ലേഖനം: പെസഹാ കുഞ്ഞാടിന്റെ ആദ്യ രക്തസാക്ഷികൾ | ബിജു ജോസഫ് ഷാർജ

 

ക്രിസ്തുവിന് വേണ്ടി, ക്രിസ്തുവിനായി ആദ്യം രക്തസാക്ഷിത്വം വരിച്ച ജീവിതങ്ങൾ ആരാണ്? സ്വാഭാവികമായും നമ്മുടെ സ്മൃതി പദങ്ങളിൽ തെളിഞ്ഞുവരുന്നത് ആദ്യം അപ്പോസ്തലന്മാരുടെ മുഖം ആയിരിക്കും. ശരിക്കും അവരാണോ? അല്ലേ, അല്ല… സത്യവേദപുസ്തകത്തിലെ,വെളുത്ത താളുകളിൽ കറുത്ത മഷി പുരട്ടി എഴുതിയ അക്ഷരങ്ങളിലൂടെ നയനശോധന വരുത്തിയാൽ അത് ആരൊക്കെയാണെന്ന്മനസ്സിലാകും. യഹൂദന്മാരുടെ രാജാവായി പിറന്നവനെ അന്വേഷിച്ച് കിഴക്കു നിന്നും മൂന്ന് ജ്ഞാനികൾ യഹൂദിയിലെ ബേത്ലേഹേമിൽ എത്തി കണ്ടു വണങ്ങി മടങ്ങി . ജ്ഞാനികൾ തന്നെ പരിഹസിച്ചു എന്ന് മനസ്സിലാക്കിയ ഹെരോദാ രാജാവ്, അവരോട് ചോദിച്ചറിഞ്ഞ സമയം കണക്കാക്കി രണ്ടു വയസ്സും അതിനു താഴെയും പ്രായമുള്ള ആൺകുട്ടികളെയൊക്കെയും ബേത്ലേഹേമിലും അതിന്റെ എല്ലാ അതിർത്തികളിലും ആളയച്ചു കൊലപ്പെടുത്തി.

യിരെമ്യാ പ്രവാചകൻ മുഖാന്തരം അരുളി ചെയ്തത് നിവർത്തീകരണംവന്നു,”റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”. ജഡത്തിൽ ജീവനോടെ ഇരുന്ന് ജഡത്തിൽ ക്രിസ്തുവിന് വേണ്ടി, (രക്തസാക്ഷിത്വം വരിച്ച)സത്യത്തിനു വേണ്ടി യാഗം കഴിച്ച, യാഗമായി മാറിയ സഹോദരന്റെ കത്തിയാൽ ഭൂമിയിലെ ആദ്യത്തെ കൊലയ്ക്ക് ഇരയായി അറുക്കപ്പെട്ട ഹാബേലിനെ അനുസ്മരിപ്പിക്കുന്ന നിഷ്കളങ്ക രക്തസാക്ഷിത്വം വരിച്ച പിഞ്ചുകുഞ്ഞുങ്ങൾ, അവരുടെ വേർപാടിന്റെ വേദന താങ്ങുവാൻ കഴിയാതെ,വാൾ മുനയാൽ ചങ്ക് കീറി അവരെ ഓർത്തു അന്ന് വിലപിച്ച് കരഞ്ഞ മാതാപിതാക്കൾ… ക്രിസ്തുവിന്റെ ആദ്യത്തെ രക്തസാക്ഷികൾ… ഹെരോദാവിന്റെ മൂർച്ചയുള്ള അധികാരത്തിന്റെ കല്പനയാൽ അക്ഷരീകമായി അറുക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ, ജഡത്തിൽ മരിച്ചവരെ പോലെ ജീവിച്ച് ആത്മാവിൽ വിലപിക്കുന്ന മാതാപിതാക്കൾ..! (മാറിമാറി ഭരണ ചക്രം തിരിക്കുന്ന ആധുനിക ഹെരോദാവുമാരുടെ മൂർച്ചയേറിയ കൽപ്പനയുടെ വാൾമുനയിൽ, വാളിനാൽ.. രണാങ്കണത്തിൽ അറുത്തു വീഴ്ത്തപ്പെട്ടു, പാറിപ്പറക്കുന്ന വിവിധ നിറങ്ങളിലുള്ള കൊടിമരങ്ങൾക്ക് രക്ത വളമായി മാറിയ, മാറുന്ന.. രക്തസാക്ഷികളായ മക്കളെയോർത്ത് വിലപിക്കുന്ന മാതാപിതാക്കൾ ഇന്നുമുണ്ട്…) ഭൂമിയെയും, ഭൂമിയിലെ ആദാമിന്റെ മക്കളെയും ഓർത്തു ഉറക്കെ കരയുവിൻ, വിലപിക്കുവിൻ…രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലർത്തുക.

 

ബിജു ജോസഫ് ഷാർജ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading