ലേഖനം: അതുല്യമായ അവസരങ്ങൾ | ജോസ് പ്രകാശ്
അവസരങ്ങളുടെ മൂല്യത്തെ ഓർമ്മിപ്പിക്കുന്ന പഴയ മൊഴിയാണ് “സമയവും തിരമാലയും ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല”എന്നത്. അവസരങ്ങൾ ആർക്കു വേണ്ടിയും ഒരിക്കലും കാത്തു നിൽക്കുകയില്ല. അവസരങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയ അനേകർ ലോകചരിത്രത്തിലുണ്ട്. അവർ പലർക്കും പ്രചോദനമായിട്ടുണ്ട്. ജെമീമ റോഡ്രിഗസും സഞ്ജു സാംസണും ലഭിച്ച അവസരങ്ങളെ പ്രയോജനപ്പെടുത്തിയവരാണ്. വിശുദ്ധ ബൈബിളിലും അവസരങ്ങൾ ശരിയായി വിനിയോഗിച്ചവരുണ്ട്. അതുകൊണ്ട് അവസരങ്ങളെ നാം പരമാവധി പ്രയോജനപ്പെടുത്തണം.
• അടിമയുടെ ഇടപെടൽ
നയമാൻ എന്ന പട്ടാള ഉദ്യോഗസ്ഥന്റെ ജീവിതം മാറ്റിമറിച്ചത് ഒരു അടിമപ്പെൺകുട്ടിയായിരുന്നു. സഹായിക്കാൻ ലഭിച്ച അവസരം അവൾ സമയോചിതമായി ഉപയോഗിച്ചു. സഹായിക്കാനുള്ള അനേകം അവസരങ്ങൾ ഓരോ ദിനവും നമ്മുടെ കൺമുന്നിലൂടെ മിന്നിമറയുന്നുണ്ട്. അവ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ ഈ സംഭവം നമ്മെ പ്രചോദിപ്പിക്കുന്നു.
• ശമര്യക്കാരന്റെ കരുണ
സഹയാത്രികന്റെ ജീവൻ രക്ഷിക്കാനുള്ള അവസരം ശമര്യക്കാരൻ പ്രയോജനപ്പെടുത്തി. വഴിയിൽ മുറിവേറ്റ് കിടന്ന മനുഷ്യനെ തക്കസമയത്ത് കരുണയോടെ സഹായിച്ചു. ഇന്ന് മുറിവേല്ക്കുന്നവരുടെ എണ്ണം കൂടുകയാണ്. ജീവിതയാത്രയിൽ ശരീരത്തിലും, മനസ്സിലും മുറിവേറ്റവരാണ് ഏറെക്കുറെയും. അതിനാൽ സഹായിക്കാനുള്ള സാധ്യതകളും അനന്തമാണ്. നമുക്ക് ലഭിക്കുന്ന അവസരങ്ങൾ കരുണയോടെ ഉപയോഗിക്കേണ്ടത് നമ്മുടെ കടമയാണ്.
• സക്കായിയുടെ സാഹസം
സക്കായി യേശുവിനെ കാണാൻ കിട്ടിയ അവസരം പാഴാക്കിയില്ല. ചെറിയ മനുഷ്യൻ ഒരു വലിയ മരത്തിൽ ഓടിക്കയറി. യേശുവിനെ കാണാനുള്ള ആ ശ്രമം തന്റെ ജീവിതം മാറ്റിമറിച്ചു. അതുപോലെ കുരിശിലെ കള്ളനും അവസാന അവസരം പാഴാക്കിയില്ല. അവൻ യേശുവിൽ വിശ്വസിച്ചു രക്ഷ പ്രാപിച്ചു. യേശുവിനെ അറിയാനും, അവിടുത്തെ ശബ്ദം കേൾക്കാനും, സ്വീകരിക്കാനും ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്.
• ഗുരുനാഥൻ്റെ മാതൃക
പരസ്യ ശുശ്രൂഷകളിൽ യേശു നാഥൻ ഒരവസരവും പാഴാക്കിയില്ല. അവിടുന്ന് സക്കായിയെ നേടി. രോഗികളെ സൗഖ്യമാക്കി. മരിച്ചവരെ ഉയിർപ്പിച്ചു. ശമര്യക്കാരിയെ അംഗീകരിച്ചു. പാപിനിയെ രക്ഷിച്ചു. വിശന്നവരെ പോഷിപ്പിച്ചു. നമ്മുടെ ജീവിതം ചെറുതാണ് അത് വളരെ വേഗം കടന്നുപോകും. ദൈവം നല്കുന്ന അവസരങ്ങളെ പാഴാക്കാതെ പ്രയോജനപ്പെടുത്തണം.
• അപ്പൊസ്തലന്മാരുടെ സമർപ്പണം
അഥേനയിൽ നല്ല വാർത്ത അറിയിക്കാൻ കിട്ടിയ അവസരം പൗലൊസ് അപ്പൊസ്തലൻ പാഴാക്കിയില്ല. സുവിശേഷം പങ്കിടാൻ ലഭിച്ച അവസരം ഫിലിപ്പോസ് പ്രയോജനപ്പെടുത്തി. നമുക്കും ഇപ്രകാരമുള്ള അവസരങ്ങൾ ദൈവം നൽകുന്നുണ്ട്. അവയെ ഒരിക്കലും നാം പാഴാക്കരുത്. നമുക്ക് ജീവിക്കാൻ ഒരേയൊരു അവസരം മാത്രമാണുള്ളത്. ക്ഷണികമായ ജീവിതത്തിലെ ഓരോ അവസരങ്ങളും ദൈവനാമ മഹത്വത്തിനായി പ്രയോജനപ്പെടുത്താം.
ജോസ് പ്രകാശ്

- Advertisement -



Comments are closed, but trackbacks and pingbacks are open.