ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ വേൾഡ് വിഷന് വിലക്കുമായി കേന്ദ്ര സർക്കാർ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ സന്നദ്ധ സംഘടനകളിലൊന്നായ വേൾഡ് വിഷൻ ഇന്ത്യയെ വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ നിന്ന് സർക്കാർ നിരോധിച്ചു. വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനുള്ള തങ്ങളുടെ രജിസ്ട്രേഷൻ ഫെഡറൽ സർക്കാർ റദ്ദാക്കിയെന്നു എൻജിഒയുമായി ബന്ധമുള്ള പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ യുസിഎ ന്യൂസിനോട് പറഞ്ഞു. അതേസമയം രാജ്യത്തിനുള്ളിൽ നിന്നു തന്നെ ധനസഹായത്തിന്റെ പിന്തുണയുള്ളതുകൊണ്ട്, നിരോധനം, രാജ്യത്തിലുള്ള ഏജൻസിയുടെ പദ്ധതികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് സന്നദ്ധ സംഘടനയുടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഏഴ് പതിറ്റാണ്ടുകളായി കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടു ഇന്ത്യയിൽ സന്നദ്ധ സഹായം ലഭ്യമാക്കുന്ന വേൾഡ് വിഷൻ ഇന്ത്യയുടെ ഉദ്യോഗസ്ഥൻ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. വേൾഡ് വിഷൻ ഇന്ത്യയുടെ രാജ്യവ്യാപകമായ പ്രവർത്തനങ്ങളുടെ ചെലവ് നിറവേറ്റാൻ ആഭ്യന്തര ഫണ്ട് അപര്യാപ്തമായതുകൊണ്ട്, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള സർക്കാരിന്റെ തീരുമാനം രാജ്യത്തിലുള്ള പ്രവർത്തനത്തെ മന്ദഗതിയിലാക്കുമെന്ന് സൂചനയുണ്ട്. വേൾഡ് വിഷൻ ഇന്ത്യ, 22 സംസ്ഥാനങ്ങളിലായി, പ്രവർത്തനനിരതമാണ്.
എൻജിഒയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് പിന്നിലെ കാരണങ്ങളോ മറ്റ് വിവരങ്ങളോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വേൾഡ് വിഷൻ ഇന്ത്യയുടെ ചെന്നൈയിലെ ആസ്ഥാനവുമായി യുസിഎ ന്യൂസ് ബന്ധപ്പെട്ടപ്പോൾ, വിശദാംശങ്ങൾ പങ്കിടുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ വിസമ്മതിച്ചു. ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ എഫ്‌സിആർഎ രജിസ്‌ട്രേഷനും ആഭ്യന്തര മന്ത്രാലയം ഈ മാസം റദ്ദാക്കിയിരുന്നു.
2014-ൽ ഹിന്ദുത്വ അനുകൂല നിലപാടുള്ള ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം 16,000-ലധികം എൻജിഒകളുടെ എഫ്‌സിആർഎ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്. 2022 ജനുവരിയിലെ കണക്കനുസരിച്ച്, രാജ്യത്ത് 16,989 എഫ്‌സിആർഎ രജിസ്റ്റർ ചെയ്ത എൻജിഒകൾ ഉണ്ട്. മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സന്നദ്ധ സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ വേട്ടയാടലിന് ഇരയായിട്ടുണ്ട്.