എഡിറ്റോറിയൽ : അമൂല്യമായ ബാല്യകാലം | ഷെറിൻ ബോസ്
മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. മനുഷ്യായുസ്സിന്റെ മനോഹര കാലഘട്ടമാണ് ശൈശവകാലം. ഒരുപ്രാവശ്യം കൂടെ തിരിച്ചു കിട്ടിയാൽ നന്നായിരുന്നു എന്ന് ആഗ്രഹിച്ചാലും കഴിയാത്ത അമൂല്യമായ കാലം. വ്യക്തിയുടെ സ്വഭാവരൂപീകരണം സംഭവിക്കുന്ന കാലഘട്ടം കൂടിയാണ് ശൈശവകാലം. മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന സമയമാണിത്. ജ്ഞാനികളിൽ ജ്ഞാനിയായ ശാലോമോന്റെ വാക്കുകൾ ശ്രദ്ധിക്കൂ; ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. അങ്ങനെയെങ്കിൽ ജീവിതത്തിന്റെ ഭാവിയെ തീരുമാനിക്കുന്നത് ബാല്യത്തിലുള്ള അഭ്യസനവും, ശിക്ഷണവും , ശാസനകളും , തിരുത്തലുകളുമാണെന്ന് ശങ്കയെന്യേ വ്യക്തമാണ്.
ദൈവം നൽകിയ അവകാശത്തെ വളരെ കരുതലോടെ വേണം മാതാപിതാക്കൾ വളർത്തുവാൻ. ഒരിക്കലും അവർ തങ്ങളുടെ ജീവിതത്തിൽ ഇല്ലാതിരുന്ന കാര്യങ്ങൾ മക്കളിൽ ഉണ്ടാവണം എന്ന് ശഠിക്കരുത്. അത് കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വളരെ പ്രതികൂലമായി പരിണമിക്കും. ഇപ്പോഴുള്ള സാമൂഹിക വ്യവസ്ഥിതിയിൽ കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നത് ; അവരെ മനസ്സുതുറന്ന് സ്നേഹിക്കുന്നവരെ, അവർ പറയുന്നത് ശ്രദ്ധിക്കുന്നവരെ, അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നവരെയൊക്കെയാണ്. പൗലോസ് അപ്പോസ്തോലൻ എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ ഇപ്രകാരം പിതാക്കന്മാരെ ഉപദേശിച്ചിരുന്നു; പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ. കുഞ്ഞുങ്ങളെ ശിക്ഷിക്കരുതെന്നോ തെറ്റുതിരുത്തരുതെന്നോ അല്ല; അവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന വിധത്തിൽ ആകരുതെന്നുമാത്രം. ദേഷ്യത്തോടെയല്ല സ്നേഹത്തോടെ ശിക്ഷിക്കുകയത്രെ വേണ്ടത്. മാതാപിതാക്കൾ കുഞ്ഞുങ്ങൾ ചെയ്യുന്ന എല്ലാകാര്യത്തിലും കുറ്റംമാത്രം കണ്ടുപിടിക്കാതെ, അവരുടെ നേട്ടങ്ങളിൽ മനസ്സുനിറഞ്ഞു പ്രോത്സാഹിപ്പിക്കുകയും അനുമോദിക്കാനും മറന്നുപോകരുത്.
കുടുംബങ്ങളിൽ നിത്യേനയുള്ള വചനധ്യാനവും പ്രാർത്ഥനയും കുഞ്ഞുങ്ങളുടെ ആത്മീകജീവിതത്തെ വാർത്തെടുക്കുന്നതിന് ഉതകുന്നതാണ്. സങ്കീർത്തനക്കാരൻ പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണ് ; ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ. അതുകൊണ്ട് ദൈവം നല്കിയ പ്രതിഫലത്തെ അമൂല്യമെന്ന് ഓർത്ത് ലഭിച്ച ദൈവകൃപയ്ക്കനുസരിച്ച് ദൈവത്തിനു പ്രീതിയുള്ളവരായി വളർത്തി നിത്യതയ്ക്ക് അവരെ ഓഹരിക്കാരാക്കാം.
ഷെറിൻ ബോസ്