മതപരിവര്ത്തന ആരോപണം നിഷേധിച്ച് സത്ന രൂപത
സത്ന: മധ്യപ്രദേശിലെ സത്ന സെന്റ് എഫ്രേം സെമിനാരിയിൽനിന്നു ഗ്രാമത്തിൽ ക്രിസ്മസ് പരിപാടി അവതരിപ്പിക്കാൻ പോയ സംഘത്തെ ബജ്രംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ചു. തുടർന്നു പോലീസിനെ വിളിച്ചുവരുത്തി വൈദികരും വൈദിക വിദ്യാർഥികളും അടങ്ങിയ സംഘത്തെ പോലീസിനു കൈമാറി.
രാത്രി വൈകിയും ഇവരെ പോലീസ് വിട്ടയച്ചിട്ടില്ല. അതേസമയം, പ്രകോപനവുമായി നിരവധി ബജ്രംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ വളഞ്ഞിരിക്കുകയാണ്. കസ്റ്റഡിയിലായ വൈദികരെ സന്ദർശിക്കാനെത്തിയ വൈദികരുടെ കാർ അക്രമികൾ കത്തിക്കുകയും ചെയ്തു.
സത്ന സെമിനാരിയിൽനിന്നു ട്യൂഷൻ നൽകാനും സാമൂഹ്യസേവനത്തിനും പതിവായി പോകുന്ന ഗ്രാമത്തിൽ ഇന്നലെ ക്രിസ്മസ് പരിപാടി അവതരിപ്പിക്കാൻ എത്തിയ ടീമിനെ പുറ ത്തു നിന്നെത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ തടയാൻ വന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. 25 വർഷമായി നടക്കുന്നതാണ് ഈ ഗ്രാമങ്ങളിലെ ക്രിസ്മസ് പരിപാടികൾ.
എന്നാൽ, ഇന്നലെ പരിപാടി അവസാനഘട്ടത്തിലെത്തിയപ്പോൾ ബജ്രംഗ്ദൾ പ്രവർത്തകർ മതംമാറ്റ ആരോപണം ഉന്നയിച്ചു പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിളിച്ചുവരുത്തി. വൈദിക സംഘത്തെ കസ്റ്റഡിയിൽ എടുക്കണമെന്നാവശ്യപ്പെട്ടു. പോലീസ് ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയതോടെ കൂടുതൽ പ്രവർത്തകരെത്തി സ്റ്റേഷൻ വളഞ്ഞു. ഇതിനിടെ വൈദികരെയും വൈദിക വിദ്യാർഥികളെയും പോലീസ് സ്റ്റേഷനിൽ സന്ദർശിക്കാനെത്തിയ ക്ളരീഷൻ വൈദികർ വന്ന കാർ സ്റ്റേഷനു പുറത്ത് അക്രമികൾ തീയിട്ടു.
ഫാ.ജോസഫ് ഒറ്റപ്പുഴയ്ക്കൽ, ഫാ.അലക്സ് പണ്ടാരക്കാപ്പിൽ, ഫാ.ജോർജ് മംഗലപ്പള്ളി, ഫാ.ജോർജ് പേട്ടയിൽ സിഎംഎസ് എന്നിവരും വൈദിക വിദ്യാർഥികളുമാണ് സ്റ്റേഷനിൽ കഴിയുന്നത്. നിരവധി ബജ്രംഗ്ദൾ പ്രവർത്തകർ സ്റ്റേഷനു പുറത്തു തന്പടിച്ചിട്ടുണ്ട്.