ഫീച്ചർ: ജെയിംസ് ഹഡ്‌സൺ ടെയ്‌ലർ | ബിജോയ് തുടിയാൻ
1832 മെയ് 21– നു ജയിംസിന്‍റെയും അമേലിയയുടെയും മകനായി ഇംഗ്ലണ്ടിലെ ബാറൺസ്ലി എന്ന സ്ഥലത്തു ജനിച്ചു. നല്ല ആത്മീക അന്തരീക്ഷത്തിലാണ് ഹഡ്‌സൺ വളർന്നു വന്നത്. പിതാവ് മെത്തഡിസ്റ്റ് സഭയിലെ ഒരു പ്രസംഗികനായിരുന്നു. ആ കാലയളവിൽ ലോക സുവിശേഷീകരണത്തിന് എല്ലാ ക്രൈസ്തവ സഭകളും പ്രാധാന്യം നൽകിയിരുന്നു. വിവിധ രാജ്യങ്ങളെക്കുറിച്ചും അവിടെയുള്ള ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകളും, സുവിശേഷവൽക്കരണത്തിന്‍റെ ആവശ്യങ്ങളെല്ലാം സഭകളിൽ പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുക പതിവായിരുന്നു.
ഹഡ്‌സൺ ടെയ്‌ലർ ജനിക്കുന്നതിനു മുമ്പ് തന്നെ മാതാപിതാക്കൾ ചൈന എന്ന രാജ്യത്തെ ഓർത്തു പ്രാർത്ഥിക്കുകയും അവിടെ പോകുവാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു . അന്നത്തെ സഭകളിൽ കൊച്ചു കുഞ്ഞുങ്ങൾ ഇതൊക്കെയും കേട്ടാണ് വളർന്നു വന്നത് . ചെറുപ്രായത്തിൽ തന്നെ ദൈവാത്മാവ് ഹഡ്‌സൺ ടെയ്‌ലറിൽ പ്രവൃത്തിച്ചിരുന്നു. ഒരിക്കൽ 4 വയസ്സുള്ളപ്പോൾ ഹഡ്‌സൺ പറഞ്ഞു “ ഞാൻ വലുതാകുമ്പോൾ ഒരു മിഷനറിയായി ചൈനയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്.”
എന്നാൽ പതിനഞ്ച് വയസ്സായപ്പോൾ തന്‍റെ മിഷണറി ആഗ്രഹം മാറ്റിവെച്ച് ഒരു പ്രാദേശിക ബാങ്കിൽ ജൂനിയർ ക്ലാർക്കായി ജോലി ചെയ്യാൻ ആരംഭിച്ചു.
അദ്ദേഹത്തിന് 17 വയസ്സുള്ളപ്പോൾ തന്‍റെ പിതാവിന്‍റെ ലൈബ്രറിയിൽ കണ്ട “ദി ഫിനിഷ്ഡ് വർക്ക് ഓഫ് ക്രൈസ്സ്റ്റ്” (The Finished work of Christ) എന്ന തലക്കെട്ടുള്ള സുവിശേഷ ലഘുലേഖ വായിക്കുവാൻ ഇടയായി. “ക്രിസ്തുവിന്‍റെ പൂർത്തീകരിച്ച പ്രവൃത്തി” എന്ന പ്രയോഗത്തിൽ അദ്ദേഹം വന്നു, “ ഇത് പൂർത്തിയായി” എന്ന വാക്കുകൾ ഓർമ്മിച്ചുകൊണ്ട് അദ്ദേഹം തന്നോടുതന്നെ ചോദ്യം ചോദിച്ചു എന്താണ് പൂർത്തിയായത്? ആ ചോദ്യത്തിന്‍റെ ഉത്തരം കർത്താവായ യേശു ക്രിസ്തു എന്‍റെ പാപത്തിന്‍റെ പരിഹാരത്തിനായി കാൽവരി കുരിശിൽ യാഗമായിത്തീർന്നു എന്ന സത്യം മനസ്സിലാക്കുകയും അപ്പോൾ തന്നെ അവൻ ക്രിസ്തുവിനെ തന്‍റെ രക്ഷകനും കർത്താവുമായി സ്വീകരിക്കുകയും ചെയ്തു.
മാസങ്ങൾ കഴിഞ്ഞപ്പോൾ തന്‍റെ ആത്മീയ അവസ്ഥയിൽ വലിയ അതൃപ്തി അനുഭവപ്പെട്ടു തുടങ്ങി. ആദ്യത്തെ ഉത്സാഹവും ആത്മാക്കളോടുള്ള തീക്ഷ്ണതയും തണുത്തു. 1849 ഡിസംബർ 2-ന് അദ്ദേഹം കർത്താവിനോടൊപ്പം വ്യക്തിപരമായി സമയം ചിലവഴിച്ചു. ആ സമയത്തു “ഞാൻ നിന്നോട് കൂടെ എപ്പോഴും ഉണ്ടാകും” എന്ന കർത്താവിന്‍റെ മൃദു സ്വരം കേൾക്കുവാൻ ഹഡ്‌സൺ ടെയ്‌ലറിനു സാധിച്ചു. താൻ ചൈനയിലേക്ക് പോകുമെന്ന് കർത്താവിനോട് വാക്ക്നൽകുകയും ചെയ്തു. ഹഡ്‌സൺ ചൈനയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ച് ചൈനയെക്കുറിച്ചു കൂടുതൽ മനസിലാക്കി. കൂടാതെ ചൈനീസ് ഭാഷയും ഗ്രീക്ക്, ഹീബ്രു, ലാറ്റിൻ ഭാഷകളും പഠിക്കുവാൻ തുടങ്ങി.
1849 ഡിസംബറിൽ, തന്‍റെ 17 )൦ മത്തെ വയസ്സിൽ ഒരു മിഷനറിയായി ചൈനയിലേക്ക് പോകുവാൻ അദ്ദേഹം സ്വയം സമർപ്പിച്ചു. ഈ സമയത്ത് അദ്ദേഹം പ്ലിമൗത്ത് ബ്രദറൺ മൂവ്മെന്‍റിന്‍റെ ആദ്യകാല മിഷനറിമാരായ ആന്റണി നോറിസ് ഗ്രോവ്സിനെയും , എഡ്വേർഡ് ക്രോണിനുമായി ബന്ധപ്പെട്ടു. ബാഗ്ദാദിലേക്കുള്ള ആദ്യ മിഷനറി ടീമിലെ അംഗങ്ങളായിരുന്നു ഇവർ. ഇവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ് ഹഡ്‌സൺ ടെയ്‌ലർ “ഫെയ്‌ത് മിഷൻ” തത്വങ്ങൾ മനസ്സിലാക്കിയത് .
1852 ൽ, ചൈനീസ് ഇവാഞ്ചലൈസേഷൻ സൊസൈറ്റിയുടെ സഹായത്തോടെ അദ്ദേഹം ഈസ്റ്റ് എൻഡിലെ ലണ്ടൻ ഹോസ്പിറ്റലിൽ ഡോക്ടറായി പരിശീലനം നേടി.
1853 സെപ്റ്റംബർ 19-ന് ലിവർപൂളിൽ നിന്ന് കപ്പൽ കയറി. രണ്ട് തവണ കൊടുക്കാറ്റിൽ കപ്പൽ തകരാൻ പോയി . നരഭോജികൾ താമസിക്കുന്ന ന്യൂ ഗിനിയയുടെ സമീപ പ്രദേശങ്ങളിൽകൂടെയാണ് കപ്പൽ പോകുന്നത് . കാറ്റു കപ്പലിനെ ആ സ്ഥലത്തുള്ള പാറക്കെട്ടുകളിലേക്ക് അതിവേഗം കൊണ്ടുപോയതിനാൽ ക്യാപ്റ്റൻ നിരാശനായി. ഹഡ്‌സൺ ടെയ്‌ലറും മറ്റുള്ളവരും യോഹന്നാന്‍റെ സുവിശേഷം 14:13 പ്രകാരം കർത്താവിനോട് പ്രാർത്ഥിച്ചു . കർത്താവ് ഉടൻ തന്നെ ശക്തമായ ഒരു കാറ്റ് അയച്ചു, അത് അവരെ സുരക്ഷിതമായ പാതയിൽ യാത്രയാക്കി. 5 മാസത്തെ ത്യാഗപൂർവ്വമായ യാത്രയ്‌ക്കൊടുവിൽ 1854 മാർച്ച് 1 ന് അദ്ദേഹം ചൈനയിലെ ഷാങ്ഹായിൽ എത്തി.
ആ കാലഘട്ടങ്ങളിൽ ചൈനയിൽ ആഭ്യന്തര യുദ്ധം നടക്കുന്ന സമയമായിരുന്നു . തന്‍റെ ജീവിതത്തിൽ അനുഭവപ്പെട്ട ഭയങ്കര കാഴ്ചകളായിരുന്നു അത്. ഒരു യുവാവിന് താങ്ങാവുന്നതിലധികമായിരുന്നു അവിടെ നടന്ന സംഭവങ്ങൾ . അവൻ നിരാശനാകുകയും ഗൃഹാതുരത്വം അനുഭവിക്കപ്പെടുകയും ചെയ്തു. മാതാപിതാക്കളുടെയും സഹോദരിയുടെയും നീണ്ട കത്തുകൾക്കൊപ്പം അവന്‍റെ സമയങ്ങൾ ചെലവഴിച്ചു.
1855 മുതൽ ഷാങ്ഹായ് പരിസരത്ത് പ്രസംഗ പര്യടനങ്ങൾ നടത്തുവാൻ ആരംഭിച്ചു. രോഗികൾക്ക് ആവശ്യമായ മരുന്നുകളും ഒക്കെയായി ആളുകളുടെ അടുത്ത് പോയെങ്കിലും പലപ്പോഴും ആളുകൾ അത് സ്വീകരിച്ചില്ല. താൻ പോകുന്നിടത്തെല്ലാം തന്നെ “കറുത്ത പിശാച്” എന്നാണ് ആളുകൾ വിളിച്ചിരുന്നത്. താൻ ധരിച്ച ഓവർ കോട്ട് കാരണം ആണെന്ന് ടെയ്‌ലർ മനസ്സിലാക്കി. പിന്നീട് ചൈനീസ് വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ജനങ്ങളുടെ അടുത്തേക്ക് ഇറങ്ങി ചെന്ന് അവരിൽ ഒരുവനെപ്പോലെ അവരോടു സ്നേഹത്തിന്‍റെയും കരുണയുടെയും സമാധാനത്തിന്‍റെയും മാർഗ്ഗത്തെക്കുറിച്ചു പ്രസംഗിക്കുകയും അങ്ങിനെ പ്രേക്ഷകരെ നേടാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു . ഷാങ്ഹായിലും പരിസരത്തും അദ്ദേഹം ആയിരക്കണക്കിന് ചൈനീസ് സുവിശേഷ ലഘുലേഖകളും തിരുവെഴുത്തുകളുടെ ഭാഗങ്ങളും വിതരണം ചെയ്തു. അതിന്‍റെ ഫലമായി അനേകർ ക്രിസ്തുവിനെ രക്ഷകനും കർത്താവുമായി കണ്ടെത്തുവാൻ ഇടയായി .
1856 ഒക്ടോബറിൽ തന്‍റെ എല്ലാ മെഡിക്കൽ സാമഗ്രികളും മരുന്നുകളും തീപിടുത്തത്തിൽ നശിച്ചു. പിന്നീട് താൻ ചൈനയുടെ ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന സമയത്തു അദ്ദേഹത്തിന്‍റെ വീട്ടിൽ ഉള്ള മിക്കവാറും എല്ലാ സാധനങ്ങളും കള്ളന്മാർ എടുത്തു കൊണ്ടുപോയി . ഈ സംഭവം അറിഞ്ഞ പ്രാർത്ഥനാ മനുഷ്യനും ഹഡ്‌സൺ ടെയ്‌ലറിന് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകുന്ന ജോർജ്ജ് മുള്ളറിൽ നിന്ന് ഒരു കത്ത് ലഭിച്ചു . കർത്താവിൽ പൂർണമായി ആശ്രയിച്ചു പ്രാർത്ഥനയോടെ സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്കായി സന്തോഷത്തോടെ പ്രവൃത്തിക്കണം എന്ന പ്രോത്സാഹന വാക്കുകളായിരുന്നു അതിൽ അടങ്ങിയിരുന്നത് .
1857-ൽ അദ്ദേഹം മരിയ ഡയറിനെ വിവാഹം കഴിച്ചു. 1860-ൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ടെയ്‌ലർ മരിയയോടും അവരുടെ കുഞ്ഞു മകളോടുമൊപ്പം ഇംഗ്ലണ്ടിലേക്ക് മടങ്ങി.
1865 ജൂൺ 25-ന് ഇംഗ്ലണ്ടിന്‍റെ തെക്കൻ തീരത്തുള്ള ബ്രൈറ്റൺ പട്ടണത്തിലെ കടൽ തീരത്തു ഇരുന്നുകൊണ്ട് ചൈനയിലെ ആയിരക്കണക്കിന് ജനങ്ങളെ ഓർത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ദൈവം നൽകിയ കാഴ്‌ചപ്പാടിൽ ആരംഭിച്ചതാണ് “ചൈന ഇൻലാൻഡ് മിഷൻ”.
അപ്പോസ്തലനായ പൗലോസിന് ശേഷമുള്ള പത്തൊൻപത് നൂറ്റാണ്ടുകളിൽ ലോകം കണ്ട ഒരു വലിയ സുവിശേഷകനാണ് ഹഡ്‌സൺ ടെയ്‌ലർ . വിശാലമായ ഒരു ദർശനവും ചൈന എന്ന വിശാലമായ ഭൂമിശാസ്ത്ര പരമായ ഒരു പ്രദേശത്തെ സുവിശേഷവൽക്കരിക്കാനുള്ള കൂടുതൽ ചിട്ടയായ പദ്ധതി വിശ്വാസത്താൽ നടപ്പിലാക്കുകയും ചെയ്ത വ്യക്തിയുമാണ് ഹഡ്‌സൺ ടെയ്‌ലർ. അദ്ദേഹത്തിന്‍റെ 51 വർഷത്തെ സേവനത്തിനിടയിൽ, ചൈന ഇൻലാൻഡ് മിഷൻ 20 മിഷൻ സ്റ്റേഷനുകൾ സ്ഥാപിച്ചു . 849 മിഷനറിമാരെ പല രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്ക് കൊണ്ടുവന്നു. ഏകദേശം 700 ചൈനീസ് സുവിശേഷകന്മാരെ പരിശീലിപ്പിച്ചു. ചൈനീസ് ഭാഷയിൽ ബൈബിൾ വിവർത്തനം ചെയ്യുവാൻ സഹായിച്ചു. 125 സ്കൂളുകൾ സ്ഥാപിച്ചു. അനേകരെ ക്രിസ്തു ശിഷ്യരാക്കുവാൻ ഈ പ്രവർത്തനങ്ങൾ മൂലം സാധിച്ചു.
“എനിക്ക് വായിക്കാൻ കഴിയാത്തപ്പോൾ, എനിക്ക് ചിന്തിക്കാൻ കഴിയാത്തപ്പോൾ, എനിക്ക് പ്രാർത്ഥിക്കാൻ പോലും കഴിയാത്തപ്പോൾ, എനിക്ക് വിശ്വസിക്കാൻ കഴിയും.” ഇതാണ് ഹഡ്‌സൺ ടെയ്‌ലറുടെ പ്രധാനപ്പെട്ട ഉദ്ധരണികളിൽ ഒന്ന്.
1905 ജൂൺ 3 ന് ചൈനയിൽ വെച്ച് അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്നേക്ക് 118 വർഷം മുൻപ് യേശു ക്രിസ്തുവിന്‍റെ വിശ്വസ്‌ത ശിഷ്യനായി ജീവിച്ച ഹഡ്‌സൺ ടെയ്‌ലറിന്‍റെ ജീവിതം ഇന്നും അനേകർക്ക് പ്രചോദനമായി തീർന്നുകൊണ്ടിരിക്കുന്നു. അദ്ദേഹം കർത്താവിൽ ആശ്രയിച്ചും വിശ്വസിച്ചും സ്നേഹിച്ചും ആരംഭിച്ച പ്രവർത്തനങ്ങൾ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ന് ചൈനയിൽ വളരെ അധികം എതിർപ്പുകളുടെ മധ്യത്തിലും ക്രൂശിന്റെ സാക്ഷികളായി വിശ്വാസത്തിൽ ഉറച്ചു നിക്കുന്നവർ ഹഡ്‌സൺ ടെയ്‌ലറിന്‍റെ പ്രവർത്തനഫലമായി ക്രിസ്തുവിനെ അറിഞ്ഞവരുടെ പിൻ തലമുറക്കാരാണ് ..
“ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ”. (2 തിമൊഥെയൊസ് 4:7,8.)