ലേഖനം: യിരെമ്യാവിന്റെ സ്നേഹിതൻ കൊല്ലപ്പെട്ടപ്പോൾ… | പാ. അനു സി. സാമുവേല്‍

പ്രിയരേ സ്നേഹവന്ദനങ്ങൾ! ഈ ആത്മീക സഞ്ചാരത്തിന്റെ അമ്പതാം കുറിപ്പിലേക്കു എന്റെ പ്രിയപ്പെട്ടവരെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. വീട്ടിലിരിപ്പിന്റെ ഈ കാലത്തു സൃഷ്ടിപരമായ ചില ക്രിയകളിൽ സമയം ചെലവഴിക്കുവാൻ പ്രേരണ ലഭിച്ചപ്പോൾ ആകെ ശ്രമിക്കുവാൻ സാധിതമാകുന്നത് അക്ഷരത്തോടുള്ള സഹവാസം മാത്രമാണെന്നുള്ള തിരിച്ചറിവാണ് ഈ കുറിപ്പുകൾക്കു ജീവശ്വാസമേകുവാൻ കാരണമായത്. ‘ഈടുറ്റതെന്നോ’ ‘ഊറ്റമുള്ളതെന്നോ’ മൂല്യനിർദ്ധാരണം ചെയ്യുവാൻ തക്ക ഉല്കൃാഷ്‌ടത അവകാശപ്പെടുന്നില്ലെങ്കിലും അമ്പതു ഖണ്ഡങ്ങളിലായി വിന്യസിച്ച അക്ഷരക്കൂട്ടുകൾ ഒരുപ്രാവശ്യമെങ്കിലും എന്റെ പ്രിയപ്പെട്ടവരെ സ്പർശിച്ചെങ്കിൽ ഈ പ്രയത്നം വ്യർത്ഥമല്ല എന്നു ഞാൻ കരുതും! ആ കരുതലായിരിക്കും നാളെയും ഈ കുറിപ്പുകളുടെ തുടരലിനു എന്റെ കരുത്തും ഉന്മേഷവും. നിങ്ങളുടെ പ്രാർത്ഥനയുടെ ബാഹുക്കളിൽ ഈ കുറിപ്പുകൾക്കു എന്നും ചൈതന്യമുണ്ടെന്നുള്ളതിനാൽ ധൈര്യമായി സഞ്ചാരം തുടരുന്നു!

നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു ആളുമായി മിസ്പയിൽ എത്തി താത്കാലിക ഗവർണ്ണരായിരുന്ന ഗെദല്യാവിനെ കൊന്നുകളഞ്ഞ ചരിത്രമായിരുന്നല്ലോ കഴിഞ്ഞ പ്രഭാതത്തിലെ ധ്യാനപ്രമേയം (യിര. 41 :1 -3). വ്യക്തമായ രഹസ്യവിവരങ്ങൾ ലഭിച്ചിട്ടും (യിര. 40:13,14) അതിനെ മുഖവിലയ്‌ക്കെടുക്കാതിരുന്ന ഗെദല്യാവ് സ്വയംകൃതാനർത്ഥത്തിനു ഇരയാകുകയായിരുന്നു. രാജവംശക്കാരനും രാജാവിന്റെ മഹത്തുക്കളിലൊരുവനുമായിരുന്നു യിശ്മായേൽ (യിര. 41:1) എന്നതിനാൽ രാജകുടുംബത്തിനു പുറത്തു ഒരുവൻ ഗവർണ്ണരായി നിയോഗിക്കപ്പെട്ടതിലെ നീരസവും ഈ കൊലപാതകത്തിന് പ്രേരണയായി എന്നു കരുതുന്നതിൽ തെറ്റില്ല.

തികഞ്ഞ സൗഹൃദപരമായിരുന്നു കൊലപാതകന്മാരുടെ വരവും ഇടപെടലുമെല്ലാം. യിശ്മായേലും പത്തു പുരുഷന്മാരും ഗെദല്യാവിന്റെ ഒപ്പം ആഹാരം കഴിച്ചു എന്നാണ് യിര. 41 :2 ൽ കുറിച്ചിരിക്കുന്നത്. അന്ത്യഭോജനം സൗഹൃദത്തിന്റെ അഭിനയത്തിൽ കഴിച്ചുതീർക്കുമ്പോൾ ഗെദല്യാവറിഞ്ഞോ താൻ ഭക്ഷണം വിളമ്പിക്കൊടുത്തവരുടെ കരങ്ങൾ അടുത്ത നിമിഷം ഊരിവീശുന്ന വാളിന്റെ മുനയിൽ അരിഞ്ഞുതീരപ്പെടും തന്റെ ജീവനെന്നു! യിശ്മായേലുമായി ഗെദല്യാവിനുണ്ടായിരുന്ന മുൻപരിചയമായിരിക്കാം കാരേഹിന്റെ മകനായ യോഹാന്നാൻറെയും പടത്തലവന്മാരുടെയും വാക്കുകളിൽ വിശ്വാസമർപ്പിക്കുവാൻ ഗെദല്യാവിനു കഴിയാതിരുന്നതും (യിര. 40 :13) യിശ്മായേലിനെ കൊന്നുകളയാമെന്ന ആലോചനയെ തടഞ്ഞതും (യിര. 40 :15) അവനോടൊപ്പം ഭക്ഷണത്തിനിരിപ്പാൻ അമാന്തിക്കാതിരുന്നതും (യിര. 41 :1).

സാഹചര്യങ്ങളുടെ വിവേചനമില്ലായ്മ ഒരുവനെ കൊണ്ടെത്തിക്കുന്ന വിപത്തിനു ഇതിലധികം എന്തുദാഹരണമാണ് നിരത്തുവാനുള്ളത്? ഗെദല്യാവിനു കൈവന്ന സ്ഥാനക്കയറ്റം തന്റെ ശത്രുവർദ്ധനവിനു കാരണമായി എന്നു പറഞ്ഞാൽ അതിശയമുണ്ടോ? സിദക്കിയാരാജാവിന്റെ കീഴിൽ ഒരുമിച്ചു ഔദ്യോഗികകാര്യങ്ങളുടെ നിർവ്വഹണം നടത്തിവന്ന സഹപ്രവർത്തകന്റെ സ്ഥാനാരോഹണത്തിൽ ഒട്ടും താത്പര്യമില്ലാതിരുന്ന യിശ്മായേൽ, ഗെദല്യാവ് തന്നിലർപ്പിച്ച വിശ്വാസത്തെ യാതൊരു തത്വദീക്ഷയുമില്ലാതെ വലിച്ചുകീറിയെറിഞ്ഞു കളഞ്ഞ ഈ കർമ്മത്തെ എന്തൊന്നിനാൽ ന്യായീകരിക്കാം?

ഒരു ഗുണപാഠസൂചന മാത്രം കുറിച്ച് ഈ ഭാഗത്തുനിന്ന് മുമ്പോട്ടു ചരിക്കാം: ശലോമോൻ രാജാവിന്റെ ആദ്യപ്രാർത്ഥനയിലെ “ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്യുവാൻ ആർക്കു കഴിയും” (1 രാജാ. 3 :9) എന്ന ദൈവപ്രസാദത്തിനുതകിയ വാചകവും “നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും….” (ഫിലി. 1 :11) എന്ന പൗലോസിന്റെ പ്രാർത്ഥനയും ഈയിടത്തേക്കുള്ള നാഴികക്കല്ലായി മനസ്സിൽ കരുതേണ്ട സൂചനകൾ തന്നെ!

ജീവിതത്തിന്റെ ആകെത്തുക നിർണ്ണയിക്കുന്നത് താത്കാലികമായ അവസരപ്രാപ്‌തികളലല്ല; പ്രത്യുത നിലനിൽക്കുന്ന ആത്മീക പ്രകാശത്തിലാണ്. അതു തിരിച്ചറിയുമ്പോഴാണ് ക്രിസ്തുവിന്റെ പരിജ്ഞാനത്തിലേക്കു നാം നടന്നടുക്കുന്നത്. ധന്യനായ പൗലോസിന്റെ “വല്ലവിധേനയും” (ഫിലി. 3 :11 a) എന്ന പ്രസ്താവനയിലെ അന്തർധാര എന്റെ ന്യൂനബുദ്ധിയിൽ കുറിച്ചുതീർക്കുവാൻ ഒട്ടുമേ സാധ്യമല്ല! എങ്കിലും “അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറെന്നെണ്ണുവാൻ” (ഫിലി. 3 : 11 b) താൻ ഒട്ടുമേ അമാന്തിച്ചില്ല എന്ന മൗലികതയുടെ അസ്തിവാരം എനിക്കു പകർന്നേകിയ ഊർജ്ജം നിറകണ്ണുകളോടെ ഞാൻ തിരിച്ചറിയുന്നു എന്നു കുറിക്കാതെയും വയ്യ.

ഒരു നല്ല കർത്തൃദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

പാസ്റ്റർ അനു സി സാമുവേൽ, ജയ്പ്പൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply