ചെറു ചിന്ത: പേരിൽ എന്ത് കാര്യം…? | റ്റിബിൻ തോമസ് മസ്ക്കറ്റ്

ഭൂരിപക്ഷം വരുന്ന മാതാപിതാക്കന്മാരും തങ്ങളുടെ മക്കൾക്ക് നല്ല പേരുകൾ തന്നെയാണ് നൽകാറുള്ളത്. എന്നാൽ ചിലർ വ്യത്യസ്തരായി അവരുടെ പാരമ്പര്യത്തിന്റെയും, കുലമഹിമയുടെയും പത്രാസ് കാണിച്ചുകൊണ്ടും, ചിലർ പ്രശസ്തരുടെയും, വിശുദ്ധന്മാരുടെ പേരുകളും, മറ്റുചിലർ വേദപുസ്തകത്തിൽ നിന്നും ദൈവനാമത്തോട് ചേർന്നുള്ള പേരുകളും ഇടാറുണ്ട്. എന്നാൽ ഈ പേരുകളിൽ അറിയപ്പെടുന്നവർ പലരും സ്വഭാവം കൊണ്ടും പ്രവൃത്തികൊണ്ടും അവരുടെ പേരിനോട് അനുയോജ്യരാല്ലാതാകുന്നു എന്ന വസ്തുത പേരു നൽകിയ മാപിതാക്കന്മാർക്ക് പിന്നീട് ബോധ്യപ്പെടുകയും, അവരിൽ ചിലരെ മോഷ്ടാക്കളും, കൊലപാതകരും, വ്യഭിചാരികൾ ആയും, കരുണ, നീതി ,ധർമ്മം ഇവ തൊട്ടുതീണ്ടിയിട്ടില്ലാത്തവരും ആയി മാറുന്നത് അവർക്ക് ഹൃദയ വേദനയ്ക്ക് കാരണമായിത്തീർന്നിട്ടുണ്ട്.

എവിടെയാണ് തെറ്റുപറ്റിയത്?
മദ്യപിച്ച് ലക്കുകെട്ട് ഭവനത്തിൽ  അസമാധാനവും, അസ്വസ്ഥതയും സൃഷ്ടിക്കുന്ന മകന് “സന്തോഷം” എന്നർത്ഥം വരുന്ന “ഗ്ലാഡ്‌വിൻ” എന്ന് പേരിട്ടത് കൊണ്ട് എന്ത് ഫലം…!
അയൽക്കാരോടും, ബന്ധുമിത്രാദികളോടും, സഭാവിശ്വാസികളോടും, ഒരു ദയയും  കാണിക്കാത്ത അമ്മമാർക്കും, സഹോദരിമാർക്കും “ഗ്രേസ്” എന്ന പേരുകൊണ്ട് എന്തർത്ഥം…!
ആത്മീയർ എന്ന പേരിൽ ഭക്തി ചമഞ്ഞു നടക്കുന്നവർ തങ്ങളുടെ മക്കൾക്ക് “ഗോഡ്‌വിൻ” എന്നും “ഗോഡ്‌സി” എന്നു പേരു നല്കിയതുകൊണ്ടായില്ല. അവർക്ക് എല്ലാ അർത്ഥത്തിലും മാതൃകയും, സത്യസന്ധതയും പുലർത്തുന്നവർ കൂടി ആയിരിക്കുകയും വേണം.
പല മാതാപിതാക്കളും തങ്ങൾ അനുഭവിച്ച കഷ്ടതയും, സാമ്പത്തിക ബുദ്ധിമുട്ടുകളും തങ്ങളുടെ മക്കൾ അനുഭവിക്കരുത് എന്ന  ചിന്തയിൽ ദൈവ വചനത്തിന്റെ മഹത്വത്തെ  കുറിച്ചും, പണത്തിന്റെ മൂല്യത്തെ ക്കുറിച്ചും വേണ്ടുംവണ്ണം അവബോധം സൃഷ്ടിക്കാതെ അവർക്ക് അനർഹമായും, അമിത അളവിലും പണവും സ്വാതന്ത്ര്യവും നൽകികൊടുത്ത്  വഴിപിഴച്ച ജീവിതം നയിക്കുവാൻ പാതയൊരുക്കി കൊടുക്കുന്നു.
മക്കളോടൊപ്പം ആവശ്യത്തിനു സമയം ചിലവഴിക്കാനോ, അവരോടൊപ്പം സ്നേഹ ലാളനകൾ പങ്കുവയ്ക്കുവാനോ, സമയം കണ്ടെത്താതെ പേരിനും, പ്രശസ്തിക്കും പണത്തിനും, പിന്നാലെ പായുന്നവർ തങ്ങൾ “ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കുകയാണെന്ന” സത്യം പലപ്പോഴും മറന്നുപോകുന്നു. കൂടാതെ തങ്ങളുടെ മക്കൾ മറ്റുള്ളവരുടെ സ്നേഹ-വലയത്തിൽ അകപ്പെട്ടു ദുർഘട പാതകളിൽ വീണു പോയിട്ടുള്ള വേദനാജനകമായ ദുരനുഭവങ്ങളും നമ്മുടെ ചുറ്റിലുമുണ്ട്.
കുഞ്ഞുങ്ങൾക്ക് ഉന്നതതലത്തിൽ വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ വിദൂരതയിൽ വിട്ടു പഠിപ്പിക്കുന്നവർ അവരുടെ പഠനത്തിന് അവർ അർഹിക്കുന്നതിലും അമിതമായി പണം അവരുടെ അക്കൗണ്ടിലേക്ക് ഒഴുക്കിവിട്ട്  അഗാധ ഗർത്തങ്ങളുടെ വർണ്ണ ശലഭമായ വീഥികളിൽ കൂടി സഞ്ചരിക്കുകയും, സമൂഹ മാധ്യമങ്ങൾ വഴി മാത്രം സ്നേഹ പരിലാളനകൾ പങ്കിടുന്നവരുടെ തലമുറകൾ നിലയില്ലാ കയത്തിൽ മുങ്ങി പോകുന്നത് നമ്മുടെ സമൂഹത്തിൽ വിരളമല്ല.

