കുഞ്ഞ് പിറന്നതിനു പിന്നാലെ ഹൃദയാഘാതം: ഷൈജു സ്കറിയ (35) യു.കെയിൽ മരണമടഞ്ഞു

കവന്‍ട്രി: രണ്ടാമത്തെ കണ്മണി പിറന്ന് ഒരാഴ്ച തികയും മുന്നേ പിതാവിനെ തേടി മരണമെത്തി. യു.കെയില്‍ എത്തി രണ്ടു വര്‍ഷം മാത്രമായ കുടുംബത്തെ തേടിയാണ് ദുരന്തമെത്തിയത്. പ്ലിമൗത്തില്‍ താമസിക്കുന്ന കോട്ടയം മല്ലപ്പള്ളി സ്വദേശിയായ ഷൈജു സ്‌കറിയയാണ് ഇന്നലെ ഉച്ചക്ക് മരണപ്പെട്ടത്.

നവജാത ശിശുവിനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരണം ഷൈജുവിനെ തേടിയെത്തിയത്. ഭാര്യയെയും കുഞ്ഞിനേയും സന്ദര്‍ശിച്ച ശേഷം കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോകവേ ബാത്റൂമില്‍ കയറിയ ഷൈജു നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും 35കാരനായ ഷൈജുവിന് ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ഭക്ഷണം കഴിക്കാന്‍ പോയ സമയം അതിക്രമിച്ചിട്ടും മടങ്ങി വരാതായതോടെ ഭാര്യ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. അഞ്ചു വയസ്സുള്ള മൂത്ത കുട്ടിയെ സ്‌കൂളില്‍ നിന്നും കൂട്ടിവരാന്‍ സമയം ആയതോടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഹോസ്പിറ്റല്‍ അധികൃതരുടെ സഹായം തേടുക ആയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാത്റൂമില്‍ കിടക്കുന്ന ഷൈജുവിനെ കണ്ടെത്തിയത്.

നഴ്‌സ് ആയി ഭാര്യയ്ക്ക് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ കുടുംബം രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയത്. പുതിയ കുടുംബം ആണെങ്കിലും പ്ലിമൗത്തിലെ മലയാളി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യം ആയിരുന്നു ഷൈജു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ ക്രമീകരണമാണ് ആലോചിക്കുന്നതെങ്കിലും നവജാത ശിശുവുമായി നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഷൈജുവിന്റെ ഭാര്യയ്ക്ക് കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading