ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപ്രചരണം നിയമ വിരുദ്ധമല്ല: തമിഴ്നാട് സർക്കാർ
ദില്ലി: ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി തമിഴ്നാട് സർക്കാർ. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഓരോ പൗരനും തന്റെ മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. “ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവൃത്തികൾ നിയമവിരുദ്ധമായി കാണാനാകില്ല. എന്നാൽ അവരുടെ മതം പ്രചരിപ്പിക്കുന്നത് പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും ആരോഗ്യത്തിനും ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മറ്റ് വ്യവസ്ഥകൾക്കും എതിരാണെങ്കിൽ അത് ഗൗരവമായി കാണേണ്ടതാണെന്നും ” ഡി എം കെ സർക്കാർ വ്യക്തമാക്കി.
അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ, സംസ്ഥാനത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്നും ഹർജിക്കാരന്റെ ആരോപണങ്ങൾ ഹിന്ദി ബെൽറ്റ് പ്രദേശങ്ങളിലെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കി.പൗരന്മാർക്ക് അവർ ആഗ്രഹിക്കുന്ന മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന സർക്കാർ അവരുടെ സത്യവാങ്മൂലത്തിൽ തറപ്പിച്ചു പറയുകയും ചെയ്യുന്നു.