അനുസ്‌മരണം: ഞാൻ കണ്ട ക്രിസ്തു ഭക്തൻ പൗലോസ് കുന്നുമ്മൽ അച്ചൻ

പാ: ബിനു സാബോർ

ഞാൻ നേരിട്ട് പരിചയപ്പെട്ടിട്ടുള്ളതിൽ ഒരു വിശേഷ വ്യക്തിത്വം ആണ് മലങ്കര ക്രിസ്ത്യൻ സഭയുടെ പൗലോസ് കുന്നുമ്മേൽ അച്ചൻ. യാക്കോബായ സഭയുടെ ഉണർവ്വ് പ്രസ്ഥാനത്തിലെ തീനാവ് ആയിരുന്നു . മലങ്കര മുഴുവൻ ഉണർവ്വ് കൂട്ടങ്ങളെ നയിച്ച ഒരു കാലം അച്ചന് ഉണ്ടായിരുന്നു. മലങ്കരയുടെ ഹൃദയസ്ഥാനം എന്ന നിലയിൽ മണർകാട്ടെ പതിവ് സന്ദർശകൻ ആയിരുന്നു അച്ചൻ ; അവിടെയും വലിയൊരു ഉണർവ്വ് കൂട്ടം ഉണ്ടായിരുന്നു.ഞാൻ ആ കാലത്തു രക്ഷിക്കപ്പെട്ടിരുന്നില്ലയെങ്കിലും എല്ലാത്തരം പ്രസംഗങ്ങളും കേൾക്കുന്ന ശീലം ഉണ്ടായിരുന്നതിനാൽ അച്ചന്റെ പ്രസംഗങ്ങൾ വളരെ ശ്രദ്ധിച്ചിട്ടുണ്ട്, അവയിൽ പലതും എന്റെ സ്മൃതിപഥത്തിൽ ഉണ്ട്. യാക്കോബായ സഭയിലെ തന്റെ പൗരോഹിത്യത്തിന് കാൽ നൂറ്റാണ്ട് പ്രായമാകുമ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ട് താൻ വിശ്വാസസ്നാനം സ്വീകരിച്ചു . തന്റെ കൂടെ അനേക പുരോഹിതന്മാരും നൂറു കണക്കിന് വിശ്വാസികളും സ്നാനം സ്വീകരിച്ചു , ഇന്നുള്ള മലങ്കര ക്രിസ്ത്യൻ സഭ രൂപം കൊള്ളുന്നത് അങ്ങിനെ ആണ്. ഇന്നത്തെ യാക്കോബായ സഭയിൽ ഫാ. പൗലൂസ് പാറേക്കര എന്ന പേരിൽ ഒരു പ്രസംഗി ഉണ്ട് എന്നാൽ അദ്ദേഹത്തിൽ നിന്നും വ്യത്യസ്തമായി തിരുവെഴുത്തിന്റെ ആഴങ്ങളിലേക്ക് പോകുന്ന പ്രസംഗങ്ങൾ ആയിരുന്നു കുന്നുമേലച്ചന്റേതു. അച്ചന്റെ പ്രാർത്ഥനാ ജീവിതം എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ് , യാക്കോബായ സഭയിൽ ആയിരിക്കുമ്പോൾ തന്നെ കുർബാന കഴിഞ്ഞാലും മണിക്കൂറുകൾ മദ്ബഹയിൽ ഇരുന്നു പ്രാർത്ഥിക്കുന്നത് അച്ചന്റെ ശീലം ആയിരുന്നു ,ഒരുവന്റെ സ്വഭാവം അറിയണമെങ്കിൽ അയാളോട് ഏറ്റവും അടുപ്പമുള്ള വ്യക്തി അയാളെ എങ്ങനെ കാണുന്നു എന്ന് നോക്കിയാൽ മതി എന്നൊരു ചൊല്ല് ഉണ്ട് , ഇവിടെ അച്ചന്റെ സന്തത സഹചാരി ആയിരുന്ന കപ്യാർ , അച്ചൻ സ്നാനപ്പെട്ടു എന്ന് അറിഞ്ഞ ഉടനെ മറ്റൊരു അന്വേഷണവും കൂടാതെ സ്നാനമേറ്റു , കാരണം അച്ചന്റെ വിശ്വാസവും പ്രാർത്ഥനാജീവിതവും നേരിട്ട് ആരേക്കാളുമധികം അറിയാവുന്ന കപ്യാർ പറഞ്ഞത് എന്റെ അച്ചന് തെറ്റുകയില്ല എന്നാണ്. തൊടുപുഴയ്ക്ക് അപ്പുറം ചീനിക്കുഴി എന്ന സ്ഥലത്താണ് അച്ചന്റെ വീട് , ആര് ചെന്നാലും അതിഥി സൽക്കാരം മറക്കാതെ ഭക്ഷണം കൊടുത്തു നാട്യങ്ങൾ ഇല്ലാതെ നാടൻ സ്നേഹം കൊണ്ട് സൽക്കരിക്കുന്നതാണ് രീതി . ദ്രവ്യാഗ്രഹത്തിന്റെ കണിക പോലുമില്ലാത്ത അച്ചൻ എവിടെ എങ്കിലും പ്രസംഗിക്കാൻ പോയാൽ അവിടെ നിന്ന് കിട്ടുന്ന കൈമടക്ക് പിറ്റേ ദിവസം സഭയിൽ ഓഫിസിൽ കൊടുത്തു ചീട്ടാക്കും. അത് കൊണ്ട് തന്നെ താൻ ഒരിക്കലും ഒരു വിദേശയാത്രയ്ക്ക് തുനിഞ്ഞിട്ടില്ല , 25 വർഷമായി സഭയിൽ ബഹുമാനിതനായിരുന്ന അച്ചൻ സ്നാനപ്പെട്ട സാക്ഷ്യം വിറ്റു കാശാക്കിയതേയില്ല.അക്കിടി പറ്റിയവരും അര അച്ചന്മാരും വ്യഭിചാരത്തെ പിടിക്കപ്പെട്ടു കുപ്പായം നഷ്ടപ്പെട്ടവരും ഒക്കെ ത്യാഗപൂർണ്ണമായി പൗരോഹിത്യം ഒഴിഞ്ഞു എന്ന കള്ളസാക്ഷ്യം പറഞ്ഞു പെന്തക്കോസ്തു ലോകത്തു പകൽക്കൊള്ളയും തീവെട്ടിക്കൊള്ളയും ( ഉപവാസ പ്രാർത്ഥനയും രാത്രി കൺവൻഷനും ) നടത്തുമ്പോൾ താൻ ഒരിക്കലും ഒരിടത്തേക്കും പോയില്ല. എന്റെ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ടിട്ടുള്ള ആത്മീകനായ ദൈവത്തെ ഭയപ്പെടുന്ന ഒരു ദൈവദാസനെ കുറിച്ച് എഴുതാൻ സാധിച്ചത് തന്നെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply