എഡിറ്റോറിയൽ: പ്രീയപെട്ടവരെ യാത്രാമൊഴികൾ

എഡിസൺ ബി ഇടയ്ക്കാട്

രാത്രിയിൽ ഉറങ്ങാൻ കിടന്നു. അതിരാവിലെ അവരിൽ ചിലർ ഒന്നുമറിഞ്ഞില്ല. കിടക്കയിൽ തന്നെ അവരിൽ ചിലർ നിശ്ചലരായി. മറ്റുചിലർ പുക പൊങ്ങിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ മരണം അവരുടെ പിന്നാലെ ഉണ്ടായിരുന്നു.

രാത്രിയിൽ ഉറങ്ങും മുമ്പ് ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവരെ വിളിച്ച് സന്തോഷം പങ്കുവെച്ചവർ, ഭാര്യയോടും കുഞ്ഞുങ്ങളോടും സ്നേഹ വാത്സല്യങ്ങളോടെ  സംസാരിച്ചവർ, കുഞ്ഞുങ്ങൾക്ക് സ്നേഹ വാഗ്ദാനങ്ങൾ നൽകിയവർ, പ്രതീക്ഷകളുടെ സ്വപ്നമകുടം പണിയാൻ ശ്രമിച്ചവർ., പക്ഷേ നേരം ഇരുട്ടി വെളുക്കും മുമ്പ് മരണം അവരെ തേടിയെത്തി.

രാവിലെ തീ പടർന്ന വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ സുഹൃത്തുക്കളും കൂടപ്പിറപ്പുകളും തങ്ങളുടെ ആരെങ്കിലും ആ കെട്ടിടത്തിൽ ഉണ്ടോ എന്ന അന്വേഷണത്തിൽ ആയിരുന്നു. ചിലരുടെ ഫോണുകൾ ശബ്ദിക്കുന്നില്ല, മെസ്സേജുകൾക്ക് മറുപടികൾ ഇല്ല. സുഹൃത്തുക്കളെ അന്വേഷിച്ചിറങ്ങിയവർ  കെട്ടിടത്തിൽ നിന്നും പുറത്തിറക്കിയവരെ കൊണ്ടുപോയ ആശുപത്രികളിലേക്ക് തേടിയിറങ്ങി. ആശുപത്രിയിലെ റിസപ്ഷനിൽ എത്തി പേര് പറഞ്ഞ് അന്വേഷണം നടത്തിയെങ്കിലും ചിലരെക്കുറിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

അടുത്ത ദിവസത്തെ ജോലി സമയത്തെക്കുറിച്ച് നിശ്ചയം ഉള്ളതിനാൽ കിടന്നുറങ്ങിയവർ പിന്നെ എഴുന്നേറ്റിട്ടില്ല. ഉയർന്നുപൊങ്ങിയ പുക ശ്വാസം നിലപ്പിച്ചു, കാഴ്ചയെ മറച്ചു. രക്ഷപെടാൻ ശ്രമിച്ചവരിൽ പലർക്കും അത് അവസാന കാൽച്ചുവടുകൾ ആയിരുന്നു. പ്രാണരക്ഷാർത്ഥം ജനൽ പാളികളിൽ എത്തി പലരും നിലവിളിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.

അവധി ദിനങ്ങൾക്കായി കാത്തിരുന്നവർ, ആദ്യ ശമ്പളം വാങ്ങി അധിക ദിവസമാകാത്തവർ, അവധി കഴിഞ്ഞു മടങ്ങിയെത്തിയവർ, ആദ്യ പ്രവാസ ജീവിതത്തിന് തുടക്കമിട്ടവർ, പൂർത്തിയാക്കാത്ത ഭവനവും ഓർഡർ ചെയ്ത വാഹനവും നാട്ടിലേക്ക് അയക്കാൻ സാധനങ്ങളും വാങ്ങി വച്ചവർ., എല്ലാം ആ തീയിൽ എരിഞ്ഞമർന്നു.

സ്വപ്നതുല്യമായ ജീവിതം ലക്ഷ്യമാക്കി പ്രവാസജീവിതം തുടങ്ങിയവർ, പ്രാരാബ്ദങ്ങളും ലക്ഷ്യങ്ങളും വഴിയിൽ ഉപേക്ഷിച്ചു മടങ്ങുകയായി…..

പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളെ  ആദരാഞ്ജലികൾ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.