഞ്ഞെടുത്തു. ആദ്യത്തെ രണ്ട് ടേമുകളിൽ പാസ്റ്റർ എം വി ചാക്കോ മുണ്ടിയപ്പള്ളിയും പിന്നീട് പാസ്റ്റർ കെ എം ജോണും ആയിരുന്നു പ്രസിഡന്റന്മാർ. പാസ്റ്റർ കെ സി ജോൺ ആയിരുന്നു ആ മൂന്ന് ടീമിലെയും സ്റ്റേറ്റ് സെക്രട്ടറി. 2002 ൽ ഭരണഘടന പുതുക്കിയപ്പോഴാണ് പാസ്റ്റർമാരുടെ ഇടയിൽ നിന്ന് ഒരു ജോയിൻ സെക്രട്ടറിയെ പൊതു തിരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രീതി ആരംഭിച്ചത്.
എന്നോടും എൻ്റെ കുടുംബത്തോടും പാസ്റ്റർ ടി എ ചെറിയാൻ കാണിച്ചിട്ടുള്ള സ്നേഹവാത്സല്യങ്ങൾക്കുള്ള നന്ദിയും കടപ്പാടും വാക്കുകൾക്കതീതമാണ്. അദ്ദേഹത്തിൻ്റെ സഹധർമ്മിണിയും മക്കളും അവരുടെ കുടുംബങ്ങളും എക്കാലവും ദൈവസഭയ്ക്ക് ഒരു അനുഗ്രഹവും അഭിമാനവുമാണ്.
ഒരു സെൻറർ ശുശ്രൂഷകനെന്നോ കൗൺസിൽ- പ്രസ്ബിറ്ററി അംഗമെന്നോ ഉള്ളതിലുപരി തന്റെ ശുശ്രൂഷ കൊണ്ടും സൗമ്യവും മാന്യവുമായ ഇടപാടുകൾ കൊണ്ടും തലമുറകളുടെ വ്യത്യാസം കൂടാതെ എല്ലാവരുടെയും ആദരവ് നേടിയ മാതൃകാ ശുശ്രൂഷകനാണ് നമ്മെ വിട്ടുപോയത്.
Comments are closed, but trackbacks and pingbacks are open.