ചെറു ചിന്ത: എതിർക്രിസ്തുവിന്റെ വരവിൽ പ്രത്യാശ വയ്ക്കുന്നവർ | ഷിജു മാത്യു
ഈയിടെയായി എല്ലാ ഓൺലൈൻ ചർച്ചകളിലും പ്രസംഗങ്ങളിലും പ്രധാന വിഷയം അന്ത്യകാലത്തെപ്പറ്റി ആണ്.
ഒറ്റനോട്ടത്തിൽ വളരെ നല്ല കാര്യമാണെന്ന് തോന്നുന്ന കാര്യം. കാരണം കഴിഞ്ഞ കുറെ വര്ഷങ്ങളായി നമ്മൾ വളരെ കുറച്ചു മാത്രമേ ഇതിനെപറ്റി നമ്മുടെ സഭകളിൽ കേള്കുന്നുണ്ടായിരുന്നുള്ളു.. അതിനു പകരം ഈ ലോകത്തിലെ അനുഗ്രഹങ്ങൾ ആയിരുന്നല്ലോ പ്രധാന വിഷയം.
ഒരു ഇരുപതു ഇരുപത്തഞ്ചു വര്ഷം പിന്നോട്ടു പോയാൽ അന്നത്തെ കൺവെൻഷനുകളുടെയും ബൈബിൾ ക്ലാസ്സുകളുടെയും പ്രധാന വിഷയം കര്ത്താവിന്റെ വരവ് തന്നെ ആയിരുന്നു.അന്നൊക്കെ മീറ്റിംഗ് കഴിഞ്ഞ വീട്ടിൽ വരുമ്പോൾ ഒരു ഉൾഭയം ഉണ്ടാരുന്നു, ഇന്ന് രാത്രി വല്ലോം കർത്താവു വന്നാൽ ഞാൻ പോകാതിരിക്കുമോ എന്നുള്ള പേടി.
ക്രെമേണ വിഷയങ്ങൾ മാറി മാറി വന്നു. തൊണ്ണൂറുകളുടെ പകുതിയോടെ മീറ്റിംഗുകളിൽ രോഗശാന്തി, ഭൂതശാന്തി എന്നിവയൊക്കെ ഒരു പ്രധാന വിഷയമായി വന്നു. രെക്ഷിക്കപെടുവാൻ ഉള്ളവരെ വിളിക്കുന്നതിന് പകരം രോഗശാന്തി ആവശ്യമുള്ളവരെ മുന്നിലോട്ടു വിളിച്ചു പ്രാത്ഥിക്കുവാൻ തുടങ്ങി.ഒരുപാടു പേർക്ക് സൗഖ്യം ലഭിക്കുകയും ചെയ്‌തു , പലരും അതിലൂടെ രെക്ഷിക്കപെടുവാനും കാരണമായി എന്നും വിസ്മരിച്ചുകൂടാ.പല സുവിശേഷ മഹായോഗങ്ങളിലും ക്രൂശിനു പകരം പ്രസംഗികരെ ഉയർത്തുന്നത് പതിവായി
പക്ഷെ കാര്യങ്ങൾ പതിയെ ട്രാക്ക് തെറ്റി പൊയ്ക്കൊണ്ടിരുന്നു.. എല്ലാത്തിനും വചനത്തിൽ വാക്യങ്ങൾ ഉള്ളത് കൊണ്ട് ഒരു വലിയ വിഭാഗം ജനങ്ങളെ അതിലേക്കു കൊണ്ടുപോകുന്നതിൽ ഇക്കൂട്ടർ വിജയിക്കുകയും ചെയ്തു. അവർക്കു വേണ്ടിയിരുന്നത് യേശുവിലൂടെ ഉള്ള രോഗ ശാന്തിയും സാമ്പത്തിക അനുഗ്രഹങ്ങളും മാത്രമായിരുന്നു എന്നുള്ളത് മറ്റൊരു സത്യം.ആ സമയത്തു തന്നെ ടി വി സീരിയൽ പോലെ കുറെ ടിവി സുവിശേഷകരും മുളച്ചു വന്നു.ദൈവാനുഗ്രഹം സാമ്പത്തിക അനുഗ്രഹത്തിൽ ആണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്ന് അവർ പഠിപ്പിച്ചു തുടങ്ങി .
സത്യസന്ധമായി സുവിശേഷ വേല ചെയ്‌തു ജീവിക്കുന്നവർക് ഇവരുടെയൊക്കെ ഒപ്പം ഓടിയെത്താനും പറ്റാതെ ആയി.
പക്ഷെ അപ്പോളേക്കും യേശുവും ശിഷ്യന്മാരും പഠിപ്പിച്ചതിൽ നിന്ന് വിട്ടു മറ്റൊരു യേശുവിനെ അവർ പ്രഘോഷിച്ചു പാവങ്ങളുടെ മനസ്സിൽ കുടിയിരുത്തിക്കഴിഞ്ഞിരുന്നു.
എന്നാൽ ലോകം ഈ രണ്ടു കൂട്ടരെയും ഒരേ കണ്ണുകൊണ്ടാണ് കണ്ടിരുന്നത് എന്നുള്ളത് വളരെ വിഷമകരമാ സത്യം ആണ്.
സുവിശേഷം കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടാകാത്തവർ സമൂഹത്തിലും സഭയിലും എന്തിനേറെ സ്വന്തം വീട്ടിൽ പോലും ഒറ്റപെട്ടു തുടങ്ങി. പലരും ലോത്തിനെപോലെ വലഞ്ഞു പോയി. മറ്റു ചിലർ ആ ഒഴുക്കിനൊപ്പം നീന്താൻ പഠിച്ചും കഴിഞ്ഞു.
എന്നാൽ ഇന്ന് ഇതെല്ലാം കഴിഞ്ഞു, കൊറോണ വന്നതോട് കൂടി ചിലർ അനുഗ്രഹം വിട്ടു അന്ത്യ കാല സംഭവങ്ങളുടെ പുറകെ പോയി തുടങ്ങി. ചിപ്പ് വരുന്നതിനെപ്പറ്റിയും 666 വന്നാൽ എന്തൊക്കെ കാര്യങ്ങൾ സംഭവിക്കും, സഭ മഹോദ്രവ കാലത്തിൽ കൂടെ കടക്കുമോ ഇല്ലയോ എന്നൊക്കെ ഉള്ള ചർച്ചകളും പഠനങ്ങളും ആണ് അവർക്കിഷ്ടം.അവിടെയും ക്രിസ്തുവിനും ക്രൂശിനും സ്ഥാനവും ഇല്ലെന്ന് നാം മനസിലാക്കണം. മഹോദ്രവ കാല ഭരണത്തെപ്പറ്റി പിശാചിനേക്കാൾ കൂടുതൽ ഇവർക്കാണ് ആകുലത എന്ന് തോന്നിപോകും
ദൈവ വചനം എത്ര പഠിച്ചാലും അത് കൂടുതൽ അല്ല. പക്ഷെ പലപോഴും ഈ പഠനങ്ങൾ നമ്മളെ യേശുവിന്റെ വരവിന്റെ ഒരുക്കങ്ങളിൽ നിന്ന് വഴുതി മാറ്റുന്നുണ്ടോ എന്നൊരു സംശയം. മത്തായി 23.24 പറയുന്നത് പോലെ ‘ നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങി കളയുകയും ചെയ്യുന്നു’
നമുക്കു വീണു കിട്ടിയ ഈ ദിവസങ്ങളിൽ നമ്മുടെ വചനപഠനങ്ങൾ അറിവ് വര്ധിപ്പിക്കുന്നതിനല്ല മറിച്ചു കർത്താവിനെ വരവിനായി ഒരുങ്ങുവാൻ കിട്ടിയ അവസരമായി ഉതകുന്നതാകട്ടെ.
വെളിപാട് 22.11 “അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ”.
ഷിജു മാത്യു