നാം ഏവരും നിത്യജീവന്റെ അനുഭവത്തിൽ വളരേണം: ചീഫ് പാസ്‌റ്റർ എബ്രഹാം മാത്യു

ഗൾഫിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമത്തിന് അനുഗ്രഹീത സമാപ്തി

ദുബായ്: ആത്മനിറവിന്റെ നാല് ദിനങ്ങൾക്ക് ദുബായിൽ അനുഗ്രഹീത സമാപ്തി. ന്യൂ ടെസ്റ്റ്മെന്റ്
ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കൺവൻഷൻ നവംബർ 10 വ്യാഴം മുതൽ 13 ഞായർ വരെ ദുബായ് അൽ നാസർ ലെഷർലാൻഡിൽ (ഐസ് റിങ്ക്) നടന്നു.

ദൈവവചനം ജീവിനും ചൈതന്യവും ഉള്ളതാകുന്നു. ഒരിക്കലും ദൈവവചനത്തെ മറന്നു കളയരുത് എന്ന് ദി പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്‌റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു. മിഡിൽ ഈസ്റ്റ് സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ സങ്കീ. 88: 1 – 3 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു പുനരുദ്ധാനത്തിന്റെയും നിത്യജീവന്റെയും കർത്താവ് ആകുന്നു എന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പൂർണമായി മാറ്റപ്പെടുവാൻ വേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു.

പാസ്‌റ്റർ റോബിൻ ജോഷ്വ (സെന്റർ പാസ്‌റ്റർ, ഓസ്ട്രേലിയ), പാസ്‌റ്റർ ജി ജെയം (അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്‌റ്റർ), പാസ്‌റ്റർ എം.റ്റി തോമസ് (ഡെപ്യൂട്ടി ചീഫ് പാസ്‌റ്റർ) എന്നിവർ വൈകിട്ട് നടന്ന യോഗങ്ങളിലും പാസ്‌റ്റർ തോമസ് ജോർജ് (ഖത്തർ), പാസ്‌റ്റർ റോബിൻ ജോഷ്വ (സെന്റർ പാസ്‌റ്റർ, ഓസ്ട്രേലിയ) എന്നിവർ പകൽ നടന്ന യോഗങ്ങളിലും പ്രസംഗിച്ചു. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സുവിശേഷ പ്രസംഗം, പൊതുയോഗം, ഉപവാസ പ്രാർത്ഥന എന്നിവ അൽ നാസർ ലെഷർലാൻഡിലും കാത്തിരിപ്പ് യോഗം, എം.ഇ.സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ്‌ മീറ്റിംഗ്, യുവജന മീറ്റിംഗ്, ബൈബിൾ ക്ലാസ്സ് എന്നിവ ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലും നടന്നു.

സമാപന ദിവസമായ ഞായറാഴ്ച നടന്ന സംയുക്ത സഭായോഗത്തിൽ ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു ഗൾഫ് രാജ്യങ്ങളിലെ സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. കൺവൻഷനിൽ 47 പേർ ജലസ്നാനമേറ്റു. ശിശു പ്രതിഷ്ഠ ശുശ്രൂഷയും നടന്നു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി തുരൈ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ചാൾസ് ഡെന്നിസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading