ഭാവി ഭദ്രമാക്കുന്ന ദൈവം | ജോസ് പ്രകാശ്
ജീവിത യാത്ര ആശങ്കകൾ നിറഞ്ഞതാണ്. ഇന്നിന്റെ നോവുകളും നാളെയെക്കുറിച്ചുള്ള നെടുവീർപ്പും മുന്നോട്ടുള്ള ഗമനത്തെ ഭയപ്പെടുത്താറുണ്ട്. എന്നാൽ വിളിച്ച ദൈവത്തെ മാത്രം നോക്കി മുന്നേറുന്നവർക്ക് ശാന്തതുറമുഖത്ത് എത്തുമെന്ന ഉറപ്പുണ്ട്. നമുക്ക് സമസ്വഭാവികളായ ഭക്തന്മാർ ദൈവത്തിന്റെ സമയോചിതമായ ഇടപെടലുകൾ രുചിച്ചറിഞ്ഞവരാണ്. “ദൈവഹിതം എപ്പോഴും നമ്മുടെ കൈവശമുള്ള ഉപാധികളേക്കാൾ വലുതാണ്.”
ഞാങ്ങണ പെട്ടിയിലെ മോശയുടെ ഭാവി ആശങ്കകൾ നിറഞ്ഞതായിരുന്നു. എന്നാൽ ദൈവത്തിന്റെ ദൃഷ്ടി കുഞ്ഞിന്റെ മേൽ ഉണ്ടായിരുന്നു. ദൈവം മോശയെ സുരക്ഷിതമായി കൊട്ടാരത്തിൽ എത്തിച്ചു. ദൈവത്തെ മാനിച്ച കുടുംബത്തെ അവിടുന്ന് മറന്നില്ല. ദൈവമക്കളുടെ തലമുറകളെ ശത്രുവിന്റെ കൈയിൽ അകപ്പെടുവാൻ അവിടുന്ന് അനുവദിക്കുകയില്ല. എലിസബത്ത് എലിയറ്റിൻ്റെ ഒരു ഉദ്ധരണി ഇപ്രകാരമാണ്;
“ദൈവഹിതം ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ആയിരിക്കില്ല. അത് വളരെ മോശമാണെന്ന് തോന്നിയേക്കാം, പക്ഷേ അവസാനം അത് വളരെ മികച്ചതും വളരെ വലുതുമായിരിക്കും.”
അന്യദേശക്കാരിയായ രൂത്തിന് അന്നത്തിനുള്ള വക അന്യമായിരുന്നു. ദൈവം രൂത്തിനെ തക്കസമയത്ത് ബോവസിന്റെ വയലിൽ എത്തിച്ചു. രൂത്തിന് അർഹതയില്ലാത്ത ആദരവ് ലഭിച്ചു. മാതാപിതാക്കളെയും സ്വദേശത്തെയും വിട്ട് അമ്മാവിയമ്മയെ ശുശ്രൂഷിച്ചത് ദൈവം ഓർത്തു. അവളുടെ പ്രയത്നവും തന്റെ നാമത്തോടു കാണിച്ച സ്നേഹവും അവിടുന്ന് മറന്നു കളഞ്ഞില്ല.
സർവ്വശക്തനായ ദൈവമാണ് യോസേഫിനെയും എസ്ഥേറിനെയും കൊട്ടാരത്തിലും, ഏലിയാവിനെ സാരെഫാത്തിലും എത്തിച്ചത്. അവരൊക്കെ തങ്ങളുടെ വഴി ദൈവത്തെ ഭരമേൽപ്പിച്ചു. അവിടന്നു അവരെ സഹായിച്ചു.
സഹയാത്രികരുടെ സകല പ്രതീക്ഷകളും അസ്തമിച്ച യാത്രയിൽ പൗലോസ് അപ്പൊസ്തലനെ മെലിത്ത ദ്വീപിലും, ചക്രവർത്തി
ഒടുക്കിക്കളയുവാൻ ശ്രമിച്ച യോഹന്നാനെ പത്മൊസ് ദ്വീപിലും ദൈവം ഭദ്രമായി കൊണ്ടെത്തിച്ചു.
“സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തെയും ദൈവത്തിന്റെ പദ്ധതികളെയും തകർക്കുന്നതായി തോന്നിയേക്കാം, പക്ഷേ തകർച്ചകൾക്കിടയിൽ ദൈവം നിസ്സഹായനല്ല.”-(എറിക് ലിഡൽ).
സുരക്ഷിത മേഖലകൾ വിട്ട് സുവിശേഷവുമായി നമ്മുടെ നാട്ടിൽ എത്തിയ മിഷണറിമാരെ ദൈവം വഴിയിൽ വിട്ടില്ല. അവർക്ക് ആളും സഹായവും നല്കി അനുയോജ്യമായ ഇടങ്ങളിൽ എത്തിച്ചു. അതെ, “അറിയപ്പെടാത്ത ഭാവിയെ എല്ലാം അറിയാവുന്ന ദൈവത്തിൽ അർപ്പിക്കാൻ ഒരിക്കലും ഭയപ്പെടരുത്”-(കോറി ടെൻ ബൂം). നമ്മെ എവിടെ എത്തിക്കണമെന്ന് ദൈവത്തിനറിയാം. ആകുലതകളോടും നാളെയെക്കുറിച്ചുള്ള ഭീതികളോടും വിടപറയുക. അടുത്ത ചുവട് എവിടെ വയ്ക്കണമെന്ന് അവിടുന്ന് കാട്ടിത്തരും. നാം ദൈവ കരങ്ങളിൽ സുരക്ഷിതരാണ്.
Comments are closed, but trackbacks and pingbacks are open.