വിദേശ നിക്ഷേപകർക്കും പ്രഫഷണലുകൾക്കും പൗരത്വം അനുവദിച്ച് യു.എ.ഇ

ദുബായ്: യു.എ.ഇ.യിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കും ഇനി പൗരത്വം നൽകും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിദേശികൾക്കായി പൗരത്വനിയമം പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കുന്ന വിദേശ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് പൗരത്വനിയമം. നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എൻജിനിയർമാർ, കലാകാരന്മാർ, എഴുത്തുകാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വിദഗ്ധർക്കും പ്രൊഫഷണലുകൾക്കും പൗരത്വം അനുവദിക്കും.
സ്വന്തംരാജ്യത്തിന്റെ പൗരത്വം നഷ്ടമാവാതെതന്നെ യു.എ.ഇ. പൗരത്വം അനുവദിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഇതുസംബന്ധിച്ച നിയമ ഭേദഗതികൾക്ക് യു.എ.ഇ. അംഗീകാരം നൽകി. രാജ്യത്തിന്റെ വികസന കുതിപ്പിന് കാരണമാകുന്നവരെ രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കുകയാണ് ലക്ഷ്യം. യു.എ.ഇ. മന്ത്രിസഭ, അമീരി കോർട്ട്, എക്സിക്യുട്ടീവ് കൗൺസിലുകൾ എന്നിവ ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾപ്രകാരം പൗരത്വത്തിന് അർഹരായവരെ നാമനിർദേശം ചെയ്യും. ഇതാദ്യമായാണ് യു.എ.ഇ. ഇരട്ടപൗരത്വം അനുവദിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ അടുത്ത ദിവസങ്ങളിലുണ്ടാകും. അർഹരായവർക്ക് നിലവിൽ യു.എ.ഇ. 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നുണ്ട്.
ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി നഷ്ടമാകും.
പിന്നീട് അവർ നാട്ടിലേക്ക് വരണമെങ്കിൽ വിദേശ രാജ്യത്തേക്കു പോകുമ്പോൾ ആവശ്യമായ വീസയും മറ്റും വേണ്ടി വരും. ഇങ്ങനെയുള്ളവർക്ക് ഇന്ത്യയിൽ ഒസിഐ കാർഡിന് അപേക്ഷിക്കാം. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ എന്ന കാർഡ് ലഭിച്ചാൽ ഇന്ത്യയിൽ ജീവിതകാലം മുഴുവൻ വന്നുപോകാനുള്ള അനുമതി ലഭിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading