ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിന്റെ തെരുവിലെ ഭക്ഷണ വിതരണം ശ്രദ്ധയേമാകുന്നു
ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ശ്രദ്ധ’ (Shraddha) പ്രോജക്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമായി അനാഥാലയങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ, വൃദ്ധസദനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ സേവന പ്രവർത്തനങ്ങളാണ് പ്രോജക്ടിന്റെ ഭാഗമായി നടത്തിവരുന്നത്.

സ്ഥാപനങ്ങളിലെ അന്തേവാസികളോടൊപ്പം സമയം ചെലവഴിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതിനൊപ്പം ഭക്ഷണം ഒരുക്കി വിതരണം ചെയ്യുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നു. കൂടാതെ ബെംഗളൂരുവിലെ തെരുവോരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന നിർധനർക്കും അശരണർക്കും ചൂടുള്ള ഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്.
സമൂഹത്തിലെ അശരണർക്കും വിശക്കുന്നവർക്കും കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘ശ്രദ്ധ’ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ പ്രാർത്ഥനയും സഹകരണവും അഭ്യർഥിച്ചതായി ഭാരവാഹികൾ അറിയിച്ചു.
പദ്ധതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനോ കൂടുതൽ വിവരങ്ങൾ അറിയുവാനോ ആഗ്രഹിക്കുന്നവർ കോർഡിനേറ്റർ ബ്രദർ ഗുഡ്ഫി സോൾവിനെ (+91 99459 78721) ബന്ധപ്പെടാവുന്നതാണ്.

- Advertisement -



Comments are closed, but trackbacks and pingbacks are open.