- Advertisement -

റ്റി.പി.എം യുഎസ് രാജ്യാന്തര കണ്‍വൻഷൻ നാളെ മുതൽ പെൻസൽവേനിയയിൽ

ന്യൂജേഴ്‌സി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് രാജ്യാന്തര കണ്‍വന്‍ഷന്‍ ജൂലൈ 10 നാളെ മുതല്‍ 14 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിൽ നടക്കും.
നാളെ വൈകിട്ട് 7 ന് നടക്കുന്ന സുവിശേഷ പ്രസംഗത്തോടെ കൺവൻഷന് തുടക്കം കുറിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗവും ഉച്ചക്ക് 2 മുതൽ 4 വരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും വൈകിട്ട് 7 ന് സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നടക്കും. ശനിയാഴ്ച രാവിലെ 10 ന് പൊതുയോഗവും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉച്ചക്ക് 2 മുതൽ 4 വരെ ഉപവാസ പ്രാര്‍ത്ഥനയും 7 ന് സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ന്യൂവാര്‍ക്ക്, അറ്റ്ലാന്റ, ബ്രൂക്ലിന്‍, ചിക്കാഗോ, കൊളംബസ്, ഡാളസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഒക്ലഹോമ സിറ്റി, ഫിലദെല്‍ഫിയ, വാഷിങ്ടൺ ഡി.സി, തുടങ്ങിയ യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളുടെയും ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്‍ട്രിയാല്‍, ഒാട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും നൂറുക്കണക്കിന് ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.
സഭയുടെ ചീഫ് പാസ്റ്റർമാർ, സീനിയർ സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. അമേരിക്കൻ എെക്യനാടുകളിലെ സഭയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ഗ്രെഗ് വിൽ‌സൺ കൺവൻഷന് നേതൃത്വം നൽകും.
65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന സഭക്ക് നാലു സാർവ്വദേശീയ കൺവൻഷനുകളാണുള്ളത്. റ്റിപിഎം സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിലും കേരളത്തിൽ കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലും ശ്രീലങ്കയിൽ കോക്കാവിളയിലുമാണ് സാർവ്വദേശീയ കൺവൻഷനുകൾ നടക്കുന്നത്. 1924 ൽ ശ്രീലങ്കയിൽ മലയാളിയായ പാസ്റ്റർ പോൾ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ സഭയാണ് ഇന്ത്യയിൽ റ്റിപിഎം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. ഓരോ രാജ്യത്തും പ്രാദേശിക പേരുകളിലാണ് സഭ അറിയപ്പെടുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like
Comments
Loading...