ഏ ജി വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര: റവ തോമസ് ചാക്കോ സൂപ്രണ്ട്
നവി മുംബൈ: വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര ഓഫ് സൗത്ത് ഇന്ത്യ ഏ ജി യുടെ 27) മത് കോൺഫറൻസ്, അന്ധേരിയിൽ വച്ചു നടത്തപ്പെട്ടു. ഡബ്ള്യു. ഡി. സി. എം. സൂപ്രണ്ട് റവ: വി. ഐ. യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത മീറ്റിങ്ങിൽ എസ്. ഐ.ഏജി. ജനറൽ സെക്രട്ടറി, റവ: കെ. ജെ. മാത്യു മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ടിൽ ഉള്ള എല്ലാ അംഗീകാരാധികാരമുള്ള ശുശ്രുഷകന്മാരും , അംഗീകൃത സഭകളുടെ പ്രതിനിധികളും മീറ്റിങ്ങിൽ പങ്കെടുത്തു.
രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിൽ റവ: തോമസ് ചാക്കോ (സൂപ്രണ്ട് ), റവ: ജോസഫ് ചെറിയാൻ (അസി. സൂപ്രണ്ട്), റവ: പോൾ വർഗീസ് (സെക്രട്ടറി), റവ: ജി. ജോയ്കുട്ടി (ട്രഷറർ), റവ: തോമസ് ജോസഫ് (കമ്മിറ്റി മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. രണ്ടുവർഷമാണ് പുതിയ കമ്മറ്റിയുടെ കാലാവധി.
സൂപ്രണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട റവ: തോമസ് ചാക്കോ കോഴഞ്ചേരി കോലോത്തു കുടുംബാംഗമാണ്. വളരെ ചെറുപ്പത്തിൽ ദൈവവേലക്കു സമർപ്പിച്ച അദ്ദേഹം ഹരിയാനയിൽ ഗ്രേസ് ബൈബിൾ കോളേജിൽ പഠനം പൂർത്തിയാക്കി 1990 മുതൽ മുംബയിൽ വിവിധ സഭകളിൽ ഇടയ ശുശ്രുഷ ചെയ്തു പോരുന്നു, ഇപ്പോൾ പൻവേൽ എ ജി സഭ ശുശ്രുഷകനാണ്. പിന്നീട് ഹിമാചൽ ബൈബിൾ കോളേജിൽ നിന്നും എം. ഡിവ്., കൂടാതെ തന്റെ ശുശ്രുഷകളെ ആദരിച്ചു കൊണ്ട് പ്രസ്തുത കോളേജ് ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു. ഏജി. വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ സെക്രട്ടറിയായും, കമ്മറ്റി മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അസി. സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട റവ: ജോസഫ് ചെറിയാൻ, മല്ലപ്പള്ളി സ്വദേശിയാണ്. 39 വർഷത്തോളമായി മുംബൈയിൽ താമസമാക്കിയ താൻ, ദൈവവിളിയെ തുടർന്ന് 1997-ൽ തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം സഭാശുശ്രുഷ തുടങ്ങുകയും തുടർന്ന് 2003-ൽ ഔദ്യോഗിക ജീവിതം രാജിവച്ചു പൂർണസമയ ശുശ്രൂഷകനായ് മാറുകയും ചെയ്തു. കുടുംബമായി നവിമുംബൈ, പൻവേലിൽ താമസിച്ചുകൊണ്ട് ബേലാപ്പൂർ ഏജി ചർച്ചിന്റെ ശുശ്രുഷകനായ് തുടരുന്നു. ഏജി. വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ സെക്രട്ടറിയായി ദീർഘ വർഷങ്ങൾ സേവനം ചെയ്തു വന്നിരുന്നു. അതിനുള്ള അംഗീകാരമാണ് ഈ പുതിയ പദവി.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റവ. പോൾ വർഗീസ് പെരുമ്പാവൂർ സ്വദേശിയാണ്. തന്റെ സെക്കുലർ പഠനത്തിന് ശേഷം വിവിധ വേദപഠനസ്ഥാപനങ്ങളിൽ ദൈവവചനം പൂർത്തിയാക്കിയ ഇദ്ദേഹം നേരുൾ എ. ജി. സഭയുടെ ശുശ്രുഷകനാണ്. വേദ അദ്ധ്യാപകനായും, ഐക്യ പെന്തക്കോസ്തു പ്രസ്ഥാനങ്ങളുടെ ചുമതലക്കാരനായും പ്രവർത്തിച്ചു വരുന്നു.
ട്രഷറാറായ് തിരഞ്ഞെടുക്കപ്പെട്ട റവ: ജി. ജോയ്കുട്ടി കൊട്ടാരക്കര സ്വദേശിയാണ്. പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നിന്നും വേദ പഠനം പൂർത്തിയാക്കി. മുംബൈ, ധാരാവിയിലുള്ള എ. ജി സഭയുടെ ശുശ്രുഷകനായ ഇദ്ദേഹം പതിമ്മൂന്ന് വർഷങ്ങൾക്കു ശേഷം ആ പദവിയിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
തൃശ്ശൂർ സ്വദേശിയായ റവ: തോമസ് ജോസഫ് കമ്മറ്റി മെമ്പറായ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തിൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ നിന്നും വേദ പഠനം പൂർത്തിയാക്കി മുംബൈയിൽ വിവിധ സഭകളിൽ സേവനം അനുഷ്ഠിച്ച ശേഷം ഇപ്പോൾ വാശിയിൽ പാർത്തുകൊണ്ട് കാമോത്തെ ഏ. ജി. ചച്ചിന്റെ ശുശ്രുഷകനായ് സേവനമനുഷ്ഠിക്കുന്നു.
സഭാ ചരിത്രത്തിൽ മാറ്റിനിർത്തുവാൻ കഴിയാത്ത നാഴിക കല്ലുകളാണ് ഇന്ത്യൻ മണ്ണിൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനം നാട്ടിയിട്ടുള്ളത്. ദൈവ രാജ്യത്തിന്റെ വ്യാപ്തിക്കായി, കഴിഞ്ഞ തലമുറയിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട ആത്മഭാരത്തിന്റെയും സുവിശേഷത്തിന്റെയും ദീപശിഖ അണഞ്ഞുപോകാതെ മഹാരാഷ്ട്രയുടെ മണ്ണിൽ അതിന്റെ ജൈത്രയാത്ര തുടരുവാൻ ശക്തന്മാരും, പ്രാർത്ഥനാ വീരന്മാരും, പ്രവർത്തന നിരതരുമായ ഒരുകൂട്ടം ശുശ്രൂഷകന്മാരെ വാർത്തെടുക്കുവാൻ വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ നേതൃനിര പ്രതിജ്‌ഞാബദ്ധമാണ്.