ലേഖനം: സകലതും നന്മക്കായി പര്യവസാനിക്കുന്നു | ജോസ് മാത്യൂ, ഷാർജ
ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവർ പലരും ആശങ്കയിലാണ്, നാം സുരക്ഷിതമെന്ന് കരുതിയ പല സ്ഥലങ്ങളും സുരക്ഷിതമല്ലെന്നു സംഭവങ്ങൾ നമ്മെ മനസ്സിലാക്കിത്തരുന്നു, നാം സുരക്ഷിതർ ദൈവകരങ്ങളിൽ മാത്രമാണ്, എന്നാൽ ഒരു പഴയ പഴഞ്ചൊല്ല് ഈ അവസരത്തിൽ ഓർത്തു പോകുകയാണ്, സംഭവിച്ചത് എല്ലാം നല്ലതിന്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന്, എന്നാൽ ഇത് ആധികാരികമായി ശരിയാണെന്നു പറയാൻ കഴിയില്ല, എന്നാൽ ദൈവവചനത്തിൽ ഒരു ഭക്തന്റെ ജീവിതത്തിൽ സകലതും നന്മക്കായി ഭവിക്കുന്നു എന്ന് ഉറപ്പ് തരുന്നു, റോമർ 8:28 ” എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയ പ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നെ സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു എന്ന് നാം അറിയുന്നു ” അപ്പോസ്തലനയ പൗലോസിൽക്കൂടി ദൈവത്തിന്റെ പരിശുദ്ധാത്മാവ് ദൈവത്തിനായി തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തോട് അറിയിക്കുന്ന ഒരു വാഗ്ദത്ത വെളിപ്പെടുത്തലാണ് ഈ വചനത്തിൽക്കൂടി നമ്മെ ഓർമിപ്പിക്കുന്നത്, ഇതിൽ വിശ്വസിച്ചു പ്രവർത്തിച്ച ഒരു മന്ത്രിയുടെ കഥ ഓർമ്മവരികയാണ്.
ഒരു രാജ്യത്തെ രാജാവും തന്റെ ശക്തനായ മന്തിയുടെയും കഥയിൽ ഈ മന്ത്രിക്ക് ഒരു പ്രേത്യേകത ഉണ്ടായിരുന്നു തന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും താൻ പറയും എല്ലാം ദൈവം നന്മക്കായി ചെയ്യുന്നു എന്ന്, ഒരു ദിവസം പതിവുപോലെ രാജാവും മന്ത്രിയും വേട്ടയ്ക്കായി കാട്ടിലേക്ക് യാത്രയായി, മന്ത്രി തന്റെ കയ്യിലുള്ള വാളുകൊണ്ട് കാട്ടിലെ മരച്ചില്ലകൾ വെട്ടിമാറ്റി വഴിയൊരുക്കി മുൻപിലോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ വാളിന്റെ തുമ്പു കൊണ്ട് രാജാവിന്റെ കൈവിരലിന്റെ അറ്റം മുറിഞ്ഞുപോകുവാൻ ഇടയായി, രാജാവിന്റെ കയ്യിൽ നിന്ന് രക്തം ഒഴുകുവാൻ തുടങ്ങി മന്ത്രി പെട്ടെന്ന് തന്റെ പതിവ് ശൈലിയിൽ എല്ലാം ദൈവം നന്മക്കായി ചെയ്യുന്നു എന്ന് പറഞ്ഞു, വേദനയെടുത്തു പുളയുന്ന രാജാവിന് ഇതുകൂടി കേട്ടപ്പോൾ കലശലായ ദേഷ്യം ഉണ്ടായി, രാജാവ് പെട്ടെന്ന് കാട്ടുവള്ളി പറിച്ചെടുത്ത് മന്ത്രിയെ കൈകാലുകൾ ബന്ധിച്ച് ഒരു കുഴിയിലേക്ക് ഇട്ടിട്ടു പരിഹസിച്ചു പറഞ്ഞു അവിടെ കിടക്ക് ഇതും ദൈവം നന്മക്കായി ചെയ്യുന്നു, എന്നിട്ട് രാജാവ് തനിയെ യാത്ര തുടർന്നു കുറച്ചു ദൂരം ചെന്നപ്പോൾ രാജാവ് കാട്ടുജാതിക്കാരുടെ ഒരു കെണിയിൽ അകപ്പെടുവാനിടയായി അവർ രാജാവിനെ പിടിച്ചുകെട്ടി അവരുടെ കാട്ടു മൂപ്പന്റെ മുൻപിൽ കൊണ്ടുപോയി നിർത്തി, മൂപ്പന് സന്തോഷമായി നമ്മുടെ ദേവതയ്ക്ക് ബലി കഴിക്കാൻ കൊണ്ടുവന്ന ഇവനെ ബലി കഴിക്കുന്നതിനു മുമ്പ് ഇവന് എന്തെങ്കിലും ഊനമുണ്ടോ എന്ന് നോക്കുവാൻ കല്പിച്ചു.
