കവിത: വീഴ്ചയിൽ ഒളിഞ്ഞ വസന്തം… | പ്രിയ എബ്രഹാം
മണ്ണിന്റെ നെഞ്ചിൽ ഉറങ്ങിയൊരു വിത്ത്…
മഴത്തുള്ളികളുടെ സ്നേഹത്തിൽ ഉണർന്നു…
സൂര്യനും കാറ്റും കൈകോർത്തപ്പോൾ…
നിശ്ശബ്ദമായി തലപൊക്കി — ഒരു ജീവൻ മുളയായി…
കാലത്തിന്റെ കൈപിടിച്ച്… ചില്ലകളായി പടർന്നു…
പച്ച ഇലകളാൽ ലോകത്തെ നനച്ച്…
നിഴലായി… ശ്വാസമായി…
അനവധി ജീവിതങ്ങൾക്ക് ആശ്വാസമായി…
പുഷ്പങ്ങൾ വിരിഞ്ഞു… ഫലങ്ങൾ പാകി…
കാഴ്ചക്കാരുടെ പുകഴ്ത്തൽ വാനോളം ഉയർന്നു…
കാലം, ശാന്തമായ ഒരു ശിൽപ്പി…
മാറ്റങ്ങളുടെ നിറങ്ങൾ ചേർത്തപ്പോൾ…
ഒരിക്കൽ പച്ചയായി തിളങ്ങിയ ഇലകൾ…
മഞ്ഞയായി… തവിട്ടായി… കരിഞ്ഞൊരു സ്മരണയായി…
കാറ്റൊന്ന് തഴുകിയപ്പോൾ… മരത്തിന്റെ കൈവിട്ട്…
മൃദുവായി താഴേക്ക് വീണു… കരിയിലകളായി…
എന്നാൽ മണ്ണ് അറിയുന്നു…
അവയുടെ നിശ്ശബ്ദ മഹത്വം…
നശിക്കുന്നതല്ല… മറിച്ച് മറ്റൊരു ജന്മത്തിന്…
തായ്മണ്ണാകുന്ന സമർപ്പണം…
ഒടുവിൽ വീണ കരിയിലകൾ തന്നെയാണ്…
നാളെയുടെ പച്ച ഇലകളുടെ തുടക്കം…
ഒരിക്കൽ മരത്തെ താങ്ങിയവ…
ഇന്ന് പുതുമുളകളെ താലോലിക്കുന്നു…
അംഗീകരിച്ചല്ലേ മതിയാകൂ ??.
ജീവിതവും അതുപോലെ തന്നെയല്ലേ…
ജനനം, വളർച്ച, തഴച്ചിൽ, നൽകൽ…
ഒടുവിൽ വീഴ്ച എന്നൊരു നിശ്ശബ്ദ സന്ധ്യ…
പക്ഷേ വീഴ്ച അവസാനമല്ല…
അത് മറ്റൊരു തുടക്കത്തിന്റെ മണ്ണാണ്…
കൊഴിഞ്ഞു വീണ കരിയില പോലെ നമ്മുടെ ജീവിതവും…
ഒരാളുടെ നല്ല നാളെയിലേക്ക്…
പുതിയ വസന്തമായി നമുക്കും മാറാം !!!
പ്രിയ എബ്രഹാം

- Advertisement -



Comments are closed, but trackbacks and pingbacks are open.