ലേഖനം: പ്രതീക്ഷ + ഉറച്ച മനസ്സ് = വിശ്വാസം | രഞ്ചിത്ത് ശാമുവേൽ

മനുഷ്യജീവിതത്തിൽ ചില നിമിഷങ്ങൾ ഉണ്ടാകും.. എല്ലാ വഴികളും അടഞ്ഞുപോയതുപോലെ തോന്നുന്ന നിമിഷങ്ങൾ… വാതിലുകൾ തുറക്കാതെ നിൽക്കുകയും പ്രതീക്ഷകൾ തകർന്നുപോകുകയും ചെയ്യുന്ന നിമിഷങ്ങൾ… വിടുതൽ വളരെ ദൂരെയാണെന്നു തോന്നി മനസ്സ് വിങ്ങിപ്പോകുന്ന നിമിഷങ്ങൾ…

എന്നാൽ വിശ്വാസത്തിന്റെ ലോകത്ത് ഒരു മഹത്തായ സത്യം നിലനിൽക്കുന്നു: അദ്ഭുതങ്ങൾ ആദ്യം സാഹചര്യങ്ങളിൽ ജനിക്കുന്നില്ല. അവ ആദ്യം ഹൃദയത്തിൽ ജനിക്കുന്നു.
ഹൃദയം സംസാരിക്കുന്നിടത്ത് വിശ്വാസം ഉണരുന്നു…

വിശ്വാസം ഉണരുന്നിടത്ത് ദൈവത്തിന്റെ അത്ഭുതങ്ങൾ ആരംഭിക്കുന്നു.
ബൈബിളിലെ അത്ഭുതകരമായ വിശ്വാസകഥകളിൽ ഒന്നാണ് രക്തസ്രാവക്കാരിയായ സ്ത്രീയുടെ കഥ.
മനുഷ്യർ കൈവിടുന്നിടത്ത്
ദൈവം ഒരിക്കലും കൈവിടുന്നില്ലെന്ന്
ഈ സംഭവം ശക്തമായി സാക്ഷ്യം പറയുന്നു.

പന്ത്രണ്ടു വർഷം…
അവളുടെ ജീവിതം വേദനയുടെ ഇരുട്ടിൽ കുടുങ്ങിയിരുന്നു.
ഡോക്ടർമാരുടെ വാതിലുകൾ തട്ടി…
സമ്പത്ത് മുഴുവൻ ചെലവാക്കി…
പ്രതീക്ഷകൾ ഒന്നു വീതം മങ്ങിപ്പോയി…
മനുഷ്യരുടെ കാഴ്ചയിൽ
അവൾ ഒരു അവസാനിച്ച കഥയായിരുന്നു.

പക്ഷേ ദൈവത്തിന്റെ കഥകളിൽ
“അവസാനം” എന്നത് ഇല്ല.
ഒരു ദിവസം അവളുടെ ഉള്ളിൽ
വിശ്വാസത്തിന്റെ ഒരു ജ്വാല തെളിഞ്ഞു.
നസ്രത്തുകാരനായ യേശുവിന്റെ വസ്ത്രവിളുമ്പിൽ
ഒളിഞ്ഞിരിക്കുന്ന സൗഖ്യം അവൾ തിരിച്ചറിഞ്ഞു. അത് കൈവരിക്കാൻ
അവിടുത്തെ വസ്ത്രത്തിന്റെ തൊങ്ങലിൽ ഒരിക്കൽ തൊടണമെന്നുറച്ചു.
ബൈബിൾ പറയുന്നു:
“അവന്റെ വസ്ത്രം മാത്രം തൊട്ടാൽ എനിക്ക് സൗഖ്യം ലഭിക്കും.” (മത്തായി 9:21)

അവൾ തൊട്ടതിന് ശേഷം പറഞ്ഞില്ല,
സൗഖ്യം ലഭിച്ചതിന് ശേഷം പറഞ്ഞില്ല…
തൊടുന്നതിന് മുമ്പേ പറഞ്ഞു.
സാഹചര്യങ്ങൾ പറയാത്തത്
വിശ്വാസം പറഞ്ഞു.
ആദ്യം അവൾ ഉള്ളത്തിൽ വിശ്വസിച്ചു,
പിന്നെ ജനക്കൂട്ടത്തിനിടയിൽ വഴിതുറന്ന് മുന്നോട്ട് നീങ്ങി,
അതിനുശേഷം കൈ നീട്ടി തൊട്ടു…
അപ്പോൾ അത്ഭുതം സംഭവിച്ചു.
“അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും.” (മർക്കോസ് 5:28)
അവൾ വലിയ പ്രസംഗങ്ങൾ നടത്തിയില്ല.

