ചെറു ചിന്ത: വിലയും മൂല്യവും | വിൽസൺ ബെന്യാമിൻ
മനുഷ്യൻ തന്റെ സാമ്പത്തിക സ്ഥിതി അളക്കാറുള്ളത് തന്റെ പണപ്പെട്ടിയിൽ ഉള്ളതും, വ്യാപാരം ചെയ്തതുമായ അനേകം നോട്ടുകളോ അതിനു തക്കതായ മറ്റ് എന്തെങ്കിലും വിനിമയ സംവിധാനമോ ഉപയോഗിച്ചാണ്. അവയെല്ലാം മനുഷ്യർ തന്റെ വ്യാപാരത്തിനും കൈമാറ്റത്തിനുമായി ഉപയോഗിക്കുന്നവയായിരുന്നു.
ഓരോ നോട്ടിനും ഓരോ വിലയും മൂല്യവും ഉണ്ടാകും. ചിലർ ഇതിനെ ശരിയായും, അതിന്റെ ഉപയോഗ വ്യവസ്ഥയിലും പ്രയോഗിക്കുമ്പോൾ, മറ്റു ചിലർ തെറ്റായ രീതിയിലും അതിന്റെ ഉപയോഗ വ്യവസ്ഥ തെറ്റിച്ചും ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്. തന്മൂലം അവർ പിടിക്കപ്പെട്ട് തടവുകാരായി മാറാറുണ്ട്.
അതിനിടയിൽ ചില നോട്ടുകൾ ഭരണാധികാരികൾ അവരുടെ ഭരണപരമായ തീരുമാനത്താലും സ്വാർത്ഥ താല്പര്യത്താലും നിർത്തലാക്കാറുണ്ട്. തന്മൂലം ആ നോട്ടുകൾക്ക് വിലയും മൂല്യവും നഷ്ടപ്പെടുന്നു. അതിന്റെ ഉപയോഗം നിമിത്തവും മൂല്യത്തിലുള്ള വ്യത്യസ്തത മൂലവും ചിലപ്പോൾ ആ നോട്ടുകൾ തിരിച്ചു വിളിക്കാറുമുണ്ട്.
‘നമ്മെ നിർമ്മിച്ചവൻ നമുക്കും ഒരു വില ഇട്ടിട്ടുണ്ട് ‘. ഓരോരുത്തർക്കും വ്യത്യസ്ത മൂല്യമുള്ള വിലയായിരിക്കും നൽകിയിട്ടുള്ളത്. ഒരാളുടെ അതേ വില ആയിരിക്കില്ല മറ്റൊരാൾക്ക്.
അതു വേണ്ട രീതിയിൽ പ്രയോഗിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നാം ഉപയോഗിക്കപ്പെടുന്നത് ഒന്ന് പരിശുദ്ധത്മാവിനാലും മറ്റൊന്ന് പൈശാചികവുമായുമാണ്. നമ്മുടെ ഉപയോഗ രീതിയും നിയന്ത്രണവും നോക്കി നമ്മെ ആര് ഉപയോഗിക്കുന്നു എന്ന് ലോകത്തിന് മനസിലാക്കാം.
അതിന്റെ വിലയും മൂല്യവും നിർത്തലാക്കുവാൻ അതിനെ നിയന്ത്രിക്കുന്നവർക്ക് അധികാരം ഉണ്ടെന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്.
വിധവയുടെ രണ്ട് കാശിന്റെ നിലയും നിലവാരവും അറിഞ്ഞ കർത്താവ്, അതിന് എത്രമാത്രം വിലയും മൂല്യവും ഉള്ളതെന്ന് അറിയുന്നതായി നാം വചനത്തിൽ വായിക്കുന്നുണ്ട്. ഇല്ലായ്മയിലും തന്റെ ലഘു സമ്പാദ്യത്തെ ആലയത്തിൽ അർപ്പിക്കാൻ കാട്ടിയ വലിയ മനസ്സിനെയാണ് കർത്താവ് പരസ്യമാക്കിയത്. പരിമിതമായതെങ്കിലും ദൈവിക ഉദ്ദേശത്തിനായി സമർപ്പിക്കുമ്പോഴാണ് മൂല്യമേറുന്നത്. യജമാനൻ ഉദ്ദേശത്തിനായി ഉപയോഗിക്കപ്പെടാൻ സർവശക്തൻ സഹായിക്കട്ടെ.
വിൽസൺ ബെന്യാമിൻ






- Advertisement -