തിരുവചനത്തിൽ നിന്നും രണ്ടു പേരെ നോക്കാം…
“യഹോവയാൽ എനിക്ക് ഒരു പുരുഷ പ്രജ ലഭിച്ചു” (ഉല്പത്തി 4:1) എന്ന് പറഞ്ഞ് ആദം- ഹവ്വ ദമ്പതികൾ അവനെ “കയിൻ” എന്ന് പേരിട്ടു.
ബൈബിൾ ശബ്ദസാഗര നിഘണ്ടുവിൽ കയിൻ എന്ന പേരിന് “കുന്തം” എന്നർത്ഥം. സ്വന്തം സഹോദരനു തന്നെ കുന്തം ആയി തീർന്ന കയിൻ നരവംശത്തിലെ ആദ്യത്തെ കൊലപാതകി ആയിരുന്നു. അപ്പോസ്തോലനായ യോഹന്നാൻ എഴുതിയത്; ‘കയിൻ ദുഷ്ടനിൽ നിന്നും ഉള്ളവനായി സഹോദരനെ കൊന്നു.

‘യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും, നമ്മുടെ കൈകളുടെ  പ്രയത്നത്തിലും  ഇവൻ നമ്മെ ആശ്വസിപ്പിക്കും എന്ന് പറഞ്ഞു അവന് “നോഹ” എന്ന് പേരിട്ടു (ഉല്പത്തി 5:29). നോഹ എന്ന പേരിന്റെ അർത്ഥം പോലെ തന്നെ അവൻ മാതാപിതാക്കന്മാർക്കും, സഹോദര വർഗ്ഗത്തിനും, ദേശത്തിനും ആശ്വാസം തന്നെയായിരുന്നു. ‘നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു ‘കയിൻ തന്റെ മാതാപിതാക്കൾക്ക് തീരാ ദുഃഖവും, ദൈവകോപത്തിന് കാരണക്കാരനും ആയപ്പോൾ, നോഹ മാതാപിതാക്കൾക്ക് അനുഗ്രഹവും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനും ആയിരുന്നു.
ചിലർ പേരിനും കുടുംബമഹിമയ്ക്കും, ക്ഷണികമായതിനും, പ്രാധാന്യം കൊടുക്കുമ്പോൾ ലോകത്തിൽ ഇന്നേവരെ ഒരു പേരിനോടു തുലനം ചെയ്യാനാകാത്ത ഒരു നാമം നമുക്കുണ്ട്, ആ പേരിന് തുല്യമായി ഒരു പേരു ഇനിയും ഉണ്ടാകത്തതും ഇല്ല. അത് നമ്മുടെ രക്ഷിതാവും വീണ്ടെടുപ്പുകാരനും ആയ “യേശു” തന്നെ; അവനിൽ ആശ്രയിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്, ആ നാമത്തെ ഉയർത്തുന്നവർക്ക്, തങ്ങൾക്ക് ഇപ്പോഴുള്ള പേരുകൾക്ക് പുതിയ അർത്ഥങ്ങൾ ഉണ്ടാകുകയും നല്ല സാക്ഷികളും, അനുഗ്രഹിക്കപ്പെട്ടവരും, ആയിത്തീരുവാൻ സർവ്വകൃപാലുവായ ദൈവം എല്ലാവരെയും സഹായിക്കുമാറാകട്ടെ.

റ്റിബിൻ തോമസ്, മസ്കറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply