മണിപ്പുർ: ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലെന്ന് എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ
കൊൽക്കത്ത: മണിപ്പുരിൽ അക്രമികൾക്കു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അക്രമം തടയാൻ കഴിയാത്തതു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചയാണെന്നും എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ ആരോപിച്ചു. ഇംഫാലിൽ അക്രമികൾ തകർത്ത സെന്റ് പോൾസ് പള്ളി, പാസ്റ്ററൽ സെന്റർ ക്യാംപസ്, ദുരിതാശ്വാസ ക്യാംപുകൾ എന്നിവിടങ്ങൾ സന്ദർശിച്ചു.
2 ദിവസം മണിപ്പുരിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച എംപിമാർ സംസ്ഥാന സർക്കാരിനെ അറിയിക്കാതെയാണ് യാത്ര ചെയ്തത്. യാത്രയിൽ കണ്ടെത്തിയ യാഥാർഥ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു ബോധ്യപ്പെടുത്തും. കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ അനിവാര്യമാണെന്നും മണിപ്പുരിന്റെ യഥാർഥചിത്രം ആഭ്യന്തരമന്ത്രി അമിത് ഷായെയും കോൺഗ്രസ് നേതൃത്വത്തെയും രേഖാമൂലം അറിയിക്കുമെന്നും ഇരുവരും പറഞ്ഞു.
കേരളത്തിൽ നിന്നോ ഡൽഹിയിൽ നിന്നോ കേൾക്കുന്ന വാർത്തകളല്ല മണിപ്പുരിലേത്. നൂറിലധികം പേർ കൊല്ലപ്പെട്ടു. പതിനായിരങ്ങൾ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളിൽ മരുന്നുകളില്ല. സംസ്ഥാന ഭരണകൂടം തന്നെ ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്നുവെന്ന പരാതിയാണ് എല്ലാ ദിക്കിൽ നിന്നും ലഭിച്ചത്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല- ഹൈബി ഈഡനും ഡീൻ കുര്യാക്കോസും പറഞ്ഞു. ആയുധങ്ങൾ വരെ ഒരു വിഭാഗത്തിനായി സർക്കാർ വിതരണം ചെയ്തുവെന്നും ആക്ഷേപമുണ്ട്.
എഐസിസി നിയോഗിച്ച സംഘത്തിന് നേരത്തേ മണിപ്പുരിൽ സന്ദർശനം നിഷേധിക്കപ്പെട്ടിരുന്നു. ഇതുമൂലം സർക്കാരിനെ അറിയിക്കാതെയായിരുന്നു യാത്ര. യാത്രയിലുടനീളം ഞങ്ങളുടെ വാഹനം തടഞ്ഞു. സ്ത്രീകളാണ് വാഹനങ്ങൾ തടഞ്ഞ് ബാഗും രേഖകളും പരിശോധിച്ചത്. പിന്നിൽ പുരുഷന്മാരുണ്ടായിരുന്നു. എംപിമാരാണെന്ന് ആരെയും അറിയിച്ചില്ല. മെയ്തെയ്-കുക്കി കലാപമായതിനാൽ നാഗാ ഗോത്രക്കാരനായിരുന്നു ഞങ്ങളുടെ ഡ്രൈവർ – ഹൈബി ഈഡൻ പറഞ്ഞു.