അനുസ്മരണം : കാനമച്ചനും നോർത്തിന്ത്യൻ ദൈവസഭകളും | പാസ്റ്റർ ബെന്നി ജോൺ

നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.(എബ്രായർ 13:7)
ഏറെ ധന്യവും ശ്രേഷ്ഠമായ ജീവിതം ജീവിച്ച ഒരു സുവിശേഷ പോരാളിയെയാണ് നമ്മുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.കാനം അച്ചൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഏറെ ആവേശവും സ്നേഹവും അനുകരണമനോഭാവവും നിറഞ്ഞ ഓർമ്മകളാണ് നിറഞ്ഞു നിൽക്കുന്നത്.വിശേഷാൽ ഇന്ന് ഞങ്ങൾ ആയിരിക്കുന്ന നോർത്തിന്ത്യൻ സുവിശേഷീകരണവുമായി അദേഹത്തിന്റെ വൈകാരിക ബന്ധങ്ങളെ ഈ സമയം സ്മരിക്കുന്നു.1966 ൽ മുഴുകൽ സ്നാനം ഏറ്റതിനുശേഷം 1967ൽ പുരോഹിതവേഷത്തോടെ തന്നെ ഉത്തരേന്ത്യൻ മണ്ണിൽ സഞ്ചരിച്ച്, സുവിശേഷരണാങ്കണത്തിൽ പോരാട്ടത്തിന് ആക്കം കൂട്ടി.ആ നാളുകളിൽ തന്നെ റൂർക്കലയിൽ ആരംഭിച്ച് ഭിലായ്, നാഗ്പൂർ ,ഡൽഹി, കൽക്കട്ട തുടങ്ങിയ അനവധി പട്ടണങ്ങളിലും ഗ്രാമാന്തരങ്ങളിലും ക്രിസ്തുവിനെ ഉയർത്തി,ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം ഉച്ചസ്തരം ഘോഷിച്ചു,യേശുക്രിസ്തുവിന്റെ സുവിശേഷം ഉയർത്തി.ആ നാളുകളിൽ തന്റെ പ്രസംഗങ്ങൾ തർജ്ജിമ ചെയ്തു വന്നിരുന്നത് ഇവാ. പി.ഐ.ഇട്ടി, പിൽകാലത്ത് ‘അനുവാചക് അച്ചൻകുഞ്ഞ്’ എന്ന് അറിയപ്പെട്ടിരുന്ന ദൈവദാസൻ ആയിരുന്നു. ഇന്ത്യാ ദൈവസഭയ്ക്ക് വ്യതസ്ത കാലഘട്ടങ്ങളിൽ അനിഷേധ്യമായ നേതൃത്വം നൽകി വന്നിരുന്ന റവ.വില്യം ഫോസ്പിൽ സായ്പ്പ്,റവ. എം വി ചാക്കോ, റവ.എം ഐ ജോസഫ്,റവ. സി.വി. ആൻഡ്രൂസ്, റവ.സി.വി.മത്തായി,റവ. പി.എ.വി. സാം, റവ.കെ.എം.തങ്കച്ചൻ,റവ.എ.മത്തായി തുടങ്ങിവരോടൊപ്പം നോർത്തിന്ത്യൻ സുവിശേഷീകരണ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വന്നിരുന്നു.ആ കാലത്ത് തന്നെ നോർത്തിന്ത്യൻ കൺവൻഷനുകളുടെ നിറസാന്നിധ്യമായി അച്ചൻ ഉണ്ടായിരുന്ന കാര്യം ഇന്നും ഇവിടെയുള്ള പഴയകാല വിശ്വാസികൾ ഓർത്തെടുക്കുന്നു. പിന്നീട് പ്രവർത്തന വിശാലതയ്ക്കായി ഇന്ത്യാ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിയൻ എന്ന പേരിലും, സെൻട്രൽ ഈസ്റ്റേൺ റീജിയൻ എന്നും വിഭജിച്ചു. പ്രീയ അച്ചനെ പോലുള്ള അഭിഷക്തന്മാർ വിതച്ച സുവിശേഷവിത്തുകൾ ഒരിക്കലും പാഴായി പോയിട്ടില്ല,അത് നൂറുമേനികളായി ആ സ്ഥലങ്ങളിൽ എല്ലാം അനേകം സഭകൾ ഉടലെടുക്കുവാൻ കാരണമായിത്തീർന്നു.

വ്യക്തിപരമായി, രക്ഷിക്കപ്പെട്ട നാൾ മുതൽ തന്നെ അച്ചന്റെ പ്രസംഗങ്ങൾ ഏറെ ആവേശവും ഏറെ ചിന്തനീയവുമായ അനുഭവങ്ങൾ ആയിരുന്നു.ഏതൊരു സാധാരണക്കാരനായ വ്യക്തിക്കും തനിക്ക് മനസിലാകുന്ന രീതിയിൽ ഏറെ ലളിതമായ ഭാഷയിൽ തന്നെ അദേഹം ശുശ്രൂഷിച്ചിരുന്നു.ദൂരെ സ്ഥലങ്ങളിൽ പോലും സഞ്ചരിച്ച് അദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്.പിന്നീട് വാകത്താനം *ടാബർനാക്കിൾ ബൈബിൾ സ്കൂളിൽ* വേദപഠനം ആരംഭിച്ചപ്പോൾ അദേഹത്തോട് കൂടുതൽ അടുക്കുവാൻ സാധിച്ചിട്ടുണ്ട്.ഒരു സന്ദർശക അദ്ധ്യാപകനായിരുന്നു എങ്കിൽ കൂടിയും ഓരോ പഠിതാവിനും വലിയൊരു മാതൃക ആയിരുന്നു പ്രീയ അച്ചൻ.പല പ്രാവിശ്യം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച് സുവിശേഷയോഗങ്ങളിൽ സംബന്ധിച്ച ഓർമ്മകൾ മനസിൽ നിറഞ്ഞു നിൽക്കുന്നു.ക്രൈസ്തവ മാധ്യമ-സാഹിത്യ രംഗത്ത് അദേഹത്തിന്റെ സംഭാവനകൾ അതുല്യമാണ്.ഒരേ സമയത്ത് പല മാധ്യമങ്ങൾക്ക് വളരെ ആഴമേറിയ ചിന്തകൾ നിറഞ്ഞ ഈടുറ്റ ലേഖനങ്ങൾ ഒരു വാക്കിനോ വരികൾക്കോ തെറ്റു സംഭവിക്കാതെ വാക്കുകളാൽ പകർന്നു നൽകുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്.വളരെ നർമ്മബോധം ഉള്ള ഒരു ചിന്തകൻ കൂടിയായിരുന്നു അദ്ദേഹം. ദുരൂപദേശങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും ഏതൊരു വേദിയിലും വചനാടിസ്ഥാനത്തിലും തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു.ഏതൊരു ശ്രോതാവിനും എന്നും ഓർമ്മിക്കാവുന്ന രീതിയിലുള്ള പ്രഭാഷണ ശൈലി അദ്ദേഹം അവലംബിച്ചിരുന്നു.വെള്ള വസ്ത്രധാരിയായി യാതൊരു കോലാഹലമോ അനുചരമാരോ ആഡംബര ജീവിതമോ ഇല്ലാതെ ഏവർക്കും മാതൃകയായി ഒരു സാധാരണക്കാരിൽ സാധാരണക്കാരനായി അദേഹം ക്രിസ്തുവിനെ യഥാർത്ഥമായി അറിഞ്ഞു,ആ സത്യത്തിൽ ജീവിച്ചു,ആ സത്യത്തെ ലോകത്തെമ്പാടും ഉയർത്തി, വിശ്രമത്തിനായി കടന്നു പോയി.എത്ര ശ്രേഷ്ഠമായ ജീവിതം! കാനമച്ചനെ പോലുള്ള ശ്രേഷ്ഠന്മാർ വിതച്ച വിത്തുകൾ നോർത്തിന്ത്യൻ സുവിശേഷീകരണ രംഗത്ത് സഭകളായി വളർന്നു പന്തലിക്കുമ്പോൾ ദൈവസഭയെ നയിക്കുവാൻ പിൻതലമുറക്കാരായ ഞങ്ങളിൽ ദൈവം പകർന്ന് കൃപയെ ഓർത്ത് ദൈവത്തിന് നന്ദി. മുഖവുരയിൽ ഉദ്ധരിച്ച വാക്യത്തിൽ പറയുംപ്രകാരം
നമ്മോട് ദൈവവചനം പ്രസംഗിച്ചവരെ ഓർത്തുകൊണ്ട് അവരുടെ ജീവാവസാനം വരെ അവർ കാത്ത ആ വിശുദ്ധ വിശ്വാസത്തെ അനുകരിപ്പാൻ നമ്മൾപ്രപ്തരാകണം.പകരക്കാരനില്ലാത്ത പ്രീയപ്പെട്ട കാനമച്ചനെ, അദേഹത്തിന്റെ ശ്രേഷ്ഠമായ ജീവിതത്തെ ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ സ്മരിക്കുന്നു.ദുഖാർത്തരായ കുടുംബത്തെ ദൈവം സീയോനിൽ നിന്ന് ആശ്വസിപ്പിക്കട്ടെ.ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ സെൻട്രൽ ഈസ്റ്റേൺ റീജിയൻ സഭാസമൂഹത്തിന്റെയും കൗൺസിലിന്റെയും , എന്റെയും കുടുംബത്തിന്റെയും,അച്ചന് ഹിന്ദി പരിഭാഷകനായിരുന്ന ഇവാ. പി ഐ ഇട്ടിയുടെയും അഗാധമായ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു. മറുകരയിൽ തേജ്ജസിന്റെ പൊൻപുലരി നമ്മുക്ക് വീണ്ടും കാണാം… തല്ക്കാലികമായ വിട!!!!

(പാസ്റ്റർ ബെന്നി ജോൺ. ഓവർസീയർ, ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റേൺ റീജിയൺ, കൊൽക്കത്ത)

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.