മിഷോങ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; പ്രളയക്കയത്തിൽ ചെന്നൈ നഗരം
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നിലവിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് മദ്ധ്യ പടിഞ്ഞാറൻ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് സമീപം ആന്ധ്രാപ്രദേശിന്റെ തെക്ക് ഭാഗത്തും വടക്കൻ തമിഴ്‌നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു. ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ അവസാന ഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് സന്ദേശം പുറത്തുവിട്ടു.
ഡിസംബർ 5 ന് ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായേക്കാം. മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ ഈ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ മിതമായ, ഇടത്തരം ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
അതേസമയം മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ/കോർപ്പറേഷനുകൾ, ബോർഡുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കും നാളെ സർക്കാർ അവധി പ്രഖ്യാപിച്ചു.