മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ജൂബിലി ബൈബിൾ കൈയെഴുത്ത് പ്രോജക്റ്റ് ആരംഭിച്ചു

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച ‘ഉണർവ്’ (Revival Meeting and Study Forum – UNARVU) സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ആത്മീയ നവീകരണ പരിപാടികൾക്ക് തുടക്കമായി. “ക്രിസ്തു സഹയാത്രികർ: വിശ്വാസം, പ്രത്യാശ, ദൗത്യം” എന്ന ജൂബിലി ചിന്താവിഷയത്തെ മുൻനിർത്തി ഇടവകാംഗങ്ങളുടെ ആത്മീയ വളർച്ചയും ഐക്യവും ലക്ഷ്യമിട്ടാണ് ഈ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ജൂൺ, ജൂലൈ മാസങ്ങളിലായി ഇടവകയിലെ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളിൽ നിന്നുള്ള നാലും അഞ്ചും കുടുംബങ്ങളെ വീതം ഉൾപ്പെടുത്തി വീടുകളിൽ പ്രത്യേക ‘ക്ലസ്റ്റർ പ്രാർത്ഥനായോഗങ്ങൾ’ നടന്നുവരുന്നു. ചെറിയ കൂട്ടായ്മകളിലൂടെ കുടുംബങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം ദൃഢമാക്കാനും സഭയുടെയും സമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾക്കായി ഒരുമിച്ച് പ്രാർത്ഥിക്കാനും ഈ യോഗങ്ങൾ ഏറെ സഹായകരമാകുന്നുണ്ട്.

News Middle Advt Banner

സൺ‌ഡേ സ്കൂൾ കുട്ടികൾ മുതൽ മുതിർന്ന അംഗങ്ങൾ വരെയുള്ള ആയിരത്തിഅഞ്ഞൂറോളം ഇടവകാംഗങ്ങളുടെ പങ്കാളിത്തത്തോടെ ദൈവവചനം പ്രാർത്ഥനാപൂർവ്വം എഴുതിത്തയ്യാറാക്കുന്ന ‘ബൈബിൾ റൈറ്റിംഗ് പ്രോജക്റ്റ്’ (Bible Writing Project) വിജയകരമായി മുന്നേറുന്നു. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് വിശുദ്ധ ഗ്രന്ഥം പകർത്തിയെഴുതുന്നത്. 2026 ജൂൺ 9-ാം തീയതി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യൂയാക്കിം മാർ കൂറിലോസ് തിരുമേനി ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

സാങ്കേതികവിദ്യയുടെ ഈ ആധുനിക യുഗത്തിലും ദൈവവചനം സ്വന്തം കൈപ്പടയിൽ എഴുതി ഹൃദയങ്ങളിൽ പതിപ്പിക്കുവാനുള്ള ഈ സംരംഭം, വരുംതലമുറകൾക്ക് വിശ്വാസത്തിന്റെ വലിയൊരു സാക്ഷ്യമായി മാറുമെന്നും, ജൂബിലി സ്മാരകമായി ഒരുങ്ങുന്ന ഈ വിശുദ്ധ ഗ്രന്ഥം ഇടവകയുടെ ആത്മീയ ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും മകുടോദാഹരണമായി നിലകൊള്ളുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇടവകയിലെ ഇളംതലമുറയ്ക്ക് വലിയൊരു നവാനുഭവമായി മാറിയ ഈ ബൈബിൾ പ്രോജക്റ്റ് ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിന് മുൻപായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി, ദൈവവചനം ആവശ്യമുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ യുടെ സഹകരണത്തോടുകൂടി ഇന്ത്യയിലെ വിവിധ ഗ്രാമപ്രദേശങ്ങളിൽ വിശുദ്ധ ബൈബിൾ സൗജന്യമായി വിതരണം ചെയ്യുന്ന ഒരു മാതൃകാപരമായ ദൗത്യവും ‘ഉണർവ്’ സബ് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്. ഇടവകാംഗങ്ങളുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് ഈ ബൈബിൾ വിതരണ പദ്ധതി നടപ്പിലാക്കുന്നത്.

ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, അസിസ്റ്റന്റ് വികാരി റവ. ജെസ്വിൻ ജോൺ എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ കൺവീനർ ഷാജി ഡേവിഡ്, കോ-കൺവീനർ റീനി മാത്യു എന്നിവരുൾപ്പെട്ട ‘ഉണർവ്’ സബ് കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആത്മീയ ശുശ്രൂഷകൾക്കൊപ്പം ഈ പുതിയ സംരംഭങ്ങളും ഇടവകയ്ക്ക് വലിയ ആത്മീയ ഉണർവാണ് പകരുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading