റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷൻ ഫെബ്രുവരി 8 മുതൽ

കൊട്ടാരക്കര: ഭാരതത്തിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമവും കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനുമായ ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 8 മുതൽ 12 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 8 ബുധനാഴ്ച ശുഭ്രവസ്ത്രധാരികളായ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷ തുടർന്ന് 9 ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
ഫെബ്രുവരി 13 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, കൊട്ടാരക്കര സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ ജെ ഫിലിപ്പോസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

1920 കളുടെ തുടക്കത്തിൽ ശ്രീലങ്കയിൽ മലയാളിയായ പാസ്റ്റർ പോൾ സ്ഥാപിച്ച സഭ 1928 മുതൽ ഭാരതത്തിൽ സുവിശേഷ പ്രവർത്തനം ആരംഭിച്ചു. 1933 ൽ പാസ്റ്റർ പോളും സഹപ്രവർത്തകരും കൊട്ടാരക്കരയിൽ പാറോത്തിയാരുടെ (വില്ലേജ് ഓഫീസറുടെ) കെട്ടിടം വാടകയ്ക്ക് എടുത്തു കൺവൻഷൻ നടത്തി സഭയുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

News: Jerin Ottathengil

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.