ചത്തീസ്ഗഢിൽ വീണ്ടും ക്രൈസ്തവ പ്രാർത്ഥനയോഗം ആക്രമിച്ചു
ന്യൂഡൽഹി: ചത്തീസ്ഗഢിൽ ക്രൈസ്തവേട്ട അവസാനിപ്പിക്കാതെ സംഘപരിവാർ. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ മണ്ഡലമായ പടാനിലെ അമലേശ്വർ ഗ്രാമത്തിൽ ക്രൈസ്തവ പ്രാർത്ഥനായോഗം നൂറോളം ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചു. ദന്തഡോക്ടറായ വിജയ് സാഹുവിന്റെ വീട്ടിലെ പ്രാർത്ഥന യോഗമാണ് ഞായറാഴ്ച പകൽ ആക്രമിച്ചത്.
വീട്ടിൽ മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു അക്രമം. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദണ്ഡടക്കമുള്ള ആയുധങ്ങളുമായി എത്തിയവർ വീടിന്റെ വാതിൽ തകർത്തു. അതേസമയം വിവരമറിയിച്ചപ്പോൾ പൊലീസ് സംഘമെത്തിയെങ്കിലും ഇടപെടാൻ തയ്യാറാകാതെ അക്രമികൾക്ക് ഒത്താശ ചെയ്യുകയായിരുന്നു. പൊലീസുകാരുടെ മുന്നിൽവെച്ച് സ്ത്രീകളടക്കമുള്ളവരെ ബജ്റംഗ്ദളുകാർ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു. ഇതിനിടെ അനുമതിയില്ലാതെ സംഘം ചേർന്നുവെന്ന് കാട്ടി വിജയ് സാഹു, ഭാര്യ പ്രീതി സാഹു (30) അടക്കം ഇരുപതോളം വിശ്വാസികളെ കസ്റ്റഡിയിൽ എടുത്തു.
എന്തിനാണ് വീട്ടിൽ പ്രാർത്ഥന നടത്തുന്നതെന്ന് ആക്രോശിച്ച പൊലീസ്, ‘സമാധാനം’ തകർത്താൽ ജയിലിൽ പോകേണ്ടി വരുമെന്ന് സ്റ്റേഷനിൽവെച്ച് ഭീഷണിപ്പെടുത്തിയതായി വിജയ് സാഹു മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം അക്രമികളെ സ്ഥലത്തുനിന്ന് പോകാനും പൊലീസ് അനുവദിച്ചിരുന്നു. ഇവർ പിന്നീട് സംഘംചേർന്ന് സ്റ്റേഷൻ വളപ്പിൽ കടന്നുവെങ്കിലും തടയാൻ അവിടെയും പൊലീസ് തയ്യാറായില്ല. ഇതുവരെയും അക്രമികൾക്കെതിരെ കേസെടുത്തിട്ടില്ലന്ന് ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നാലാൽ കുറ്റപ്പെടുത്തി. വൈകീട്ട് സമ്മർദ്ദം ശക്തമാക്കിയപ്പോൾ മാത്രമാണ് ബോണ്ട് എഴുതിവെച്ച് വിശ്വാസികളെ വിട്ടയച്ചത്.
ഇത് രണ്ടാം തവണയാണ് സാഹുവിന്റെ വീട്ടിലെ പ്രാർത്ഥനയോഗത്തിന് നേർക്ക് ബജ്റംഗ്ദൾ ആക്രമണം നടക്കുന്നത്. 2021ലും രൂക്ഷമായ ആക്രമണം നടന്നിരുന്നു. അതേസമയം മതപരിവർത്തനം നടത്തുന്നുവെന്ന ബജ്റംഗ്ദൾ അക്രമികളുടെ വാദം സാഹു തള്ളി. 2019 മുതൽ വീട്ടിൽ പ്രാർത്ഥന നടത്താറുണ്ട്. ഒരാളെപ്പൊലും നിർബന്ധിച്ച് പങ്കെടുപ്പിക്കാറില്ലന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്ന് ലഘൂകരിച്ച ജില്ല പൊലീസ് മേധാവി അഭിഷേക് പല്ലവ, കേസ് എടുക്കാത്തതിനെ ന്യായീകരിച്ചു. പകരം കോടതി ഇടപെടൽ തേടാമെന്നാണ് എസ്പിയുടെ വിചിത്രവാദം.