കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ 1.62 കോടി വർധന: യൂറോപ്പിൽ കുറഞ്ഞു
ന്യൂഡൽഹി: ലോകത്തു കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ 2021ൽ 1.62 കോടി വർധനയുണ്ടായെന്നു വത്തിക്കാൻ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ലോക ജനസംഖ്യാ വളർച്ചയുടെ അനുപാതം പരിഗണിച്ചാൽ കത്തോലിക്കരുടെ എണ്ണത്തിൽ നേരിയ കുറവാണുണ്ടായിട്ടുള്ളത്. 2020ൽ ലോക ജനസംഖ്യയുടെ 17.7% ആയിരുന്നു കത്തോലിക്കർ; 2021ൽ ഇത് 17.67 ശതമാനമായി.
ഭൂഖണ്ഡങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ, ആഫ്രിക്കയിലാണു കത്തോലിക്കരുടെ എണ്ണത്തിൽ കൂടിയ വർധന: 83 ലക്ഷം. അമേരിക്കയിൽ 62 ലക്ഷം, ഏഷ്യയിൽ 14 ലക്ഷം എന്നിങ്ങനെയാണ് വർധന; യൂറോപ്പിൽ 2.44 ലക്ഷം കുറഞ്ഞു. 2020ലെ എണ്ണവുമായി താരതമ്യം ചെയ്തുള്ളതാണു കണക്കുകൾ.
ബിഷപ്പുമാരുടെ എണ്ണം 5340; മുൻവർഷത്തെക്കാൾ 23 കുറഞ്ഞു. വൈദികരുടെ എണ്ണം 2347 കുറഞ്ഞ് 4,07,872 ആയി. യൂറോപ്പിൽ 3632, അമേരിക്കയിൽ 963 എന്നിങ്ങനെ വൈദികരുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ, ആഫ്രിക്കയിൽ 1518, ഏഷ്യയിൽ 719 എന്നിങ്ങനെ വർധനയുണ്ടായി. കന്യാസ്ത്രീകളുടെ എണ്ണത്തിലും ആഫ്രിക്കയിലും (2275), ഏഷ്യയിലുമാണ് (366) വർധന; യൂറോപ്പിലും (7804), അമേരിക്കയിലും (5185) കുറഞ്ഞു. 2021ൽ കന്യാസ്ത്രീകളുടെ മൊത്തം എണ്ണം 6,08,958.
കിന്റർഗാർട്ടൻ മുതൽ സർവകലാശാലാകൾവരെയുള്ള കത്തോലിക്ക വിദ്യാഭ്യാസ്ഥാപനങ്ങളിലായി മൊത്തം 6.56 കോടി വിദ്യാർഥികൾ. കത്തോലിക്ക സഭയുടെ കീഴിൽ മൊത്തം 5405 ആശുപത്രികളും 14,205 ഡിസ്പെൻസറികളും കുഷ്ഠരോഗികളെ പരിചരിക്കാനുള്ള 567 കേന്ദ്രങ്ങളും വൃദ്ധജനങ്ങൾക്കും കടുത്ത രോഗങ്ങൾ ബാധിച്ചവർക്കും മറ്റുമായി 15,276 കേന്ദ്രങ്ങളും 9703 അനാഥാലങ്ങളുമുണ്ടെന്നുമാണു കണക്ക്.