മണിപ്പുർ വിഷയത്തില്‍ മോദിക്ക് 
എതിരെ ലോക്‌സഭയിൽ ‘ഇന്ത്യ’ യുടെ അവിശ്വാസപ്രമേയ നോട്ടീസ്‌

ന്യൂഡൽഹി: രാജ്യത്തിന്റെ മാനംകെടുത്തിയ മണിപ്പുർ വംശീയ കലാപവിഷയത്തിൽ പാർലമെന്റിൽ പ്രസ്‌താവനയ്‌ക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ലോക്‌സഭയിൽ അവിശ്വാസപ്രമേയ നോട്ടീസ്‌ നൽകി. പ്രതിപക്ഷക്കൂട്ടായ്‌മയായ ‘ഇന്ത്യ’യിലുണ്ടായ ധാരണപ്രകാരം കോൺഗ്രസ്‌ കക്ഷി ഉപനേതാവ്‌ ഗൗരവ്‌ ഗൊഗോയിയാണ്‌ ലോക്‌സഭാ നടപടിക്രമം ചട്ടം 198 പ്രകാരം പ്രമേയം അവതരിപ്പിക്കാൻ സ്‌പീക്കർ ഓം ബിർളയ്‌ക്ക്‌ നോട്ടീസ്‌ നൽകിയത്‌. നോട്ടീസ്‌ സ്വീകരിച്ചതായും പ്രമേയം ചർച്ചയ്‌ക്കെടുക്കുന്ന സമയം കക്ഷി നേതാക്കളുമായി ആലോചിച്ചശേഷം അറിയിക്കാമെന്നും സ്‌പീക്കർ സഭയിൽ പറഞ്ഞു.

പ്രമേയ നോട്ടീസ്‌ രാവിലെ 10നു മുമ്പ്‌ എഴുതിനൽകണമെന്നും ലഭിച്ച്‌ 10 ദിവസത്തിനകം സ്‌പീക്കർ അത്‌ സഭയിൽ വായിക്കണമെന്നുമാണ്‌ ചട്ടം. പ്രമേയം ചർച്ചയ്‌ക്ക്‌ എടുക്കാൻ 50 പേർ എഴുന്നേറ്റ്‌ പിന്തുണ നൽകണം. ‘ഇന്ത്യ’യിലെ കക്ഷികൾക്ക്‌ ലോക്‌സഭയിൽ മൊത്തം 144 അംഗങ്ങളുണ്ട്‌. ‘ഇന്ത്യ’യിൽ അംഗമല്ലാത്ത ബിആർഎസിന്റെ കക്ഷിനേതാവ്‌ നമ നാഗേശ്വർ റാവുവും അവിശ്വാസപ്രമേയ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. സഭയിൽ ബിആർഎസിന്‌ ഒമ്പത്‌ അംഗങ്ങളാണ്‌. എൻഡിഎക്ക്‌ 331 എംപിമാരുണ്ട്‌. മറ്റെല്ലാ കക്ഷികൾക്കുമായി 54 എം.പിമാരാണുള്ളത്‌. ലോക്‌സഭയിലെ കണക്ക്‌ ബിജെപിക്ക്‌ അനുകൂലമാണെങ്കിലും അവിശ്വാസപ്രമേയ ചർച്ചവഴി സർക്കാരിനെ തുറന്നുകാണിക്കാൻ കഴിയുമെന്ന്‌ പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. ഭരണഘടന പ്രകാരം ലോക്‌സഭയിൽ മാത്രമാണ്‌ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കഴിയുക.

മോദി സർക്കാരിനെതിരെ 2018ൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. രാജ്യസഭ ബുധനാഴ്‌ച ഉച്ചയ്‌ക്കുശേഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന്‌ രാജ്യസഭയിൽ ആവർത്തിച്ച്‌ ആവശ്യപ്പെടുമെന്ന്‌ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply