ഇന്ത്യൻ രൂപ തകര്‍ന്നടിയുന്നു; ഗള്‍ഫ് കറന്‍സികള്‍ 20ന് മുകളില്‍!
ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മൂല്യം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും ശ്രമങ്ങള്‍ പരാജയപ്പെട്ടു. മൂല്യം ഇടിയുന്നതോടെ നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിക്കുകയാണ്.
ആഭ്യന്തര വിപണിയില്‍ നിന്ന് 21000 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്. ആദ്യമായിട്ടാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. നേരത്തെ 70ഉം കടന്ന് പോകാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പരിധിയും വിട്ട് രൂപ തകരുകയാണ്. ഗള്‍ഫ് പണത്തിന് മൂല്യം വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫിലെ മിക്ക കറന്‍സികളുടെയും മൂല്യം 20 കടന്നു.
ഡോളറുമായിട്ടാണ് രൂപയുടെ മൂല്യം തട്ടിച്ചുനോക്കുക. ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 73.24 രൂപ നല്‍കണമെന്നതാണ് ബുധനാഴ്ച രാവിലെയുള്ള അവസ്ഥ. രൂപ ഇനിയും മൂല്യമിടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂല്യം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരും കേന്ദ്രബാങ്കും ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കേന്ദ്രബാങ്ക് കൂടുതല്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. അടുത്ത വായ്പാ നയത്തില്‍ പലിശ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവന്നതും രൂപയുടെ മൂല്യമിടിയാന്‍ കാരണമായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ മൂല്യം വര്‍ധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തന്നെ യുഎഇ ദിര്‍ഹത്തിന് 20.05 രൂപ എന്ന നിരക്കിലാണ് വിനിമയം. ബുധാഴ്ച നിരക്ക് വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫിലെ എല്ലാ കറന്‍സികളും ചരിത്ര നിരക്കിലാണ്.
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ മൂലധന വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുകയാണ്. രാജ്യത്തെ സമ്പദ്യ വ്യവസ്ഥയിലുള്ള വിശ്വാസം നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടുവെന്ന് വേണം കരുതാന്‍. സപ്തംബറില്‍ മാത്രം 21000 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. മറ്റു ആദായ മേഖലകളില്‍ നിക്ഷേപിക്കാമെന്ന് കരുതിയാണ് പിന്‍വലിക്കല്‍.
ഇന്ത്യയുടെ വിദേശനവ്യാപാര കമ്മി വര്‍ധിക്കുകയാണ്. നാല് മാസത്തിനിടയ്ക്ക് ഇത്രയും തുക വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് ആദ്യമായിട്ടാണ്. ഓഹരി വിപണികളില്‍ നിന്ന് 10825 കോടിയും കടപ്പത്രങ്ങളില്‍ നിന്ന് 10198 കോടിയുമാണ് പിന്‍വലിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഓഹരി വിപണിയില്‍ നിന്ന് 61000 കോടി രൂപ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചിരുന്നു.
നിക്ഷേപകര്‍ രൂപ വിട്ട് ഡോളറിലേക്ക് തിരിയുന്നു. രാജ്യം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന സൂചനയാണ് വരുന്നത്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും എല്ലാം പാഴാകുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടില്‍ കരിനിഴല്‍ വീണതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ് ഇന്ത്യ നേരിടുന്നത്.
വിദേശ നാണയ വിനിമയ വിപണിയില്‍ ആര്‍ബിഐക്ക് ഇടപെടുന്നതിന് പരിധിയുണ്ട്. ആഭ്യന്തരമായി രൂപയെ ശക്തിപ്പെടുത്തുന്നതിന് മാത്രമേ ആര്‍ബിഐക്ക് സാധിക്കൂ. എന്നാല്‍ ഇപ്പോഴത്തെ മിക്ക കാരണങ്ങളും വൈദേശികമാണ്. തുര്‍ക്കിയും ചൈനയും അമേരിക്കയുമായി വ്യാപാര തര്‍ക്കത്തിലാണ്. അതിനിടെയാണ് ഇറാന്റെ എണ്ണക്കെതിരായ അമേരിക്കന്‍ ഉപരോധം.




- Advertisement -