സംസ്ഥാനത്ത് വീണ്ടും നിപ വൈറസ്; രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിപ വൈറസ്. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്ക് പൂനയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ ഉടന്‍ സംസ്ഥാനത്തേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ കേന്ദ്രത്തിന്റെ സ്ഥിരീകരണം കേരളം തള്ളി. നിലവില്‍ കേരളത്തില്‍ നിപ സ്ഥിരീകരിച്ചതായി അറിയിപ്പൊന്നും വൈറോളജി ലാബില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് നിപ സംശയിക്കുന്നതായും വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് ശ്രവം അയച്ചതായും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് തെറ്റിധരിക്കപ്പെട്ടതാകാമെന്നും നിപ വൈറസ് സ്ഥിരീകരണത്തെ കുറിച്ച് വൈറോളജി ലാബില്‍ നിന്നും പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും വീണാ വിജയന്‍ അറിയിച്ചു.

2018 ല്‍ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലെ 49 കാരനും ആയഞ്ചേരി പഞ്ചായത്തിലെ 40കാരനുമാണ് നിപ്പ രോഗലക്ഷണങ്ങളോടെ ഒരാഴ്ചക്കിടെ മരിച്ചത്. മരുതോങ്കര സ്വദേശിയുടെ രണ്ട് മക്കളും ഭാര്യ സഹോദരനും സഹോദരന്റെ പത്ത് മാസമുള്ള കുട്ടിയും നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ 28 ന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ച ഇയാള്‍ രണ്ട് ദിവസത്തിന് ശേഷം ഇവിടെ വെച്ച് മരിക്കുകയായിരുന്നു.

ഇയാളുമായി നേരിട്ട് ബന്ധമില്ലാത്ത വടകര ആയഞ്ചേരി സ്വദേശിയായ 40 കാരനെ ഇന്നലെ വൈകിട്ടാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏറെ വൈകും മുമ്പെ ഇയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. ആരോഗ്യവകുപ്പ് ഇന്നലെ രാത്രി തന്നെ ജാഗ്രത നിര്‍ദേശമിറക്കിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like
Leave A Reply