ഉടനെ ഒരുത്തൻ വന്നു രാജാവിനെ അടിമുടി ശ്രദ്ധിച്ചു നോക്കിയിട്ട് വിളിച്ചു പറഞ്ഞു ഇവൻ അംഗ വൈകല്യം ഉള്ളവനാണ് ഇവന്റെ ഒരു വിരൽ മുറിഞ്ഞു പോയിരിക്കുന്നു, ഇതു കേട്ട മൂപ്പൻ കോപത്തോടെ ആരാടാ ഇവനെ കൊണ്ടുവന്നത് അംഗവൈകല്യമുള്ള ഇവനെ ബലി നടത്തിയാൽ നാം ദേവതയുടെ കോപത്തിനിരയാകും അതുകൊണ്ട് ഇവനെ കൊണ്ടുവന്നവൻ തന്നെ ഇവനെ എടുത്ത എടുത്ത സ്ഥലത്തു തന്നെ കൊണ്ടു കളയുക, അങ്ങനെ അവർ രാജാവിനെ തിരികെ എടുത്ത സ്ഥലത്തു തന്നെ കൊണ്ടുപോയി ഉപേക്ഷിച്ചു, ജീവൻ തിരിച്ചു കിട്ടിയ രാജാവ് വേഗത്തിൽ ഓടി മന്ത്രിയെ ഇട്ടിരുന്ന കുഴിയുടെ അരികിൽ എത്തി മന്ത്രിയെ പുറത്തെടുത്തു കെട്ടുകൾ അഴിച്ചു സന്തോഷത്തോടെ മന്ത്രിയെ വാരിപ്പുണർന്നു, ഒന്നും മനസ്സിലാകാതെ സ്ഥബ്ധനായി നിന്ന മന്ത്രിയോട് നടന്ന സംഭവങ്ങൾ വിവരിച്ചു, രാജാവ് പറഞ്ഞു നീ പറഞ്ഞത് സത്യമാണ് എല്ലാം ദൈവം നന്മക്കായി ചെയുന്നു എന്റെ കൈവിരൽ മുറിഞ്ഞില്ലായിരുന്നു എങ്കിൽ അവർ എന്നെ ദേവതയ്ക്ക് ബലി കൊടുക്കുമായിരുന്നു, മന്ത്രിയുടെ കണ്ണുകൾ നിറഞ്ഞു മന്ത്രി നിറ കണ്ണുകളോടെ ഒപ്പം സന്തോഷത്തോടെ രാജാവിനോട് പറഞ്ഞു, രാജാവേ അങ്ങെന്നെ കൈകാലുകൾ ബന്ധിച്ച് ഈ കുഴിയിൽ ഉപേക്ഷിച്ചിട്ടു പറഞ്ഞു ഇതും ദൈവം നന്മക്കായി ചെയ്യുന്നു എന്ന്, യഥാർത്ഥത്തിൽ അതും സത്യമായിരുന്നു, ഒരു പക്ഷെ ഞാൻ രാജാവിന്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഊനമില്ലാത്തതു കാരണം അവർ എന്നെ ബലി കഴിക്കുമായിരുന്നു.. രാജാവ് മന്ത്രിയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പറഞ്ഞു അതെ എല്ലാം നന്മക്കായി ചെയ്യുന്ന നിന്റെ ദൈവം ഇനി എന്റെയും ദൈവം.. ഇതൊരു കഥയാണെങ്കിലും ദൈവത്തിൽ ആശ്രയിക്കുന്നവർക്കും ദൈവ വചനത്തിൽ വിശ്വസിക്കുന്നവർക്കും അതു നാവുകൊണ്ട് ഏറ്റുപറയുന്നവർക്കും അതു യാഥാർഥ്യമായി തീരും എന്ന ഉറപ്പ് തരുന്നു
ദൈവ വചനത്തിന് ശക്തിയുണ്ട് 2 തിമൊഥെയൊസ് 3:16 ൽ എല്ലാ തിരുവെഴുത്തുകളും ദൈവ ശ്വാസീയമാണ് എന്ന് വെളിപ്പെടുത്തുന്നു ദൈവത്തിന്റെ ആത്മാവിനാൽ തന്റെ അഭിഷിക്തന്മാരിൽ കൂടി സർവ്വശക്തനായ ദൈവം തന്റെ ജനത്തിന് വേണ്ടി എഴുതിയതാണ് സകല ദൈവ വചനങ്ങളും, അതിൽ വിശ്വസിച്ച് ഏറ്റുപറയുന്നവർക്ക് ആ വചനം അവരുടെ ജീവിതത്തിൽ നിവൃത്തിയാകുവാനിടയാകും… യുദ്ധങ്ങളും യുദ്ധ ശ്രുതികളും നാം കേൾക്കുകയും കാണുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നാം പതറി പോകാതെ ദൈവത്തിൽ ആശ്രയിച്ചു വാഗ്ദത്ത വചനങ്ങൾ ഉരുവിട്ട് ധൈര്യത്തോടെ മുന്നോട്ടു പോകുവാൻ സർവ്വ ശക്തനായ ദൈവം നമ്മെ ഏവരെയും സഹായിക്കട്ടെ….
ജോസ് മാത്യൂ, ഷാർജ

- Advertisement -



Comments are closed, but trackbacks and pingbacks are open.