ഉയർന്ന ശബ്ദത്തിൽ പ്രാർത്ഥിച്ചില്ല.
പക്ഷേ അവളുടെ ഉള്ളിൽ അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു. ജനക്കൂട്ടത്തിനിടയിൽ അവൾ നിശ്ശബ്ദമായി മുന്നോട്ടുവന്നു.
അവൾ പിന്നിൽ നിന്ന് യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
അവൾ തൊട്ടത് വെറും വസ്ത്രമല്ല,
അവൾ സ്പർശിച്ചത് ദൈവിക കൃപയുടെ ഉറവിടമാണ്.
ബൈബിൾ പറയുന്നു:
“ക്ഷണത്തിൽ അവളുടെ രക്തസ്രാവം നിന്നു.” (മർക്കോസ് 5:29)
പന്ത്രണ്ടു വർഷത്തെ വേദന
ഒരു നിമിഷത്തിൽ അവസാനിച്ചു.
വിശ്വാസം എപ്പോഴും ഇങ്ങനെ പ്രവർത്തിക്കുന്നു:
ഹൃദയം ആദ്യം വിശ്വസിക്കുന്നു,
വായ് അത് സമ്മതിക്കുന്നു,
ജീവിതം അത് അനുഭവിക്കുന്നു.
“ഹൃദയംകൊണ്ടു വിശ്വസിച്ചാൽ നീതിയും, വായ്കൊണ്ടു ഏറ്റുപറഞ്ഞാൽ രക്ഷയും.” (റോമർ 10:10)
ഹൃദയത്തിലെ വിശ്വാസം അവളുടെ വാക്കായി മാറി. വാക്ക് അവളെ പ്രവർത്തിയിലേക്ക് നയിച്ചു.
പ്രവർത്തി അവളെ അത്ഭുതത്തിലേക്ക് എത്തിച്ചു. വിശ്വാസത്തിന് ഒരു പ്രത്യേകതയുണ്ട്,
അത് സംഭവിച്ച കാര്യങ്ങളെ മാത്രം പറയുന്നില്ല; ഇനിയും സംഭവിക്കാത്ത കാര്യങ്ങളെയും
സംഭവിച്ചതുപോലെ പ്രഖ്യാപിക്കുന്നു.
കാരണം ദൈവം
“ഇല്ലാത്തവയെ ഉള്ളവപോലെ വിളിക്കുന്നവൻ.” (റോമർ 4:17)
അപ്പോൾ യേശു നിന്നു ചോദിച്ചു:
“എന്നെ തൊട്ടത് ആർ?” (ലൂക്കാ 8:45)
ജനക്കൂട്ടം നിറഞ്ഞിരുന്നു.
ശിഷ്യന്മാർ അത്ഭുതപ്പെട്ടു.
പക്ഷേ യേശു വീണ്ടും പറഞ്ഞു:
“ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞു.” (ലൂക്കാ 8:46)
ഇത് സാധാരണ സ്പർശമല്ലായിരുന്നു,
ഇത് വിശ്വാസത്തിന്റെ സ്പർശമായിരുന്നു. സ്ത്രീ ഭയത്തോടെ മുന്നോട്ട് വന്നു എല്ലാം പറഞ്ഞു.
അപ്പോൾ യേശു അവളോട് പറഞ്ഞു:
“മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” (മർക്കോസ് 5:34)
സമൂഹം അവളെ “അശുദ്ധ” എന്ന് വിളിച്ചു. പക്ഷേ യേശു അവളെ “മകളേ” എന്ന് വിളിച്ചു.
സമൂഹം തള്ളിയവളെ
യേശു തന്റെ കുടുംബത്തിൽ ചേർത്തു.
അവൾ ജനക്കൂട്ടത്തിനിടയിൽ ഒളിഞ്ഞ് വന്നു. പക്ഷേ തിരികെ പോയപ്പോൾ
സൗഖ്യത്തോടെയും മാന്യതയോടെയും
ദൈവത്തിന്റെ സാക്ഷ്യത്തോടെയും പോയി.
ഒരു സ്പർശം…
ഒരു വിശ്വാസം…
ഒരു നിമിഷം…
പന്ത്രണ്ടു വർഷത്തെ വേദന അവസാനിച്ചു.
ഇന്നും യേശു അതേ രക്ഷകനാണ്:
“എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല.” (യോഹന്നാൻ 6:37)
അതുകൊണ്ട് ഓർക്കുക..
നീ ഇപ്പോൾ കാണുന്ന സാഹചര്യങ്ങൾ മാത്രം പറയരുത്.
ദൈവം ചെയ്യാൻ പോകുന്ന കാര്യങ്ങളെ ഉള്ളംകൊണ്ട് പ്രഖ്യാപിക്കൂ.
വാതിലുകൾ അടഞ്ഞാലും വിശ്വാസം തുറക്കും ഇരുട്ട് നിറഞ്ഞാലും പ്രകാശം ഉദിക്കും പരാജയം ചുറ്റിയാലും വിജയം വിരിയും
ആഴമായ വിശ്വാസത്തിൽ ഉള്ളംകൊണ്ട് പറയുന്നവയെ ഒരു ദിവസം നീ സ്വന്തമായി അനുഭവിക്കും.
കാരണം ഒരു സത്യം ഉറപ്പാണ്,
ഉള്ളംകൊണ്ട് പറഞ്ഞ വിശ്വാസം
ഒരു ദിവസം കൈകൊണ്ട് തൊടുന്ന അത്ഭുതമാകും.

 

രഞ്ചിത്ത് ശാമുവേൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.