സ്വയം വിരമിച്ച ബിഷപ്പ് ഇനി പള്ളിയിൽ സാധാരണ വൈദികനായി പ്രവർത്തിക്കും
സേലം: കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ വിരമിക്കൽ പ്രായം 75 വയസ്സാണ്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് 68-ആം വയസിൽ അദ്ദേഹം മാർപ്പാപ്പയ്ക്ക് രാജിക്കത്ത് നൽകുകയായിരുന്നു. രാജി സ്വീകരിച്ചതോടെ മാർച്ച് ഒൻപതിന് ഫാ.സിംഗരോയൻ ബിഷപ്പ്‌സ് ഹൗസിൽ നിന്നും പടിയിറങ്ങി. അവിടെ നിന്ന് സ്ഥാനം ഒഴിഞ്ഞു ആദ്യം പോയത് സേലം നഗരത്തിന് പുറത്തുള്ള ഗ്രാമമായ കർപൂരിലെ അണ്ണാ വേളാങ്കണ്ണി പള്ളിയിലേക്കാണ്. സ്ഥാനം ഒഴിഞ്ഞു ബൈക്കിലാണ് സേലത്തേക്കു പോയത്. കേവലം 22 കുടുംബങ്ങളാണ് ഈ പള്ളയിൽ ഉള്ളത്.അതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ വൈദികവൃത്തി ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പള്ളി വികാരി താമസിക്കുന്നത് അഞ്ചു കിലോമീറ്ററോളം അകലെയാണ്.അദ്ദേഹത്തിന് മറ്റു ചുമതലകൾ ഉണ്ട്. അതുകൊണ്ടാണ് സഹ വികാരിയായി ഫാ.സിംഗരോയൻ പ്രവർത്തിക്കുന്നത്. ക്രിസ്‌തീയ ശുശ്രൂഷയിൽ ഒരു നല്ല മാതൃകയായി മാറുകയാണ് ഫാദർ.
ലാളിത്യം മുഖമുദ്രയാക്കിയ സിംഗരോയൻ ബിഷപ്പായിരുന്നപ്പോഴും അതിന്റെ പ്രത്യേക സൗകര്യങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല. മറ്റ് വൈദികർക്കുള്ള സൗകര്യങ്ങൾ മതി തനിക്കും എന്നായിരുന്നു നിലപാട്.
ബിഷപ്പായിരുന്ന കാലത്ത് സമീപ പ്രദേശങ്ങളിലേക്ക് സൈക്കിളിൽ സഞ്ചരിക്കുമായിരുന്നു. കുറെക്കൂടി ദൂരേക്കാണെങ്കിൽ ബൈക്ക്, അതുമല്ലെങ്കിൽ ബസ്. ആർക്കും അപ്പോയ്ന്റ്മെന്റ് എടുക്കാതെ ഏതു സമയവും കാണാവുന്ന ബിഷപ്പായിരുന്നു സിംഗരോയനെന്ന് അദ്ദേഹത്തിനൊപ്പം ദീർഘകാലം പ്രവർത്തിച്ച ഫാ. ഗോപി ഇമ്മാനുവൽ പറഞ്ഞു. ധർമപുരി ജില്ലയിലെ ഇലത്തഗിരിയിൽ 1952-ലാണ് ജനിച്ചത്. 1978 മേയ് 27-ന് വൈദികനായി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കൂടാതെ മൂന്ന് ബിരുദാനന്തര ബിരുദവും അഞ്ച് ഡിപ്ലോമകളും നേടിയിട്ടുണ്ട്. 2000 ഒക്ടോബർ 18-നാണ് ബിഷപ്പായി ചുമതലയേറ്റത്. 2011 മുതൽ 2015 വരെ സി.സി.ബി.ഐ. വിശ്വാസ പ്രഘോഷ കമ്മിഷൻ ചെയർമാനായിരുന്നു.