ചെറു ചിന്ത: ജീവിതവിജയത്തിന് ക്ഷമ അനിവാര്യം | ഇവാ. ജിബിൻ ജെ.എസ് നാലാഞ്ചിറ
കൊലോസ്യർക്ക് എഴുതിയ ലേഖനം മൂന്നാം അദ്ധ്യായം പഠിക്കുമ്പോൾ ക്രിസ്തുവിലുള്ള പുതിയ ജീവിതത്തെ കുറിച്ചും ക്രിസ്തീയ ഗുണവിശേഷങ്ങളെ കുറിച്ചും വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇവിടെ 3:12 പരിശോധിക്കുമ്പോൾ ഇപ്രകാരം കാണാം,
“അതുകൊണ്ട് ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ, എന്നിവ ധരിച്ചു കൊണ്ട് അന്യോന്യം പൊറുക്കുകയും ഒരുവനോട് ഒരുവനു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കുകയും ചെയ്യുവിൻ”.
ക്രിസ്തീയ ജീവിതം നയിക്കുന്ന പ്രിയമുള്ളവരേ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ട ഒരു നല്ല സ്വഭാവമാണ് ക്ഷമിക്കുവാനുള്ള മനസ്സ്. ഒരാളോട് ഒരു ദേഷ്യം ഉണ്ടായാൽ പറഞ്ഞു തീർക്കുക അല്ലെങ്കിൽ അത് പൂർണമായും മറന്നുകളയുക. ഒരു പക്ഷെ തെറ്റിദ്ധാരണകളാകാം തമ്മിൽ അകറ്റുന്നത്. ഈ ഒരു അകൽച്ച ഉണ്ടാകാതിരിക്കണമെങ്കിൽ തമ്മിൽ പറയേണ്ടത് തമ്മിൽ തന്നെ പറഞ്ഞു ആ വിഷയത്തിന് പരിഹാരം കണ്ടെത്തുക. അവിടെ ആത്മാഭിമാനം ഒരു പക്ഷെ നഷ്ടപെടുത്തേണ്ടി വരാം. എങ്കിലും ഒരാൾ വിട്ടുവീഴ്ചകൾ ചെയ്ത് ഒരു സന്തോഷത്തിന്റെ അനുഭവത്തിലേക്ക് മടങ്ങി വരിക.
ഞാൻ ഒരു കഥ കേട്ടിട്ടുണ്ട്. രണ്ടു ചങ്ങാതിമാർ ഒരിക്കൽ നിസാരമായ ഒരു കാര്യത്തിൽ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടയിൽ രണ്ടുപേരും തമ്മിൽ കൈവെച്ചു. അതൊരു കൊലപാതകത്തിൽ ആണ് അവസാനിച്ചത്. കൈയബദ്ധം പറ്റിയ ചങ്ങാതി മരിച്ചുപോയ ചങ്ങാതിയുടെ വീട്ടിൽ ചെന്ന് വൃദ്ധയായ അമ്മയോട് കാര്യങ്ങൾ പറഞ്ഞു കരഞ്ഞു ക്ഷമ ചോദിച്ചു. ആ അമ്മ ഒത്തിരി കരയാൻ ഇടയായി തീർന്നു. അങ്ങനെ വേദനയിലിരിക്കുമ്പോൾ അവിടെ പോലീസ് വന്നു ആ അമ്മയോട് ഇപ്രകാരം പറഞ്ഞു നിങ്ങടെ മകനെ കൊന്ന വ്യക്തി ഈ വഴിക്ക് വരുന്നത് കണ്ടു. അദ്ദേഹം ഇവിടെ വന്നോ എന്ന് തിരക്കി. ആ അമ്മ ഉറച്ച ശബ്ദത്തോടെ പറഞ്ഞു എന്റെ ഒരേ ഒരു മകനെ കൊന്ന വ്യക്തിയെ ഞാൻ കണ്ടായിരുന്നെങ്കിൽ ആദ്യം വിവരം അറിയിക്കുന്നത് ഞാൻ ആയിരിക്കില്ലേ എന്ന ചോദ്യത്തിന്റെ മുന്നിൽ നിന്ന് ഒരു സംശയവും ഇല്ലാതെ പോലീസ് അവിടെ നിന്നും പോയി. അവർ പോയ ശേഷം ആ അമ്മ ആ വ്യക്തിയെ മരിച്ചു പോയ മകന്റെ വസ്ത്രങ്ങളൊക്കെ കൊടുത്ത് എവിടെയെങ്കിലും പോയി രക്ഷപെടാൻ പറഞ്ഞു അവിടെ നിന്ന് അയക്കുവാൻ ഇടയായി തീർന്നു. ആ അമ്മ അദ്ദേഹത്തെ അവിടെ നിന്ന് യാത്രയാക്കുന്ന സമയത്ത് ഇപ്രകാരം പറഞ്ഞു ” ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു നിന്റെ ഈ ഏറ്റുപറച്ചിൽ കൊണ്ട് ദൈവവും നിന്നോട് ക്ഷമിക്കും”.
നമ്മുടെ ജീവിതത്തിൽ നമ്മോടു ആരും ഇത്രയും വലിയ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലല്ലോ. നിസാര കാര്യങ്ങളിൽ വഴക്കും ആയി മുമ്പോട്ട് കൊണ്ട് പോകുന്നതിനിനേക്കാളും നല്ലത് ഒന്ന് താഴ്ന്നു കൊടുത്ത് സ്നേഹത്തോടെ സന്തോഷത്തോടെ മുമ്പോട്ട് പോകുന്നതാണ്.
വാഗ്‌ദത്തം ഉള്ള യോസേഫിന്റെ ജീവിതം പരിശോധിച്ചാൽ വളരെ അധികം പ്രതിസന്ധികൾ നിറഞ്ഞ ജീവിതമായിരുന്നു. സഹോദരന്മാർ വളരെയധികം പ്രയാസപ്പെടുത്തുവാൻ ഇടയായി തീർന്നു. ജോസഫ് പ്രതിസന്ധികളെ തരണം ചെയ്ത് വാഗ്‌ദത്തങ്ങൾ പ്രാപിച്ചെടുത്തു സഹോദരന്മാരെ കണ്ടപ്പോൾ നമ്മളിൽ പലരും ആയിരുന്നെങ്കിൽ നമ്മളുടെ പ്രതികരണം പലതായിരുന്നേനെ.
പക്ഷെ ജോസഫ് പറഞ്ഞത് ഇപ്രകാരമാണ് ;
“എന്നെ ഇവിടെ വിറ്റത് കൊണ്ട് നിങ്ങൾ വ്യസനിക്കേണ്ട, വിഷാദിക്കയും വേണ്ട ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്ക് മുമ്പേ അയച്ചതാകുന്നു.” ( ഉൽപ്പത്തി 45:5)
അതെ പ്രിയമുള്ളവരേ, നമുക്ക് ഈ ദിവസങ്ങളിൽ ക്ഷമിച്ചു കൊണ്ട് മുമ്പോട്ട് ക്രിസ്തീയ ജീവിതം നയിക്കാം, എന്തേലും തെറ്റിദ്ധാരണകൾ ഉണ്ടേൽ അത് വളർത്തി കൊണ്ട് പോകുന്നതല്ല യഥാർഥമായ ക്രിസ്തീയ ജീവിതം. മറിച്ചു ക്ഷമിച്ചു പറഞ്ഞു തീർക്കേണ്ടവ പറഞ്ഞു തീർത്തുകൊണ്ട് കർത്താവിന്റെ വരവിനായി നമുക്ക് ഒരുങ്ങാം അതിനായ് ദൈവം നമ്മെ സഹായിക്കട്ടെ.
ഇവാ. ജിബിൻ ജെ.എസ് നാലാഞ്ചിറ