ക്രൈസ്തവ ആരാധനാലയം തീയിട്ടുനശിപ്പിച്ച സംഘം അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രിസ്തീയ ആരാധനാലയം തീയിട്ടു നശിപ്പിച്ച മൂന്നു പേര് അറസ്റ്റില്‍. ഗോത്ര വിഭാഗക്കാര്‍ കൂടുതലായുള്ള ചൗകിപുര പ്രദേശത്തുള്ള ആരാധനാലയം ഞായറാഴ്ചയാണ് അഗ്നിക്കിരയാക്കിയത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ അവിനാഷ് പാണ്ഡെ, ആകാശ് തിവാരി, ശിവ റായ് എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണം നടത്താന്‍ ആകാശ്, അവിനാഷിന് പണം നല്‍കിയതായി പോലീസ് കണ്ടെത്തി. അവിനാഷിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്.
ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ എത്തിയപ്പോഴാണ് സംഭവം പുറത്തായത്. ആരാധനാലയത്തിന്റെ ജനലില്‍ ഘടിപ്പിച്ചിരുന്ന വല നീക്കിയാണ് ആക്രമികള്‍ അകത്ത് പ്രവേശിച്ചത്.
മതഗ്രന്ഥങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിച്ച സംഘം ആരാധനാലയത്തിന്റെ ഭിത്തിയില്‍ റാം എന്ന് എഴുതി വച്ചതിന് ശേഷമാണ് മടങ്ങിയത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ആരാധനാലയം നിര്‍മിച്ചത്. അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലുഥറന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് ആരാധനാലയം പ്രവര്‍ത്തിക്കുന്നത്.
ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ സഭാ നേതാക്കളും വിശ്വാസികളും പ്രതിഷേധിക്കും.