സൗദി അറേബ്യയിൽ നഴ്‌സായ ഫിലോമിന പോലീസ് കസ്റ്റഡിയിൽ; മോചനത്തിനായി പ്രാർത്ഥന അഭ്യർഥിച്ച് കുടുംബം

വയനാട്: നിരോധിത മരുന്ന് കൊണ്ടുപോയെന്ന കേസിൽ വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനിയും അസംബ്ലീസ് ഓഫ് ഗോഡ് (എജി) സഭാംഗവുമായ ഫിലോമിന സൗദി അറേബ്യയിൽ പോലീസ് കസ്റ്റഡിയിലായതായി വിവരം. ഫിലോമിനയുടെ സുരക്ഷിതമായ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് കുടുംബവും വിശ്വാസസമൂഹവും അഭ്യർഥിച്ചു.

News Middle Advt Banner

അവധിക്കായി നാട്ടിലെത്തിയശേഷം സൗദി അറേബ്യയിലേക്ക് മടങ്ങിയ ഫിലോമിനയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് കുടുംബം ആശങ്കയിലായിരുന്നു. നാല് ദിവസം മുമ്പാണ് ഫിലോമിന സൗദിയിലേക്ക് മടങ്ങിയത്. ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് കണക്ഷൻ വിമാനത്തിലായിരുന്നു യാത്ര.

യാത്രയ്ക്കിടെ വിമാനത്താവളത്തിൽവച്ച് അധികൃതർ ഫോൺ വാങ്ങിവെച്ചതായി ഫിലോമിന അവസാനമായി സന്ദേശമയച്ചിരുന്നുവെന്ന് ഭർത്താവ് ജോൺ അറിയിച്ചിരുന്നു. ജിദ്ദയിലെത്തിയശേഷം ഫിലോമിനയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതായും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ അധികൃതർ കൈവശപ്പെടുത്തിയതായും കുടുംബം അറിയിച്ചിരുന്നു. തുടർന്ന് ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായി.

നിരോധിത മരുന്ന് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഏത് മരുന്നാണ് കൊണ്ടുപോയതെന്നോ സംഭവത്തിന്റെ യഥാർഥ സാഹചര്യമെന്തെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഫിലോമിനയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിക്കാനുള്ള കാത്തിരിപ്പിലാണ് കുടുംബം. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ ആവശ്യമായ സഹായങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയും ബന്ധുക്കൾക്കുണ്ട്.

ഫിലോമിനയുടെ സുരക്ഷിതമായ മോചനത്തിനായി സഭകളും വിശ്വാസികളും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ ഫിലോമിനയ്ക്കും കുടുംബത്തിനും ദൈവത്തിന്റെ ആശ്വാസവും കരുതലും ലഭിക്കട്ടെയെന്ന് വിശ്വാസസമൂഹം പ്രാർത്ഥിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading