ഏകീകൃത സിവിൽ കോഡ്; പൊതുജനാഭിപ്രായം തേടി ലോ കമ്മീഷൻ
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് (Uniform Civil Code) വിഷയത്തിൽ പൊതു ജനാഭിപ്രായം തേടി ലോ കമ്മീഷൻ. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിർദേശം. വ്യക്തികൾക്കും മത സംഘടനകൾക്കും അഭിപ്രായം അറിയിക്കാം.
2016ലാണ് ഏകീകൃത സിവിൽ കോഡ് രൂപീകരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടത്. പിന്നാലെ ഏകീകൃത സിവിൽ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങൾ കണ്ടെത്തി ഭേദഗതി ചെയ്യുകയെന്ന നിർദേശത്തോടെ 2018ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.
വിവാഹ പ്രായം 18 ആയി ഏകീകരിക്കുക, വിവാഹ മോചനത്തിനുള്ള നിയമങ്ങൾ ഏകീകരിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. നിലവിൽ ഗോവയാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിലവിലുള്ള സംസ്ഥാനം.
കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം ആയിരത്തോളം വ്യക്തിനിയമങ്ങളാണ് രാജ്യത്തുള്ളത്.