86 മുറിവുകളുമായി സൂറത്തില്‍ 11 വയസ്സുകാരിയുടെ മൃതദേഹം; വീണ്ടും ഞെട്ടിത്തരിച്ച് രാജ്യം

സൂറത്ത്: കഠ്‌‌വ പീഡനത്തില്‍ രാജ്യം പിടഞ്ഞുനില്‍ക്കവെ സൂറത്തില്‍ നിന്ന് കൊടുംക്രൂരതയുടെ മറ്റൊരു വാര്‍ത്ത. പിഞ്ചുദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരണത്തിന് കീഴടങ്ങും മുന്‍പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. മൃതദേഹത്തിലെ മുറിവുകളില്‍ ചിലത് ഏഴ് ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതില്‍ നിന്നാണ് കുട്ടി ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നത്.

ലൈംഗിക പീഡനം നടന്നതായുള്ള സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്വകാര്യഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ പറഞ്ഞു. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

കഠ്‌വ, ഉന്നാവ പീഡനങ്ങളില്‍ രാജ്യമാകെ രോഷം അലയടിക്കവേയാണ് പുതിയ സംഭവം പുറത്തെത്തുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമെന്ന് പ്രധാനമന്ത്രി രണ്ട് സംഭവങ്ങളെയും നേരിട്ട് പരാമര്‍ശിക്കാതെ ഇന്നലെ പറഞ്ഞിരുന്നു. കഠ്‌വയില്‍ അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. യുപിയിലെ ഉന്നാവയിലാകട്ടെ പ്രതി ബിജെപി എംഎല്‍എയും.

Courtesy: Manorama News

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply