കെ. ഈ സെർവ് – 2025 – ആൽഫസ്റ്റാർ കപ്പ് ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ്ന് ആവേശകരമായ തുടക്കം

അലൈൻ : കായികവും, സൗഹാർദവും, കൂട്ടായ്മയും ഒന്നിപ്പിച്ചുകൊണ്ട് യു.എ. ഈ യിലെ ഏഴ് എമിറേറ്റ്സുകളിലുമായി ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന്റെ പ്രൊജക്റ്റ്‌ ഡിപ്പാർട്മെന്റ്ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് കെ.ഇ സെർവ് 2025 ആൽഫാസ്റ്റാർ കപ്പിന് ഔദ്യോഗികമായി തുടക്കം കുറിച്ചു.

അൽ ഐനിൽ വെച്ച് നടന്ന ആദ്യ നോക്കൗട്ട് മത്സരങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ പ്രസിഡന്റും അലൈൻ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ ജോൺ. സി. തോമസ് കടമ്മനിട്ട അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് വൈസ് പ്രസിഡന്റ് ബ്രദർ:റോബിൻ ലാലച്ചൻ സ്വാഗതം ആശംസിച്ചു. ടൂർണ്ണമെന്റ് അലൈൻ കോഡിനേറ്റർ റോബിൻ ഫിലിപ്പ് ടീമംഗങ്ങളെ പരിചയപ്പെടുത്തി. സയോൺ ചർച്ച് ഓഫ് ഗോഡ് അലൈൻ ശുശ്രുഷകൻ പാസ്റ്റർ : ജോസ് മല്ലശേരി, ചാപ്റ്റർ സെക്രട്ടറി ജിൻസ് ജോയിക്ക് സ്മാഷ് നൽകിക്കൊണ്ട് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ക്രൈസ്തവ സമൂഹത്തിനിടയിൽ, വേറിട്ട പ്രവർത്തനങ്ങളിലൂടെ, ദൈവസ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പുതുതലമുറയെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മീഡിയ വൈസ് പ്രസിഡന്റ്: ജോമോൻ പാറക്കട്ട് നന്ദി അറിയിച്ചു.

യു.എ.ഇയിലെ പ്രമുഖ പ്രിന്റിംഗ് മെറ്റീരിയൽസ് ട്രേഡിങ് കമ്പനിയായ ആൽഫാ സ്റ്റാർ പ്രിന്റിംഗ് മെറ്റീരിയൽ ട്രെഡിങ് എൽ.എൽ സി യുടെ മുഖ്യ പങ്കാളിത്തത്തോടും, സാൽട്ടം ലീമാത്ത് ഫാർമസി, സിൻടെക്ക് ടെക്നിക്കൽ സർവീസ് എന്നിവരുടെ സഹകരണത്തോടും കൂടെയാണ് ടൂർണ്ണമെന്റ് നടക്കുന്നത്. എൻ. എം. സി മെഡിക്കൽ സെന്റർ അലൈൻ വൈദ്യസഹായം നൽകി. തുടർന്നുള്ള നോക്ക് ഔട്ട്‌ മത്സരങ്ങൾ16ന് അബുദാബി, 22ന് ഷാർജ എന്നിവിടങ്ങളിലും, ഫൈനൽ മത്സരം നവംബർ 23 ന് അബുദാബിയിലുമായാണ് നടക്കുന്നത്.

സമ്മാനർഹർക്ക് ഒന്നാം സമ്മാനം : 2500 ദിർഹം, രണ്ടാം സമ്മാനം : 1500 ദിർഹം, മൂന്നാം സമ്മാനം : 750 ദിർഹം എന്നിങ്ങനെ ആകർഷകമായ ക്യാഷ് അവാർഡുകളും, ട്രോഫിയും, സർട്ടിഫിക്കറ്റും നൽകും. സംഘാടന മികവ് കൊണ്ട് വേറിട്ട്‌ നിന്ന ടൂർണ്ണമെന്റ് യുവജനങ്ങളിൽ ആരോഗ്യ പരിപാലനത്തിന്റെ അവബോധം വളർത്തുന്നതോടൊപ്പം യു.എ.ഇയിലുള്ള വിവിധ ദൈവസഭകൾ തമ്മിലുള്ള കൂട്ടായ്മയുടെ ഐക്യത്തിനും ഈ ടൂർണ്ണമെന്റ് മുഖാന്തരമാകും എന്നാണ് സംഘാടകർ കരുതുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading