മണിപ്പുരില്‍ ഏറ്റവും കൂടുതല്‍ തകര്‍ക്കപ്പെട്ടത് ക്രൈസ്തവ ആരാധനാലയങ്ങൾ: മാര്‍ ജോസഫ് പെരുന്തോട്ടം
കോട്ടയം: രാജ്യത്ത് ഒരിടത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് മണിപ്പുരില്‍ നടക്കുന്നതെന്ന് സിറോ മലബാർ സഭ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കലാപം തുടങ്ങി രണ്ട് മാസമായിട്ടും സമാധാനം പുനഃസ്ഥാപിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പുർ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ചങ്ങനാശേരിയിൽ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുടെയും പാക്കിസ്ഥാന്റെയും ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പറയുമ്പോഴും ഒരു ചെറിയ സംസ്ഥാനത്തിന്റെ സമാധാനം സംരക്ഷിക്കാന്‍ പോലും രാജ്യത്തെ ഭരണകൂടത്തിന് കഴിയുന്നില്ല.
രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് നടക്കുന്നതെങ്കിലും മണിപ്പുരില്‍ ഏറ്റവും കൂടുതല്‍ തകര്‍ക്കപ്പെട്ടത് ക്രൈസ്തവ ആരാധനാലയങ്ങളാണ്. ഇന്ത്യയിലെ ജനാധിപത്യം കൊട്ടിഘോഷിക്കുമ്പോഴും ഇവിടെ മതത്തിന്റെ പേരിലുളള വിവേചനം നടമാടുന്നു എന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എംപിയും ജില്ലയിലെ പ്രതിപക്ഷ എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും ചേര്‍ന്നാണ് ഉപവാസ സമരം നടത്തുന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച സമരം വൈകുന്നേരം അഞ്ച് വരെ തുടരും.