ആവിഷ്കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസന്‍സല്ല: കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ജനാധിപത്യ സംവിധാനത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം വ്യക്തികളെയും സമൂഹങ്ങളെയും അവഹേളിക്കാനും ആക്ഷേപിക്കാനുമുള്ള ലൈസന്‍സായി ആരും കാണരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
വ്യക്തികളുടെ ആത്മാഭിമാനത്തെപ്പോലും ചവിട്ടിയരയ്ക്കുന്ന ഇത്തരം ദേശവിരുദ്ധ ശക്തികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുടപിടിക്കുന്നത് ധിക്കാരവും എതിര്‍ക്കപ്പെടേണ്ടതും ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കേണ്ടതുമാണ്. കത്തോലിക്കാസഭയിലെ സന്യസ്തസമൂഹത്തെ വികലമായി ചിത്രീകരിച്ച് ഉന്മൂലനം ചെയ്യാമെന്ന് സ്വപ്നം കാണുന്നവര്‍ പമ്പരവിഡ്ഢികളാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്ക്കെതിരേദേശവിരുദ്ധ തീവ്രവാദശക്തികള്‍ അഴിച്ചുവിടുന്ന അക്രമങ്ങളും അടിച്ചമര്‍ത്തലുകളും തുടരുമ്പോള്‍ കേരളത്തില്‍ ക്രൈസ്തവരെ ആക്ഷേപിക്കാനും അവഹേളിക്കാനും സഭാസംവിധാനങ്ങളിലേക്കും ക്രിസ്തീയ കുടുംബങ്ങളിലേക്കും നുഴഞ്ഞുകയറി ശിഥിലമാക്കാനും ക്രൈസ്തവ വിരുദ്ധര്‍ നടത്തുന്ന കുത്സിതശ്രമങ്ങളുടെ തുടര്‍ച്ചയാണ് സന്യസ്തര്ക്കെതിരേയുള്ള ആക്ഷേപങ്ങള്‍.
സമൂഹത്തില്‍ വ്യാപകമാകുന്നതും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതുമായ ആക്ഷേപ ആവിഷ്കാരങ്ങള്‍ക്കും അവഹേളനാ ദുഷ്ചിന്തകള്ക്കുമെതിരേ പൊതുമനസാക്ഷി ഉണര്ന്നുപ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.


- Advertisement -

Comments are closed.